'നാടോടിക്കാറ്റി'ന് ശ്രീനി ആദ്യം എഴുതിയ ക്ലൈമാക്സ് മറ്റൊന്നായിരുന്നു. ദാസനും, വിജയനും കൂടി ലോണെടുത്ത് ഒരു വണ്ടി വാങ്ങുന്നു. പക്ഷേ, അവർക്ക് തവണകൾ അടയ്ക്കാൻ സാധിക്കുന്നില്ല. ഗുണ്ടകൾ അവരെ പിടിയ്ക്കുന്നു. കശപിശയ്ക്കൊടുവിൽ എല്ലാവരും പോലീസ് സ്റ്റേഷനിലെത്തുന്നു. അവിടെ ഒരു മലയാളി ഇൻസ്പെക്ടർ (ആ വേഷം മമ്മൂട്ടി ചെയ്യും) അവരെ രക്ഷിക്കുന്നു. സത്യന് ഇത് ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ ശ്രീനിയുമായി ഒന്ന് ഉടക്കേണ്ടിയും വന്നു. പിന്നീടാണ് ശ്രീനി മാറിച്ചിന്തിച്ചതും ഇപ്പോഴത്തെ ക്ലൈമാക്സിൽ എത്തിയതും.
സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ സിനിമയായ 'കിന്നാരം' പറയുന്നത് മദിരാശിയിൽ ഒരു മുറി പങ്കിട്ടുജീവിക്കുന്ന 2 സുഹൃത്തുക്കളുടെ കഥയാണ്. അത് സത്യൻ സ്വന്തം ജീവിതത്തിൽ നിന്ന് പകർത്തിയതാണ്. കഷ്ടപ്പാടിന്റെ നാളുകളിൽ മദിരാശിയിൽ ഒപ്പമായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ മോമിയുമൊത്തുള്ള അനുഭവങ്ങളാണ് കിന്നാരത്തിലും സത്യൻ ചിത്രീകരിച്ചത്.
സിനിമാമോഹികളായ പുത്തൻ പണക്കാർ വെറും ഭ്രമത്തിന്റെ പേരിൽ സത്യൻ അന്തിക്കാടിന് അഡ്വാൻസ് കൊടുക്കുമ്പോൾ സത്യൻ വിളിക്കുന്നത് ഇന്നസെന്റിനെയാണ്, എങ്ങനെയെങ്കിലും ഇതിൽ നിന്ന് ഊരിത്തരാൻ. സത്യന്റെ നിർബന്ധം സഹിക്ക വയ്യാതെ ഇന്നസെന്റ് നിർമാതാവിനെ വിളിച്ചുപറയും, 'നിങ്ങൾക്ക് തലക്ക് വട്ടുണ്ടോ? ആ സത്യൻ വർഷത്തിൽ ഒരു പടം മാത്രം ചെയ്യുന്ന ഒരാളാണ്. അതും ഒരു നല്ല കഥ ഉണ്ടായാൽ മാത്രം. മാത്രമല്ല ഒരു വ്യത്യസ്തതയും ഉണ്ടാവുകയുമില്ല. അയാൾ 3 ആണ്മക്കളുടെ തന്തയുമാണ്. അവർ 4 പേരും കൂടി നിങ്ങളുടെ പൈസ പുട്ടടിച്ച് തീർക്കും. അതിനുമുമ്പ് അത് തിരിച്ചുമേടിച്ച് വല്ല നല്ല സംവിധായകനേയും ഏല്പിക്ക്' പിറ്റേന്നു തന്നെ നിർമ്മാതാവ് സത്യനെതേടി വരും, അഡ്വാൻസ് തിരികെ മേടിയ്ക്കാൻ.