'കുഞ്ഞനന്തന്റെ കട'യുടെ പ്രധാന ഇടമായ കവല മുഴുവൻ ഒന്നര മാസം കൊണ്ട് തയാറാക്കിയ സെറ്റ് ആണ്. ജ്യോതിഷ് ശങ്കർ എന്ന കലാസംവിധായകൻ ഏവരെയും ഞെട്ടിച്ച ഒരു വർക്കായിരുന്നു ഇത്. സിങ്ക് സൗണ്ട് ചെയ്യാനെത്തിയ റസൂൽ പൂക്കുട്ടി ഒരു കടയുടെ ചെറിയൊരു ഭാഗം പൊളിക്കാൻ ജ്യോതിഷിനോട് അനുവാദം ചോദിച്ചു. അത് യഥാർത്ഥ കടയെന്നാണ് പൂക്കുട്ടി കരുതിയത്.
വീടിന്റെ മുൻവശത്ത് നിറയെ ചക്കയുള്ള പ്ലാവ്. ഇതാണ് 'ആദാമിന്റെ മകൻ അബു'വിനു വേണ്ടി സലിം അഹമ്മദ് ആഗ്രഹിച്ചത്. അങ്ങനെയൊരു വീടും, പുരയിടവും കണ്ടെത്താൻ കലാസംവിധായകൻ ജ്യോതിഷ് പണിപ്പെട്ടു. ഒടുവിൽ ഒരു പുരയിടം കണ്ടെത്തി. പക്ഷേ, വീടിന് പിന്നിലാണ് പ്ലാവ്. അതിലാണെങ്കിൽ ചക്കയുമില്ല. ഒടുവിൽ പിന്നാമ്പുറത്ത് പൂമുഖത്തിന്റെ സെറ്റിട്ട്, പ്ലാവിൽ ആരും തിരിച്ചറിയാത്ത വിധം ചക്കകൾ കെട്ടിത്തൂക്കിയിട്ട് ഷൂട്ട് ചെയ്തു.
'യോദ്ധ'യുടെ തിരക്കഥയൊരുക്കാൻ സംഗീത് ശിവൻ ആദ്യം രഞ്ജിത്തിനെയും, തുടർന്ന് ടി. ദാമോദരനെയും സമീപിച്ചെങ്കിലും ഇരുവരും കൈയൊഴിഞ്ഞു. ഒടുവിൽ, തിരക്കഥാരചനയിൽ വലിയ പരിചയമില്ലാത്ത സംഗീത് ശിവൻ തന്നെ ഒരു കൈ നോക്കുകയും, തുടർന്ന് തിരക്കഥാകൃത്ത് ശശിധരൻ ആറാട്ടുവഴിയുടെ സഹായത്തോടെ പൂർത്തീകരിക്കുകയുമായിരുന്നു.
ഐ വി ശശിയുടെ 'ഇതാ ഇവിടെ വരെ' നിർമ്മിച്ചത് ഹരി പോത്തൻ ആയിരുന്നു. സിനിമയുടെ സെറ്റിൽ അടൂർ ഭാസി പൊതുവേ വൈകിയാണെത്തിയിരുന്നത്. അദ്ദേഹം ഉൾപ്പെടുന്ന കോംബിനേഷൻ സീനുകൾക്കായി ശശിയും, കൂട്ടരും വെയിറ്റ് ചെയ്യേണ്ടി വന്നു. രണ്ടാം ഷെഡ്യൂളിൽ ഭാസി ഇല്ലാത്ത ചില പുലർകാല രംഗങ്ങളെടുക്കാൻ ശശിയും സംഘവും ഉദയായിലെത്തുമ്പോൾ ഭാസി പുൽർച്ചെ അഞ്ചരയ്ക്ക് തന്നെ അവിടെ തയ്യാറായിരിക്കുന്നു, ഉദയ തന്നെ നിർമ്മിക്കുന്ന സിനിമയ്ക്കു വേണ്ടി. പൊതുവേ പൊളിഞ്ഞിരിക്കുകയായിരുന്ന ഹരി പോത്തന്റെ പടത്തിന് കാര്യമായ പ്രതിഫലം കിട്ടില്ലെന്ന് അറിയാമായിരുന്നതു കൊണ്ടാണത്രേ ഭാസി വകി വന്നിരുന്നത്.
'പുള്ളിപ്പുലികളി'ലെ പ്രണയഗാനം ചിത്രീകരിക്കുമ്പോൾ ചാക്കോച്ചനും, നമിതയും കിടന്ന സ്ഥലത്തിന് മുകളിൽ മരക്കൊമ്പിൽ പാമ്പുകളുള്ളത് കലാസംവിധായകൻ മോഹൻദാസ് സംവിധായകൻ ലാൽജോസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തൽക്കാലം മിണ്ടേണ്ട എന്ന് പറഞ്ഞ് ലാൽജോസ് ഷൂട്ട് തുടർന്നു. രംഗം ചിത്രീകരിച്ചു കഴിഞ്ഞാണ് ഇരുവരെയും വിളിച്ച് പാമ്പുകളെ കാണിച്ചത്. തലയ്ക്ക് മുകളിൽ തൂങ്ങിക്കിടന്ന പാമ്പുകളെ കണ്ട് 2 പേരും ബോധം കെട്ടില്ലെന്നേയുള്ളു.
ഗാനരചയിതാവ് ബീയാർ പ്രസാദ് തന്റെ പേരിലെ 'ബീയാർ' വന്നതിനെപ്പറ്റി പറയുന്നു. ബി. രാജേന്ദ്രപ്രസാദ് എന്നായിരുന്നു യഥാർത്ഥ പേര്. ചെറുപ്പത്തിൽ കഥയെഴുത്തിലായിരുന്നു കമ്പം. പക്ഷേ, അതേ പേരിൽ ഒരു ഹരിപ്പാട്ടുകാരൻ കഥകൾ എഴുതുന്നുണ്ടായിരുന്നു. അതുകൊണ്ട് ബി. ആർ. പ്രസാദ് എന്നാക്കി പേര്. നോക്കിയപ്പോൾ ആ പേരിലുമുണ്ട് ഒരു കഥാകൃത്ത്. അങ്ങനെ ബിയും, ആറും ചേർത്ത് ബീയാർ എന്നാക്കി.
'മധുരനൊമ്പരക്കാറ്റി'ന്റെ ലൊക്കേഷൻ കാസറഗോഡ് ആയിരുന്നു. ശക്തമായി കാറ്റ് വീശിയടിക്കുന്ന ഗ്രാമമാണ് കഥയിലുള്ളത്. ആ പ്രദേശത്ത് പക്ഷേ മരങ്ങൾ വളരെ കുറവായിരുന്നു. ഒടുവിൽ വിഷ്വലായി കാറ്റ് ഫീൽ ചെയ്യിക്കാൻ വേണ്ടി ലോറിക്കണക്കിന് അറക്കപ്പൊടിയും, കരിയിലയും ഇറക്കുകയായിരുന്നു.
'പത്രം' സിനിമയിൽ ബിജു മേനോൻ ചെയ്ത പോലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ, അതിനു ശേഷം തുടർച്ചയായി അതേ മട്ടിലുള്ള പോലീസ് വേഷങ്ങൾ ചെയ്യേണ്ടി വരികയും, അതൊരു ബാധ്യതയായിത്തീരുകയും ചെയ്തു. ഇതിന് ഒരവസാനം വേണമെന്ന ചിന്തയിലാണ് ബിജു പിന്നീട് താടി വളർത്താൻ തുടങ്ങിയത്.