സംഗീതസംവിധായകന് വിദ്യാസാഗറിന് മലയാളത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയ വാക്ക് 'രജനി' ആയിരുന്നു. അദ്ദേഹത്തിന് പരിചയമുള്ള ഒരേയൊരു രജനി, നടൻ രജനീകാന്ത് ആണ്. ഒടുവിൽ ലാൽജോസിനോട് ചോദിച്ചാണ് രജനി എന്നത് രാത്രി ആണെന്ന് മനസ്സിലാക്കിയത്.
'അറബിക്കഥ'യിലെ ചൈനീസ് യുവതിയെ തെരഞ്ഞെടുക്കാനുള്ള സ്ക്രീനിങ്ങിന് ലാൽജോസിനെയും സംഘത്തെയും സഹായിക്കാൻ വേണ്ടിയായിരുന്നു യഥാർത്ഥത്തിൽ ചാങ് ഷൂമിൻ എത്തിയത്. പതിനഞ്ചോളം ചൈനീസ് പെൺകുട്ടികൾ അഭിനയിക്കാനെത്തി. പലരും എന്തെന്നറിയാതെ അന്തം വിട്ടു നിന്നപ്പോൾ ഷൂമിൻ തന്റേതായ ശൈലിയിൽ അവരെ അത് കാണിച്ചുകൊടുത്തു. അതുകണ്ടപ്പോൾ ലാൽജോസിന് തോന്നി, എന്തുകൊണ്ട് ഷൂമിനെത്തന്നെ നായികയാക്കിക്കൂടാ. അങ്ങനെയാണ് ചാങ്ഷൂമിൻ അറബിക്കഥയിലെത്തുന്നത്.
ആദ്യസിനിമയായ 'അപരന്റെ' ഷൂട്ട് തുടങ്ങുന്നതിന് തലേന്നാണ് ജയറാം ആദ്യമായി പാർവതിയെ കാണുന്നത്. അന്ന് പാർവതി അറിയപ്പെടുന്ന താരമാണ്. ജയറാമിന്റെ മിമിക്രി കണ്ട് ഇഷ്ടപ്പെട്ട പാർവതി പുതുമുഖനായകനെ കാണണമെന്ന് പറഞ്ഞപ്പോൾ ജയറാം ചെന്ന് കാണുകയായിരുന്നു. പരിചയപ്പെട്ട ശേഷം പാർവതി ഇരിക്കാൻ പറഞ്ഞെങ്കിലും ''വേണ്ട മാഡം, ഞാനിവിടെ നിന്നുകൊള്ളാം'' എന്ന് പറഞ്ഞ് ഒരു മണിക്കൂറോളം നിന്ന് സംസാരിക്കുകയായിരുന്നു ജയറാം. അതായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ച.
നടി സീമയെ ആദ്യമായി ക്യാമറയ്ക്ക് മുമ്പിലെത്തിച്ച് 'നിഴലേ നീ സാക്ഷി' എന്ന പേരിൽ മൊയ്തീൻ (കാഞ്ചനമാലയുടെ മൊയ്തീൻ തന്നെ) ഒരു സിനിമ നിർമ്മിച്ചിരുന്നു. ആ സിനിമ പക്ഷേ വെളിച്ചം കണ്ടില്ല.
*മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ എഡിറ്റിങ് തുടങ്ങിയത് രഞ്ജൻ ഏബ്രഹാം ആണ്. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയിലൂടെ. *ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി ഒരു സംവിധായകൻ അമേരിക്കയിൽ സിനിമ ചിത്രീകരിച്ചത് മലയാളസിനിമ ആയിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത 'ഏഴാം കടലിനക്കരെ'.
'ഏഴാം കടലിനക്കരെ' ആലപ്പി ഷെരീഫിന്റെ തിരക്കഥ ആണെങ്കിലും സിനിമയുടെ ടൈറ്റിലിൽ തിരക്കഥാകൃത്തിന്റെ പേരില്ല. അതിന് കാരണം ഷെരീഫ് പറയുന്നു. ചിത്രത്തിന്റെ സംഗീതം ദേവരാജനായിരുന്നു. Bilingual ആയതിനാൽ തമിഴിൽ എം എസ് വിശ്വനാഥനും. എന്നാൽ സംഗീതസംവിധാനം ചെയ്തുകഴിഞ്ഞപ്പോൾ ഒട്ടേറെ സിനിമകളിൽ ശശിക്ക് അവസരം നേടിക്കൊടുത്ത ദേവരാജന്റെ മെലഡി സിനിമയ്ക്ക് പോരെന്ന കണ്ടെത്തലായിരുന്നു ശശി നടത്തിയത്. സിനിമയിൽ നിന്ന് ദേവരാജനെ ഒഴിവാക്കി. ഇതറിഞ്ഞ ഷെരീഫ് തന്റെ പേര് സിനിമയിൽ ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു.