സ്വന്തം കുടുംബത്തെ നോക്കാത്തവന് എങ്ങിനെ നാടു നോക്കുമെന്ന് മുകേഷിന്റെ ആദ്യ ഭാര്യ Posted On: 5/15/2016 9:59:55 PM   ദുബൈ: നടനും കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് ആദ്യ ഭാര്യ സരിത. സ്വന്തം കുടുംബം പോലും നോക്കാന്‍ കഴിയാത്ത ആള് എങ്ങിനെയാണ് നാട് നോക്കുക. സ്ത്രീകളോട് പുച്ഛം കാണിക്കുന്ന മുകേഷ് ഇപ്പോള്‍ നാടു നീളെ സ്ത്രീകളുടെ വോട്ട് ചോദിച്ച് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുകേഷില്‍ നിന്ന് തനിക്ക് നിയമപരമായി വിവാഹമോചനം ലഭിച്ചിട്ടില്ല. പിന്നെ എങ്ങിനെയാണ് തെരഞ്ഞെടുപ്പ് സ്ത്യവാങ് മൂലത്തില്‍ തന്റെ പേര് ഒഴിവാക്കുക. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പോലും പച്ചക്കള്ളമെഴുതിയാണ് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മുകേഷ് പലപ്പോഴും അടിക്കാറുണ്ടായിരുന്നെന്നും തന്നെ കഴുത്തിന് പിടിച്ച് ഞെരുക്കിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. മുകേഷിന്റെ അച്ഛന് ഇത് അറിയാം. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് ഇത്രയും നാള് മിണ്ടാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ മുകേഷ് ശ്രമിച്ചു. കുടുംബത്തിന്റെ മാനമോര്ത്താണ് ഇത്രയും നാള് മൗനം പാലിച്ചത്. അത് തെറ്റായെന്ന് ഇപ്പോള്‍ തോന്നുന്നു. എന്നാല്‍ മക്കളുടെ പേരു പോലും തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞപ്പോഴാണ് പ്രതികരിച്ചത്. ഏതൊരു അമ്മയെയും വിഷമിപ്പിക്കുന്ന കാര്യമാണിത്. ഇപ്പോള്‍, തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമാരെ കെട്ടിപിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ്, ചതിയനും വഞ്ചകനുമാണെന്ന് ജനം തിരിച്ചറിയുമെന്നും സരിത ദുബൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന് എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചില്ല. പലപ്പോഴും ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നു. ഇതൊന്നും കാണാതിരിക്കാനാണ് കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിച്ചത്. മദ്യപാനിയായിരുന്ന മുകേഷ് അന്യ സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ കുടുംബമായി താമസിക്കുന്നവരായതിനാല്‍ പേരുകള്‍ ഇനി പറയുന്നില്ലെന്നും സരിത പറഞ്ഞു. മുകേഷ് പുതിയതായി വിവാഹം കഴിച്ചത് താന്‍ ടെലിവിഷന്‍ വഴിയാണ് അറിഞ്ഞത്. ഇപ്പോഴും തന്റെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷ് ആണ്. പല സ്വത്തുക്കളും ഇരുവരുടെയും പേരിലാണ്. നിയമ രംഗത്തും പോലീസിലുമുള്ള സ്വാധീനം ഉപയോഗിച്ച് തനിക്കെതിരായ വാര്‍ത്തകള്‍ മുകേഷ് തടയുന്നതായും അവര്‍ ആരോപിച്ചു.