VS Achuthanandan ഈ ജനകീയ അംഗീകാരം വിനയത്തോടെ ഏറ്റുവാങ്ങുന്നു; ജനകീയ പങ്കാളിത്തത്തോടെ എൽ.ഡി.എഫ്. മുന്നോട്ട്............... ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ജനപക്ഷ രാഷ്ട്രീയമാണ് എൽ.ഡി.എഫ്. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുമ്പിൽ അവതരപ്പിച്ചത്. അതിന് വമ്പിച്ച അംഗീകാരമാണ് ജനങ്ങൾ നല്കിയിരിക്കുന്നത്. ജനങ്ങളോട് എൽ.ഡി.എഫ് - ന് നിസ്സീമമായ നന്ദിയുണ്ട്. വിനയത്തോടെ ജനങ്ങൾ ഞങ്ങളിലേൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ ആയിരിക്കും എൽ.ഡി.എഫ്. ഞങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ പോകുന്നത്. തീർത്തും അഴിമതി വിമുക്തവും സുതാര്യവുമായ ഒരു ഭരണം എൽ.ഡി.എഫ്.ൽ നിന്ന് ജനങ്ങൾക്ക് പ്രതീക്ഷിക്കാം. നമ്മുടെ നാടിന്റെ പൈതൃകവും സംസ്ക്കാരവും വിഭവങ്ങളും കാത്ത് സൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും എന്ന് ഞങ്ങൾ ഉറപ്പ് നല്കുന്നു. കഴിഞ്ഞ യു.ഡി.എഫ്. ഗവന്മെന്റിന്റെ കാലത്ത് ഇവിടെ നടമാടിയ ജനവിരുദ്ധ സമീപനങ്ങളെ ആകെ തിരുത്തിക്കുറിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിലും ഗ്രാമസഭ മുതൽ ജനവികാരം ഉൾകൊള്ളാനുള്ള എല്ലാ വേദികളും ഞങ്ങൾ കടമയെന്ന നിലയിൽ പ്രയോജനപ്പെടുത്തും. കേരളത്തിന് മാത്രമായി അവകാശപ്പെടാവുന്ന അനേകം നേട്ടങ്ങൾ ഉണ്ട്. അവ കാത്ത് സൂക്ഷിക്കും. ഒപ്പം നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നാം നേരിടുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനം കേരളത്തിനാകെയും പ്രത്യേകിച്ച് യുവജനങ്ങൾക്കും ഐശ്വര്യപൂർണമായ ഒരു ഭാവി ഉറപ്പാക്കാണം എന്നതാണ്. അത് വിഭാവനം ചെയ്യുന്ന ഒരു പ്രകടനപത്രികയാണ് എൽ ഡി.എഫ് -ന് ഉള്ളത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സർക്കാരും മറ്റ് പ്രതിലോമ രാഷ്ട്രീയ ശക്തികളും പല വിഘാതങ്ങളും ഞങ്ങൾക്കെതിരെ സൃഷ്ടിക്കും എന്ന് അറിയാം. അവയും ജനപങ്കാളിത്തത്തോടെ ഫലപ്രദമായി ഞങ്ങൾ നേരിടും. കേരളത്തിലെ ജനങ്ങൾക്കും ഈ മുന്നേറ്റത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച എൽ.ഡി.എഫ് - ന്റെ എല്ലാ പ്രവർത്തകർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും നന്ദി പ്രകാശിപ്പിക്കുന്നു. അഭിവാദ്യങ്ങൾ!