വെള്ളിത്തിരയില്‍ അഗ്നിനിലാവ് പരത്തിയ ഒരു ധിക്കാരി...!!! മലയാളത്തിലെ അനശ്വര നടന് സത്യന്റെ നാല്‍പ്പത്തിയഞ്ചാം ചരമവാര്‍ഷിക൦ ഇക്കഴിഞ്ഞ ജൂണ്‍ 15ന് ആരാലും ഓര്‍ക്കപ്പെടാതെ കടന്നുപോയി. സിനിമാലോകം അങ്ങനെയാണ്...അത് ആരെയും മാനിക്കാറില്ല, ഓര്‍മ്മിക്കാറില്ല....ഒച്ഛാനിച്ചു നില്‍ക്കുന്നവരെ മാത്രം ഗൗനിക്കുന്നു.... സത്യനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടി ഷീല ഈയിടെ പറയുകയുണ്ടായി - "അഭിനയത്തില്‍ സത്യനോട് മാത്രമേ ഞാന്‍ മത്സരിച്ചിട്ടുള്ളു"വെന്ന്. ശരിയാണ് "ഒരു പെണ്ണിന്റെ കഥ"യിലും, "അനുഭവങ്ങള്‍ പാളിച്ചകളി"ലും, ആ മത്സരം പ്രേക്ഷകരെ വിസ്മയത്തുമ്പില്‍ നിര്‍ത്തിയിട്ടുള്ളതാണ്. "ഒരു പെണ്ണിന്റെ കഥ"യില്‍ മാധവന് തമ്പിയോട് കയര്‍ത്തുകൊണ്ടും, വെല്ലുവിളിച്ചുകൊണ്ടും ഷീല പടിയിറങ്ങി പോരുമ്പോള്‍ "നീ പോടീ പെണ്ണെ" എന്ന് സ്ക്രിപ്റ്റിലില്ലാത്ത ഡായലോഗ് പറഞ്ഞ് സത്യന് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു. അതാണ് മാനുവല്‍ സത്യനേശന് നാടാര്‍ എന്ന സത്യന് മാഷ്. 1912 നവംബര്‍ 9 ന് തിരുവനന്തപുരം ജില്ലയിലെ തൃക്കന്നാപുരത്തിനടുത്ത് കുന്നിപ്പുഴയില്‍ ജനനം. "ആത്മസഖി" മുതല്‍ "ഇങ്കിലാബ് സിന്ദാബാദ്" വരെയുള്ള 144 ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു നടന് എന്നതിനുപരി ഒരു കാലഘട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു സത്യന്. അഭിനയ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സത്യസന്ധമായ അഭിപ്രായം ഇങ്ങനെയാണ്. "അനാവിശ്യമായ അഭിനയം ഒരിക്കലും പാടില്ല. നിത്യജീവിതത്തില്‍ കാണുന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ സിനിമയില്‍ കാണിക്കേണ്ടതില്ല. കഴിയുന്നതും ചെറിയ ചലനങ്ങളിലൂടെ വലിയ ഭാവങ്ങള്‍ വ്യജ്ഞിപ്പിക്കാനാണ് ഒരു അഭിനേതാവ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും പ്രധാനപെട്ട കാര്യം നടന് കോമണ്‍സെന്‍സ് ഉണ്ടായിരിക്കനമെന്നതാണ്. ദൈനംദിന ജീവിതങ്ങള്‍ നിരീക്ഷിച്ചറിയണം. തന്റെ സ്വന്തം സാമാന്യബുദ്ധി ഉപയോഗിച്ച് യഥാതഥമായ നിലയില്‍ അവയെ ക്യാമറക്ക് മുമ്പില്‍ അവതരിപ്പിക്കുകയും വേണം". ഈ ഉപദേശം അദ്ദേഹം സിനിമാജീവിതത്തില്‍ പകര്‍ത്തി കാണിക്കുക മാത്രമല്ല തന്റെ കൂടെ അഭിനയിക്കുന്നവരിലേക്കും സംക്രമിപ്പിച്ചു. അതിന്റെ തെളിവാണ് നീലക്കുയിലിലെ ശ്രീധരന് നായര്‍, മുടിയനായ പുത്രനിലെ രാജന്, ഓടയില്‍നിന്നിലെ പപ്പു, കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണി, ചെമ്മീനിലെ പളനി, അശ്വമേധത്തിലെ ഡോ. തോമസ്, യക്ഷിയിലെ പ്രൊ. ശ്രീനി, കടല്‍പ്പാലത്തിലെ ഇരട്ടവേഷങ്ങള്‍, വാഴ് വേ മായത്തിലെ സുധി, ഒരു പെണ്ണിന്റെ കഥയിലെ മാധവന് തമ്പി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന് തുടങ്ങിയ കഥാപാത്രങ്ങള്‍. കാഴ്ച്ചയില്‍ പരുക്കനായ ആ കുറിയ മനുഷ്യന്റെ ശരീരത്തിലേക്കും, മനസ്സിലേക്കും ആ കഥാപാത്രങ്ങള്‍ പകര്ന്നാട്ട൦ നടത്തിയതു കണ്ട് പ്രേക്ഷകര്‍ അത്ഭുതപെട്ടു. അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനെന്ന തൊഴിലാളി നേതാവിന്റെ ശരീരഭാഷ കണ്ട് മനസ്സ് നിറഞ്ഞ പ്രസിദ്ധ ഹിന്ദി സിനിമ സംവിധായകന് ഉല്പത്ത് ദത്ത് എഴുതിയത് ഇങ്ങനെയായിരുന്നു. "എനിക്ക് ഒരു നടന്റെ മുഖം കാണാന്‍ കഴിഞ്ഞു. നിങ്ങളൊരു സംവിധായകനാണെങ്കില്‍ നിശ്ചയമായും അങ്ങനെയൊന്ന് കാണാന്‍ കൊതിക്കുമല്ലോ. ചായം തേച്ച് മൃതമായ മുഖംമൂടികളുടെ അഭിനയം കണ്ട് നിങ്ങള്‍ പരിക്ഷീണിതനാകുമ്പോള് കെ.എസ്. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകളിലെ സത്യന്റെ ഉജ്ജ്വലാഭിനയം കാണുക. നിങ്ങള്‍ക്ക് ആ അനുഗ്രഹീത നടനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. നിരന്തരമായ പീഡനങ്ങളേറ്റ് കൂടുതല്‍ വിവേകശാലിയായി തീര്‍ന്ന ഒരു ഇന്ത്യന്‍ തൊഴിലാളിയുടെ സര്‍വഭാവങ്ങളും ഉള്‍ക്കൊണ്ട ഒരു പ്രതിനിധിയായിട്ടാണ് സത്യന് അതില്‍ പ്രത്യക്ഷപ്പെടുന്നത്" ഒരു നടന് കിട്ടാവുന്ന ഇതിലും വലിയൊരു അഭിനന്ദനം മറ്റെന്താണുള്ളത്..? സത്യന് ഓരോ കഥാപാത്രങ്ങളുമായി രൂപാന്തരം പ്രാപിക്കുന്നതെന്നു നോക്കൂ...ഓടയില്‍ നിന്ന് എന്നതിലെ പപ്പു കാലുകൊണ്ട് പൊക്കിയാണ് റിക്ഷ കൈയിലെടുക്കുന്നതെങ്കില്, കരകാണാക്കടലിലെ തോമ ചുമലിലെ തോര്‍ത്ത് പലവിധത്തില്‍ മാറിമാറിപിടിക്കുന്നു. കൈകള്‍ വിടര്‍ത്തി കാലുകളകറ്റി കമിഴ്ന്നാണ് പളനി ചെമ്മീനില്‍ കിടക്കുന്നത്. ഇതെല്ലാം ഓരോരോ അഭിനയ ഭാഷകളാകുന്നു. നിത്യജീവിതത്തില്‍ നമ്മള് കണ്ടുമുട്ടുന്ന കഥാപാത്രങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ശരീരഭാഷകള്‍. അതിനൊന്നും ഡയലോഗിന്റെ ആവിശ്യം വരുന്നില്ല. വിനയത്തിന്റെ ഭാഷ, ധിക്കാരത്തിന്റെ ഭാഷ, ക്രോധത്തിന്റെ ഭാഷ, ധാര്‍ഷ്ട്യത്തിന്റെ ഭാഷ ...അങ്ങനെയങ്ങനെ ഓരോ ചലനങ്ങളും ഓരോ തര൦ അനുഭൂതികള്‍ പ്രേക്ഷകരില്‍ നിറയ്ക്കുന്നു. കരകാണാക്കടലില്‍ ജോയിച്ചന്‍ മുതലാളി നല്കുന്ന പണം വാങ്ങിച്ച്, അയാള്‍ പകര്‍ന്നു കൊടുക്കുന്ന മദ്യം കഴിച്ച് "കൊച്ചു മുതലാളി എന്റെ ദൈവമാണ്" എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ട് അറച്ചറച്ച് ബീഡി കത്തിച്ചു വലിക്കുന്ന ആ അനശ്വര മുഹൂര്‍ത്തം പോലെയൊന്ന് ഇന്ത്യന്‍ സിനിമയിലെന്നല്ല ലോകസിനിമയിലും കാണുക വിരളമായിരിക്കും. മികച്ചൊരു വായനക്കാരനായിരുന്നു സത്യന് എന്നതിന്റെ ഗുണമാണ് അതൊക്കെ. കെ. സ് സേതുമാധവനാണ് സത്യന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവന്ന സംവിധായകന്. മഞ്ഞിലാസിന്റെ ഉടമ എം.ഒ. ജോസഫ് മാത്രമാണ് സത്യന് കരാറുപ്രകാരം തുക മുഴുവന്‍ കൊടുത്തിട്ടുള്ള ഒരേ ഒരാളെന്ന് സത്യന്റെ മകന് ജീവന് ഒരിക്കല്‍ പറയുകയുണ്ടായി. പലരും ആ അനശ്വര പ്രതിഭയെ വിറ്റ് കാശാക്കി മുങ്ങുകയായിരുന്നത്രേ...!!! അഭിനയം ഉദാത്തതയെ സ്പര്‍ശിക്കുമ്പോഴാണ് മഹത്തരമാകുന്നതെന്ന് അഭിനയകലാകാരന്മാരെ പഠിപ്പിച്ച ആ കുലപതിക്ക് എന്റെ പ്രണാമം....