യോദ്ധക്കു 25 വർഷത്തെ തിളക്കം 1992,സെപ്തംബർ 3 നു കേരളത്തിലെ 27 തീയറ്ററുകളിൽ പ്രദർശനത്തിനു എത്തിയ മലയാളത്തിന്റെ അഭിമാന ചിത്രമായ യോദ്ധ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വർഷങ്ങൾ പിന്നിടുന്നു.......കാലത്തിന്റെ പ്രയാണത്തിൽ പല ഹിറ്റ് സിനിമകളും വിസ്‌മൃതിയിൽ വീഴുമ്പോൾ, യോദ്ധയുടെ തിളക്കം കൂട്ടിയിട്ടേയുള്ളൂ......ഇന്നും ആബാല വൃദ്ധം ജനങ്ങൾ ഈ തകർപ്പൻ ചലച്ചിത്രാനുഭവത്തെ മനസ്സിലിട്ടു തലോലിക്കുന്നു.....ഒപ്പം, ന്യൂ ജനറേഷൻ പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നു.... യോദ്ധ വേറെ ലെവൽ ആണ്.... ഫാന്റസിയും,ആക്‌ഷനും,ഹ്യൂമറും,പ്രണയവും സമാസമം വിളക്കി ചേർത്ത യോദ്ധ എന്ന കരുത്തുറ്റ സിനിമക്കു പകരം വെക്കാൻ 25 വർഷത്തിന് ശേഷവും മലയാളത്തിൽ വേറൊരു പടമില്ല എന്നതാണ് യാഥാർഥ്യം യോദ്ധയെ വേറെ ലെവൽ ആക്കിയവർ ഇന്ത്യൻ സിനിമയിലെ ചിര വിസ്മയങ്ങളായ പ്രതിഭാ ശാലികളുടെ സ്വപ്ന സംഗമം എന്ന് യോദ്ധയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല..... മോഹൻലാൽ,ജഗതി ശ്രീകുമാർ,ഉർവശി, എ ആർ റഹ്മാൻ, സന്തോഷ് ശിവൻ, ശ്രീകർ പ്രസാദ്, യേശുദാസ്, എംജി ശ്രീകുമാർ, ചിത്ര തുടങ്ങിയ അതാതു മണ്ഡലങ്ങളിലെ ഏറ്റവും മികച്ച ടീം ആണ് യോദ്ധയിൽ അവരുടെ കയ്യൊപ്പു ചാർത്തിയിരിക്കുന്നത്. ഇവരിൽ ഓരോരുത്തരുടെയും സംഭാവനകൾ എടുത്തു പറഞ്ഞാൽ പേജുകൾ കവിയും എന്നത് കൊണ്ട് അതിനു മുതിരുന്നില്ല. എങ്കിലും ചില പേരുകൾ പറയാതെ വയ്യ. സംഗീത് ശിവൻ ഒരു തവണ പോലും കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ള The Golden Child എന്ന ഹോളിവുഡ് സിനിമയുടെ അടിസ്‌ഥാന പ്രമേയത്തിൽ നിന്നും എത്ര കണ്ടാലും മടുക്കാത്ത യോദ്ധ എന്ന കലാ സൃഷ്‌ടി വിരിയിച്ചെടുത്ത സംഗീത് ശിവൻ എന്ന ഫിലിം മേക്കരുടെ ക്രാഫ്റ്റ് തന്നെയാണ് ആദ്യം എടുത്തു പറയേണ്ടത്. ടെക്നിക്കൽ പെർഫെക്ഷന്റെ കാര്യത്തിൽ അക്കാലത്തെ ഇന്ത്യൻ സിനിമയിലെ മികച്ച സിനിമകളോട് കിട പിടിക്കുന്ന രീതിയിൽ ആണ് സംഗീത് ശിവൻ യോദ്ധ ഒരുക്കിയത്. മലയാളത്തിൽ ഏതൊരു ഫിലിം മേക്കറും പരീക്ഷിക്കാൻ മടിക്കുന്ന പ്രമേയമാണ് യോദ്ധയുടേത്. നേപ്പാൾ പശ്ചാത്തലമായ ഒരു പക്കാ extotic ആക്ഷൻ ത്രില്ലർ മലയാളിത്തം നഷ്ടപ്പെടാതെ ഹാസ്യത്തിന്റെയും, മറ്റു ചേരുവകളുടെയും അകമ്പടിയോടെ സമർത്ഥമായി പറയാൻ സാധിച്ചിടത്താണ് ഈ സിനിമയുടെ വിജയ രഹസ്യം. യോദ്ധായെ ലക്ഷണമൊത്ത കൊമേർഷ്യൽ സിനിമായാക്കി മാറ്റുന്നതും ഇതു തന്നെ. ശശിധരൻ ആറാട്ടുവഴി ഹിമവാന്റെ താഴ്‌വരയിൽ നന്മയും, തിന്മയും തമ്മിലുള്ള സംഘർഷങ്ങളും, നാട്ടിൻ പുറത്തു അരങ്ങേറുന്ന തൈ പറമ്പിൽ അശോകനും, അരശും മൂട്ടിൽ അപ്പുകുട്ടനും തമ്മിലുള്ള കാണ്ഡം, കാണ്ഡമായിട്ടുള്ള മത്സരങ്ങളും ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതൽ അവസാന ഫ്രെയിം വരെ അതി മനോഹരമായി ബ്ലെൻഡ് ചെയ്ത ശശിധരൻ ആറാട്ടു വഴി എന്ന underrated തിരക്കഥാകൃത് പ്രത്യേക പരാമർശം അർഹിക്കുന്നു. മോഹൻലാൽ മലയാള സിനിമയിൽ വിനോദത്തിന്റെ (entertainmant) അവസാന വാക്കാണ് മോഹൻലാൽ. ഹ്യൂമർ ആയാലും, റൊമാൻസ് ആയാലും, നൃത്തമായാലും, മാസ്സ് ആയാലും, ആക്ഷൻ ആയാലും, സൂപ്പർ ഹീറോ ആയാലും തന്റെ സ്വത സിദ്ധമായ അഭിനയം കൊണ്ട് ആസ്വാദകർക്കു 100 ശതമാനം സംതൃപ്തി നൽകുന്ന മോഹൻലാലിന്റെ ഫ്ലെക്സിബിളിറ്റിയുടെ മറ്റൊരു ദൃഷ്ടാന്തമാണ് യോദ്ധയിലെ അശോകൻ. ലാൽ എന്ന താരത്തിന്റെ എല്ലാ കച്ചവട സാധ്യതകളും ഒരൊറ്റ ചിത്രത്തിലേക്ക് ആവഹിക്കുവാൻ സാധിച്ചിടത്താണ് യോദ്ധയുടെ മാജിക്. ഇത് പോലെ ലാലിന്റെ വ്യാപാര സാദ്ധ്യതകൾ ചൂഷണം ചെയ്ത സിനിമകൾ വളരെ വിരളമാണ്. തനി നാടൻ അശോ കനായും, റിമ്പോച്ചയുടെ അക്കോസേട്ടനായും, റിമ്പോച്ചയുടെ രക്ഷകനായും ലാൽ perfect ആണ്. ഇന്നത്തെ നായകന്മാർ ജാക്കറ്റും, കൂളിംഗ് ഗ്ലാസും ഇട്ടും, മീശ പിരിച്ചും മാസ്സാകുമ്പോൾ റിമ്പോച്ചയെ രക്ഷിക്കാൻ അശോകൻ ചെയ്യുന്നതെല്ലാം മാസ് ആണ്. ഗുഹക്കുള്ളിൽ വെച്ച് ഗംഭീരമായി ചിത്രീകരിച്ച ഫൈറ്റ് മലയാളത്തിലെ മികച്ച ആക്ഷൻ രംഗങ്ങളിൽ ഒന്നായി ഇന്നും തുടരുന്നു. ജഗതി ശ്രീകുമാർ കിലുക്കത്തിൽ ബാക്കി വെച്ചത് ജഗതി യോദ്ധയിൽ നൽകുന്നു.(കിലുക്കം റിലീസ് ആയതും മറ്റൊരു ഓണ കാലത്താണ് എന്നതും രസകരമായ ഒരു യാദൃശ്ചികത യാണ്)മോഹൻ ലാലുമായുള്ള കോമ്പിനേഷൻ സീനുകളിൽ ഉരുത്തിരിയുന്ന ചിരിയുടെ രസതന്ത്രത്തെകുറിച്ച് പല ഇന്റർവ്യൂകളിലും ജഗതി വാചാലനായിട്ടുണ്ട്. യോദ്ധയിലെ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ കണ്ട മലയാളിക്കും മറിച്ചൊരു അഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. ചിരിയുടെ ഓർമ ചെപ്പിലേക്കു മലയാളിക്ക് എന്നെന്നും ഓർമ്മിക്കാൻ ചിരിയുടെ തമ്പുരാൻ ജീവൻ നൽകിയ മറ്റൊരു അനശ്വര കഥാപാത്രണമാണ് അരശും മൂട്ടിൽ അപ്പുക്കുട്ടൻ. ഈ ഫോറസ്റ്റ് മുഴുവൻ കാടണല്ലോ എന്ന് പരാതിപറഞ്ഞ അപ്പുകുട്ടനെ അത്ര പെട്ടൊന്നൊന്നും നമുക്ക് മറക്കാൻ കഴിയില്ല. എ ആറിന്റെ ഇന്ദ്രജാലം റഹ്മാൻ ഒരുക്കിയ ഗാനത്തിന്റെ റ്റൂണുകളും, പശ്ചാത്തല സംഗീതവുമാണ് യോദ്ധയെ വേറെ ലെവൽ ആക്കുന്ന മറ്റൊരു ഘടകം. ഹാസ്യ രംഗങ്ങളിലും, സംഘർഷ രംങ്ങളിലും ഉയർന്നു വരുന്ന റഹ്മാൻ സംഗീതത്തിന്റെ പുതുമയ്ക്കും, ഗാംഭീര്യത്തിനും 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടും ഇടിവ് സംഭവിച്ചിട്ടില്ല. യോദ്ധക്കു ലഭിച്ച നേടിയ സംസ്ഥാന അവാർഡുകൾ മികച്ച ബാല താരം (മാസ്റ്റർ സിദ്ധാർത്ഥ) മികച്ച എഡിറ്റിങ് (ശ്രീകർ പ്രസാദ്) മികച്ച സൗണ്ട് റിക്കാർഡിങ് (ബോസ്) മികച്ച സിനിമറ്റൊഗ്രാഫി (സന്തോഷ് ശിവൻ) യോദ്ധയുടെ ബോക്സ് ഓഫീസ് പ്രകടനം 1992 ലെ ഓണക്കാലതു, മലയാള സിനിമയിലെ മഹാരഥന്മാരായ ഫാസിലിന്റെയും, പ്രിയദര്ശന്റെയും, സിബി മലയിലിന്റെയും പപ്പയുടെ സ്വന്തം അപ്പൂസ്, അദ്വ്‌യിതം, വളയം എന്നീ സിനിമകളുടെ കടുത്ത മത്സരം നേരിട്ടാണ് യോദ്ധ മുന്നേറിയത്. അതി ഗംഭീര ഇനിഷ്യൽ കളക്ഷനോടെ പ്രദർശനം തുടങ്ങിയ യോദ്ധ റിലീസ് ചെയ്‌ത 27 സെന്ററിലും സിൽവർ ജൂബിലി പിന്നിട്ടു. പുതുമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ അംഗീകാരത്തോടെ 10 സെന്ററിൽ 50 ദിവസവും, 2 സെന്ററുകളിൽ 75 ദിവസവും പ്രദർശിപ്പിച്ചു. 67 ലക്ഷം രൂപ ചിലവ് വന്ന യോദ്ധ ഒന്നര കോടിയിലധികം ഗ്രോസ് കളക്ഷൻ നേടി റിലീസ് കേന്ദ്രങ്ങളിൽ നിന്നു തന്നെ മുടക്ക് മുതൽ തിരിച്ചു പിടിച്ചു ആ വർഷത്തെ പണം വാരിപടങ്ങളുടെ ലിസ്റ്റിൽ സ്ഥാനം നേടി. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലേക്ക് വൻ തുകയ്ക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട യോദ്ധ മറ്റു ഭാഷകളിലും മികച്ച വ്യാപാര വിജയം നേടി.