ഒരു പാതിരാത്രിയിലെ വാട്സപ്പ് “ഡാ” വിളിയിലാണ് #metoo എന്നൊരാള്‍ ആദ്യം പറയുന്നത്. ചില ബോധങ്ങളെ, ബോധ്യങ്ങളെ തകര്‍ത്തു കളയുന്നത്. പെട്ടെന്നൊരു രാത്രിയില്‍ പൊടുന്നനെ അവള് പെയ്തപ്പോള്‍ ഒലിച്ചു പോയത് ഉള്ളിലെ ആണ്അഭിമാനമാണ്, ആണത്വആഘോഷങ്ങളാണ്. തെളിഞ്ഞു നിന്ന ആകാശത്ത് നിന്നും പെയ്തിറങ്ങിയ സെക്ഷ്വല്‍ അബ്യൂസിന്റെ കഥകളത്രയും കരയിക്കുകയും നനയിക്കുകയും മാത്രല്ല, ഉള്ളിനെ തെളിയിക്കുന്നത് കൂടിയായിരുന്നു. മണിക്കൂറുകള്‍ എമോട്ടിക്കോണുകളില്ലാതെ നിറഞ്ഞ ചാറ്റ്ബോകിസലവാസനം “അതോണ്ടാഡാ എനിക്ക് ഈ വീട്ടില്‍ നിക്കാന്‍ ഇഷ്ടല്ലാത്തെ” എന്ന മെസ്സേജു തെളിഞ്ഞപ്പോള്‍ തകര്‍ന്നു പോയിട്ടുണ്ട്. വീടിനെക്കുറിച്ച് ഞാന്‍ പറഞ്ഞകഥകളെയോർത്ത് തലകുനിഞ്ഞു പോയിട്ടുണ്ട്. പത്രങ്ങളിലെ രണ്ടുകോളം വാര്‍ത്തയായിരുന്നത്, പലയിടങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്സ് ആയിരുന്നത്, തന്തതാഴിലെ കഥയായിരുന്നത്, ജീവിതമാവുന്നിടത്ത് എന്ത് മറുപടിപറയുമെന്നറിയാത്ത പകപ്പാവുന്നത്, ഉള്നീറ്റമാവുന്നത്, കൈപിടിച്ച് നടന്നവളുമാരിലൊരുത്തിയുടെ ശരീരത്തിലെ/മനസ്സിലെ മുറിപ്പാടാവുന്നത് അറിഞ്ഞു പേടി തോന്നിയിട്ടുണ്ട്. “ആ വൃത്തിക്കെട്ടവനെ എനിക്കിഷ്ടായിരുന്നു. ആരുമില്ലാത്ത ഒരൂസം അവന്റെ കൂടെ സിനിമ കാണാന്‍ ഇരുന്നത് അതോണ്ടാ” പിന്നീടൊരുപാട് പേര് രാത്രികളില്‍, രാവിലെകളില്‍, ചാറ്റിലും നേരിട്ടും, ചിരിച്ചും കരഞ്ഞും, വികാരങ്ങളില്ലാതെയും പങ്കുവച്ച പലവകഅനുഭവങ്ങളും പറഞ്ഞിട്ടുണ്ട്; കണ്ണിന്റെ, കയ്യിന്റെ, ചുണ്ടിന്റെ അതിരില്ലാസഞ്ചാരങ്ങളെക്കുറിച്ച്. പ്രൈവസിയുടെ, സ്വാതന്ത്ര്യത്തിന്റെ ചുമരുകളെല്ലാം തകര്‍ത്തു കയറിയ കയ്യേറ്റങ്ങളെക്കുറിച്ച്. ഇന്ന് #metoo ഹാഷ്ടാഗുകള്‍ ടൈമിലനില് നിറയുമ്പോള്‍, ഇവിടെ അനീതി നടന്നു കൊണ്ടേയിരിക്കുന്നു എന്നവര്‍ ഉറക്കെ പറയുമ്പോള്‍, വീടിന്റെ ഇട്ടാവട്ടത്തിലും തന്തതാഴുകളിലും തങ്ങള്‍ സുരക്ഷിതരല്ലെന്നു സാക്ഷ്യപ്പെടുത്തുമ്പോള്‍. ആണ്തോന്നിവസങ്ങള്, അത് കൊടുത്ത ആഘാതങ്ങളെ, ട്രോമകളെ പോരാടി ജയിച്ചവര്‍ തന്നെയാണ് ഞങ്ങളെന്നു ഒറ്റഹാഷ് ടാഗില്‍ ഒരുമിച്ചു പറയുമ്പോള്‍ മനസ്സ് നിറഞ്ഞു സന്തോഷം തോന്നുന്നത് ആ ശബ്ദം കരുത്തുനല്കുന്നവര് എനിക്കറിയാവുന്ന എന്റെ പ്രിയപ്പെട്ടവര്‍ കൂടിയാണെന്നത് കൊണ്ട് തന്നെയാണ്. ആണത്വഅഭിമാനആഘോഷങ്ങളെ #metoo സ്റ്റാറ്റസുകള്‍ പൊള്ളിക്കുന്നുണ്ട്. #ഞാന്മാത്രമല്ലെന്നവര് കൌണ്ടര്‍ ഹാഷ്ടാഗ് ഒരുക്കുന്നുണ്ട്. #എല്ലാരുമങ്ങനെയല്ല എന്നവര്‍ കൈകഴുകുന്നുണ്ട്, #ഗോവിന്ദച്ചാമി മാത്രമല്ലെയെന്നു നിഷകളങ്കരാവുന്നുണ്ട്, #ആണുങ്ങള്‍ക്കും അനുഭവങ്ങളുണ്ടെന്നു പറഞ്ഞു #metoo ഹാഷ്ടാഗില് കയറിപ്പറ്റാനും, #Metoo അനുഭവങ്ങളുടെ ഏജന്‍സിയെ ഏറ്റെടുക്കാനും ശ്രമിക്കുന്നുണ്ട്. ആണ് ബോധങ്ങള്‍ക്ക് ചൊറിയുന്നുണ്ട്, പതുക്കെ ചൊറിഞ്ഞു പൊട്ടിയത് പുറത്തേകൊഴികുന്നുണ്ട്, അങ്ങനെ പുറത്തേകൊഴുകി, സ്വയം മനസ്സിലാക്കി പതുക്കെ പതുക്കെ മാറ്റേണ്ട അസുഖമാണ് ആണത്വം. പലവിധ #metoo ഷോക്കില്‍, എന്റെ പ്രിയപ്പെട്ടവരും മുറിപ്പാടുള്ളവരാണെന്ന അറിവില്‍, അവരെത്രയ്ക്കും Insecure എന്നെന്ന ബോധ്യത്തില്‍, ആ വിറയലില്‍ നിന്നുണ്ടാവുന്ന ഉള്നോട്ടത്തില് മാറ്റാവുന്ന അസുഖമാണിതെന്നാണ് അനുഭവം പഠിപ്പിയ്ക്കുന്നത്. ഒരിക്കെ വെറും ആണ്മാത്രമായിരുന്ന, ആണത്വക്കാലത്ത് കൂടെയിരുന്നയാളിന്റെ മിണ്ടലും, തൊട്ടുരുമ്മലും കണ്ടു ഇനിയെന്തും ചെയ്യാമെന്ന ആണ്നിശ്ചയത്തില് പൊങ്ങിയിട്ടുണ്ട് ചില കൈനീക്കങ്ങള്. ആ വികാരം തരുന്ന കരുത്തിനെ പേടിക്കണമെന്നു തോന്നി തുടങ്ങിയത്, എല്ലാ മൗനങ്ങളും അടുപ്പങ്ങളും ഇനിയെന്തും ചെയ്തു കൊള്ളൂ എന്ന സമ്മതമല്ലെന്നുറച്ചത് കൂടെയിരുന്നവര് പങ്കുവച്ച് #metoo അനുവങ്ങളുടെ നീറ്റലറിഞ്ഞപ്പോഴാണ്. പിന്നീട് ഒരിക്കല്‍ മനസ്സറിയാത്ത കാര്യത്തിന് കൂടി അടുത്ത്കിടന്നവള്ക്ക് Insecurity ഉണ്ടായിയെന്നറിഞ്ഞപ്പോള്‍ പൊട്ടികരഞ്ഞത് എവിടെയും സുരക്ഷിതമല്ലെന്നു തോന്നുന്ന പെണ്മനസ്സുകളിലെ പേടികള്‍, അവര്‍ അതിജീവിച്ചിട്ടുണ്ടാവാവുന്ന തോന്നിവാസങ്ങളെക്കുറിച്ച് അറിയാവുന്നന്നത് കൊണ്ട് കൂടിയാണ്. അവര്‍ക്ക് തോന്നുന്ന Insecurity കള്‍ അതുകൊെണ്ടാക്കെ ന്യായമാണെന്നറിയുന്നത് കൊണ്ടാണ്, അറിയാതെയാണെങ്കിലും ഒരുമിച്ചു കിടന്നരാള്ക്ക് സുരക്ഷിതത്വം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് മനുഷ്യനാണെന്നു തോന്നിയത് കൊണ്ടാണ്. അതെ #metoo അനുഭവങ്ങളുടെ നീറ്റലില്‍, വേദനയില്‍ സമ്മതിയ്ക്കേണ്ടി വരുന്നുണ്ട്. ആണുങ്ങള്‍ക്കും എഴുതാം #metoo എന്ന് തന്നെ. അതെ ഞാന്‍ കൂടിയാണ് കാരണക്കാരാനെന്ന്, ഞാന്‍ കൂടിയാണ് മുറിപ്പെടുത്തിയതെന്നു, ഞാന്‍ കൂടിയാണ് ഈ കഥകളിലെ വില്ലനെന്നു, ഞാന്‍ കൂടിയാണ് തിരുത്തേണ്ടതെന്നു. ഇനിയും ബാക്കിയാവുന്ന ആണ്‍ബോധങ്ങളെ നിരന്തരം തിരുത്തിക്കൊണ്ട് നല്ലൊരു മനുഷ്യനാവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കാമെന്ന വാക്കോടു കൂടി മാപ്പ്.