*സംസ്കൃതത്തിന്റെ സരസഭാവം* ... ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു! 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലെ ഒരു രംഗം .. "ഉണ്ണ്യമ്മേ... ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു! ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു..." കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായർ ഞെട്ടി. പകച്ചു! ശുഭ്രവസ്ത്ര ധാരിയായി ദാ ഇരിക്കുന്നു കുമ്പിടി വീടിന്റെ ഉമ്മറത്ത്. "എന്താ കേശവാ?" കുമ്പിടി ചോദിച്ചു. കേശവൻ നായർ അറിയാതെ കൈ കൂപ്പി പോയി. അടുത്ത് വന്ന കേശവനെ നോക്കി കുമ്പിടി ജപിച്ചു. "ജംബൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖാഭ്യാം ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!" സാഹചര്യത്തിന് യോജിച്ച ഭീകര മന്ത്രം! കേശവൻ നായർ ബോധം കെട്ട് വീണു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുമ്പിടി കിതച്ചു. ആഹ്! എന്തായിരുന്നു നമ്മുടെ കുമ്പിടി ജപിച്ച ഭീകര മന്ത്രം? അതൊരു കഥയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കഥ. അക്കഥ പറയാം ഇന്ന് .. ഭോജരാജാവിന്റെ കൊട്ടാരം. സദസ്സ് നിറഞ്ഞിരിക്കുന്നു . ആസ്ഥാനകവികളുടെ മുഖത്ത് വല്ലാത്ത നിരാശ .എങ്ങിനെ നിരാശപ്പെടാതിരിക്കും .തലേ ദിവസം ഭോജരാജൻ കൊടുത്ത ഹോംവർക്ക് ആരും ചെയ്തിട്ടില്ല! എങ്ങനെ ചെയ്യും.? അമ്മാതിരി ചോദ്യം അല്ലേ കൊടുത്തു വിട്ടത്. 'ക ഖ ഗ ഘ' എന്ന് അവസാനിക്കുന്ന ഒരു ശ്ലോകം തയ്യാറാക്കണം. ക ഖ ഗ ഘ എന്ന് പറയുമ്പോൾ??? അപ്പോഴാണ് കാളിദാസൻ സദസ്സിലേക്ക് കടന്നു വന്നത്. എല്ലാ മുഖങ്ങളിലും വിഷമഭാവം കണ്ട് അദ്ധേഹം കാര്യം തിരക്കി ...സമസ്യാ പൂരണം ആണ്. ക ഖ ഗ ഘ" ഓഹോ. അപ്പോൾ അതാണ് സംഗതി. സമസ്യാപൂരണം എന്ന് വച്ചാൽ, ചോദ്യകർത്താവ്ഒരു വരി തരും. ഒരു ശ്ലോകത്തിന്റെ അവസാന വരി. അതിനനുസരിച്ചുള്ള ആദ്യ മൂന്ന് വരികൾ തയ്യാറാക്കൽ ആണ് സമസ്യാപൂരണം. "കാ ത്വം ബാലേ? കാഞ്ചന മാലാ കസ്യാ പുത്രീ? കനക ലതായാ കിം തേ ഹസ്തേ? താളീ പത്രം. കാ വാ രേഖാ? ക ഖ ഗ ഘ!" മലയാളം ഇങ്ങനെ: നീ ആരാണ് കുട്ടീ? കാഞ്ചന മാല. ആരുടെ മകൾ? കനകലതയുടെ . കയ്യിലെന്താ? താളിയോല. എന്താ എഴുത്ത്? ക ഖ ഗ ഘ. എല്ലാവരുടേയും മുഖത്ത് ആശ്വാസം .ചില മുഖങ്ങളിൽഅസൂയയും .. ഈ സമയത്തൊക്കെ കുറേക്കൂടി സങ്കീർണ്ണമായ ഒരു സമസ്യ ആലോചിക്കുകയായിരുന്നു ഭോജരാജൻ . സഭ പിരിയുമ്പോൾ അടുത്ത സമസ്യ തയ്യാർ .. "ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു " സദസ്സിലുള്ളവർക്ക് 8 ന്റെ പണി കിട്ടിയ പ്രതീതി . പിറ്റേ ദിവസം സഭ കൂടിയപ്പോൾ സമസ്യ പൂരിപ്പിക്കാൻ കഴിയാതിരുന്ന സഹകവികൾ എല്ലാം കാളിദാസനെ നോക്കിയിരുപ്പായി. എന്തായി ?എന്ന ഭോജ രാജാവിന്റെ ചോദ്യത്തിന് കാളിദാസൻ പറഞ്ഞു " ഒന്നും നടന്നില്ല മഹാരാജൻ. ചിലതൊക്കെ വീണു". കാളിദാസൻ സമസ്യ പൂരിപ്പിച്ചുവെന്നു രാജാവിന് മനസിലായി. "വീണതെന്താണെന്ന് കേൾക്കട്ടെ" രാജാവ് ആവശ്യപ്പെട്ടു "ജംബൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖാഭ്യാം ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!" കുസൃതിയും ലോജിക്കും നിറഞ്ഞ ഒരു കുട്ടിക്കവിത! കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് പഴുത്ത ഞാവൽ പഴങ്ങൾ ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന ശബ്ദത്താൽ നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു. ലളിതം. സുന്ദരം! കാളിദാസന് മാത്രം സാധിക്കുന്നത് ... സദസ്സ് എഴുന്നേറ്റുനിന്ന് കയ്യടിച്ചു .. Sent from my HUAWEI P7-L10 using Forum Reelz mobile app