സിനിമ കാണാം.... കഥ പറയാം.... പാട്ടു പാടാം.... സംസ്കാരങ്ങൾ കപ്പലിറങ്ങിയ മുചിരി പട്ടണത്തിൽ... ലോക സിനിമകൾ നങ്കൂരമിടുന്നു... മാർച്ച് 2 മുതൽ 6വരെ... കൊടുങ്ങല്ലൂർ കാർണിവെൽ സിനിമാസിൽ.... സിനിമാ സ്നേഹികളേ... സ്വാഗതം....
"മനുഷ്യര്‍ക്ക് അവനവനെക്കുറിച്ച് അവനവനോടുപോലും സത്യസന്ധമായിരിക്കാന്‍ സാധ്യമല്ല. സ്വന്തം അനുഭവങ്ങളെപോലും പൊടിപ്പുംതൊങ്ങലും ചേര്‍ത്തുസുന്ദരമാക്കിമാത്രമേ അവന്‍ സ്വീകരിക്കു" അകിര കുറോസോവ കുറോസോവയുടെ ഏറ്റവും പ്രശസ്തമായ 'റാഷമോണ്‍' എന്ന സിനിമയുടെ കഥയിലെ കൊലപാതകത്തെപറ്റി ആരുപറയുന്നതാണ് സത്യം എന്നുനാം പ്രേഷകര്‍ കണ്‍ഫ്യുഷനിലാകും. വില്ലന്‍പറയുന്നതോ? സാക്ഷി പറയുന്നതോ? പ്രതി പറയുന്നതോ? കൊല്ലപെട്ട മനുഷ്യന്‍റെ പ്രേതം പറയുന്നതോ? മാനഭംഗത്തിനിരയായ സ്ത്രീപറയുന്നതോ? സിനിമ നമുക്ക് കൃത്യമായ ഉത്തരം നല്‍കുന്നില്ല. എന്നാല്‍ ഒരുകാര്യം നമുക്ക് വ്യക്തമാകുന്നു. ഓരോശരികളും അതുസ്വീകരിക്കുന്നവ്യക്തിയുടെ വ്യക്തിപരമായ അനുഭവങ്ങളുടെകൂടി സങ്കലനമാണ്. ജപ്പാന്‍ എന്ന രാഷ്ട്രത്തിന്‍റെ സിനിമയെയും കലയും ലോകത്തിന്‍റെ നിറുകയിലേക്ക് പ്രതിഷ്ടിക്കുകയായിരുന്നു റാഷമോണിലൂടെ കുറോസോവ. കല സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. അത് നമുക്ക് പുതിയ പുതിയ ഉള്‍കാഴ്ചകള്‍ നല്‍കുന്നു. അതുവഴി നാം ലോകത്തെ അറിയുന്നു. മനുഷ്യരുടെ ജീവിതത്തെ, സന്നിഗ്ദ്ധതകളെ, ഭൂപ്രകൃതിയെ, ഭാഷകളെ, വേഷങ്ങളെ, സംസ്ക്കാരത്തെ, ദുരന്തങ്ങളെ, സന്തോഷങ്ങളെ എല്ലാമെല്ലാം സിനിമ നമുക്ക്കാണിച്ചുതരുന്നു. മനുഷ്യസമൂഹത്തിന്‍റെ ബഹുസ്വരതയെ അതുവെളിവാക്കുന്നു. അതുവഴിനാം നമ്മുടെശരികളെപറ്റിയുള്ള തീര്‍ച്ചകളില്‍നിന്നും ദുശാഠൃങ്ങളില്‍നിന്നും സ്വയംമോചിതനായി വിവിധങ്ങളായശരികളെപറ്റി ചിന്തിച്ചുതുടങ്ങുന്നു. സന്ദേഹിയുമാകുന്നു. സിനിമയെന്ന കലയുടെ ഈദുരവ്യാപകമായ സാധ്യതകളെ തിരിച്ചറിയുകയായിരുന്നു 1979 ടി.എന്‍.ജോയിയും അഡ്വ.അഷ്‌റഫ് പടിയനും പ്രഫ.കേശവന്‍ വെള്ളികുളങ്ങരയും കെ.എച്ച്.ഹുസ്സൈനും അഡ്വ.ടി.കെ.പ്രഭാകരനും കുട്ടി കൊടുങ്ങല്ലുരും ഫോര്‍ട്ട് കൃഷ്ണകുമാറും അടക്കമുള്ള അക്കാലത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍. അങ്ങനെയാണ് അവര്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്കു ജന്മംനല്‍കുന്നത്. ഇന്നത്തെപോലെ ഡിജിറ്റല്‍ പ്രൊജക്റ്ററും ടോറന്റും ഇല്ലാത്ത അക്കാലത്ത് ലോകത്തിലെ വിവിധഭാഷകളിലിറങ്ങുന്ന നല്ല സിനിമകള്‍ കണ്ടെത്തി പ്രിന്‍റുകള്‍ സംഘടിപിച്ചു 16 mm പ്രൊജെക്റ്റ്റിലുടെ പ്രേക്ഷകരിലെത്തിക്കുകയെന്നത് എത്രമാത്രം സാഹസമായിരുന്നെന്നു തിരിഞ്ഞുനോക്കുമ്പോള്‍ നമുക്കിന്നുമനസ്സിലാകും. ആ പഴയ ഫിലിം സൊസൈറ്റി കാലത്തില്‍നിന്നും ഓരോ സിനിമാപ്രേമിയുടെ പക്കലും ഓരോ അന്തര്‍ദേശിയ ചലച്ചിത്രമേള സംഘടിപ്പിക്കാനുള്ള സിനിമകള്‍ സ്വകാര്യശേഖരത്തില്‍ഉണ്ടാകുന്ന ഇന്നത്തെകാലത്തേക്കു മാറുമ്പോള്‍ ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനത്തിലും ദൌത്യത്തിലും കാതലായമാറ്റം സംഭവിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞു സ്വയം പരിവര്‍ത്തിപ്പിക്കുവാന്‍ തൈയാറാകുന്നുവെന്നതാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെ കാലികപ്രസക്തമാക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മുടങ്ങാതെ 2010 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെന്നതിനപ്പുറം കൊടുങ്ങല്ലുരിന്‍റെ സാമുഹ്യ സാംസ്ക്കാരിക ജിവിതത്തില്‍ സക്രിയമായി ഇടപെടുകകൂടിയാണ് ഫിലിം സൊസൈറ്റി ചെയ്യുന്നത്. മലയാള സിനിമയെ നയിച്ച പ്രതിഭകള്‍ക്ക്എല്ലാവര്‍ഷവും ലിവിംഗ് ലെജന്‍ഡ് പുരസ്കാരവും 25000 രൂപയും നല്‍കുന്നു. വര്‍ഷത്തില്‍ ഒരു ചലച്ചിത്രോത്സവം, സെമിനാര്‍ എന്നിവക്കുപുറമേയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത 'ഖസാക്കിന്റെ ഇതിഹാസം' മലയാളിസമൂഹത്തിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുകയെന്ന ചരിത്രപരമായ ദൌത്യം ഏറ്റെടുത്തത്. തുടര്‍ന്ന് UDF ഭരണകാലത്ത് മുടങ്ങികിടന്ന National Film Festival Of Kerala (NFFK) യെന്ന Kerala Chalachithra Academy യുടെ ദേശിയ ചലച്ചിത്രോത്സവം പുനരുദ്ധരിക്കാന്‍ അക്കാദമി തീരുമാനിച്ചപ്പോള്‍ സധൈര്യം അതിനെ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി. വിവിധങ്ങളായ ഈ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിയമ പോരാട്ടത്തിനും സമയം കണ്ടെത്തി കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി. തിയറ്ററുകളില്‍ ദേശിയഗാനം ആലപിക്കുന്നതു നിര്‍ബന്ധമാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുപുറപ്പെടുവിക്കപെട്ടപ്പോള്‍ അതിന്‍റെ ഭരണ ഘടനാ സാധുതയെ ചോദ്യംചെയ്തുകൊണ്ട്ആ കേസില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കക്ഷിചേരുകയും അവസാനം സിനിമാ തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമല്ലയെന്ന ഉത്തരവ് സുപ്രീംകോടതി പുറപെടുവിക്കുകയുംചെയ്തു. ഒരു ചെറുപട്ടണം മാത്രമായ കൊടുങ്ങല്ലൂര്‍ കേരളത്തിന്‍റെ സാംസ്ക്കാരിക മണ്ഡലത്തില്‍ എല്ലാകാലത്തും തനതുമുദ്ര പതിപ്പിച്ചിരുന്നു. ആ വഴി പിന്തുടരുകയെന്ന ഉത്തരവാദിത്വം നിരവേറ്റുകയാണ് ഈ കെട്ടകാലത്ത് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ചെയ്യുന്നത്. ഭൂരിപക്ഷതാവാദവും ദേശഭ്രാന്തും തിമര്‍ത്താടുമ്പോള്‍ അപരവല്‍ക്കരിക്കപെടുന്ന മുഴുവന്‍ മനുഷ്യരോടും ഐക്യപെടുക മാത്രമല്ല അവരുടെ നാവാകുക എന്ന ദൌത്യംകൂടിയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഈ പ്രവര്‍ത്തനങ്ങളിലുടെ നിര്‍വഹിക്കുന്നത്. ഈ വരുന്ന മാര്‍ച്ച് 2 മുതല്‍ 6 വരെ മുഗള്‍ മാളിലെ കാര്‍ണിവല്‍ സിനിമാസില്‍ രണ്ടു സ്ക്രീനുകളിലായി IFFK 2017 ലെ ഏറ്റവും നല്ല 30 ഓളം ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും Federation of Film Societies of India(FFSI) Kerala Chapter ന്‍റെയും സഹകരണത്തോടെ Regional International Film Festival of Kerala(RIFFK) 2018 സംഘടിപ്പിക്കുന്നു. എല്ലാദിവസവും കലാ സാംസ്കാരിക പരിപാടികളും, ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. ഡെലിഗേറ്റ് പാസുകള്‍ക്ക് 250 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെസ്റ്റിവല്‍ ബാഗ്, ബുക്ക്, ഷെഡിയുല്‍ ഇവ പാസിനോപ്പം നല്‍കും. ഫെബ്രുവരി 15ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ സൈറ്റിലുടെ ഡെലിഗേറ്റ് പാസിനു ഓണ്‍ലൈനായി അപേക്ഷിക്കാം. സൊസൈറ്റിയുടെ 300 അംഗങ്ങളും 50 ഗസ്റ്റ്കളും കൂടാതെ 1000 പാസുകളാണ് ഡെലിഗേറ്റ്കള്‍ക്കായി ലഭ്യമാകുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണന.
@David Billa RJ Salim Yesterday at 11:35 · സിനിമയുടെ രാഷ്ട്രീയം ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന, ആക്കേണ്ടുന്ന കാലഘട്ടത്തിലാണ് നമ്മളുള്ളത്. ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തുന്നതുകൊണ്ടു തന്നെ ഇതിലും നല്ല പ്രോപഗണ്ട വെഹിക്കിളില്ല. സകലമാന റിഗ്രസീവ് ആശയങ്ങൾക്കും അനായാസം സ്വീകാര്യതയുണ്ടാക്കാനും, ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയത്തെ വെള്ള പൂശാനുമൊക്കെ സിനിമ കഴിഞ്ഞേ മറ്റു ഓപ്‌ഷനുകളുള്ളൂ.എല്ലാ സിനിമയ്ക്കും എന്തെങ്കിലും തരത്തിലുള്ളൊരു രാഷ്ട്രീയമുണ്ട് എന്നാണ് വിശ്വാസം. കാരണം മനുഷ്യനാണ് അതിന്റെ സൃഷ്ടാവ്. അതുകൊണ്ടു തന്നെ അവന്റെ വിശ്വാസ പ്രമാണങ്ങൾ അതിൽ കൂടിക്കലരാതെ പറ്റില്ല. അതായത് സിനിമയെ വെറും സിനിമയായി കാണാനുള്ള ലക്ഷ്വറി കുറഞ്ഞപക്ഷം ബോധമുള്ള മനുഷ്യർക്കില്ല എന്ന് ചുരുക്കം. തമിഴനായ അരുണാചലം മുരുഗനാതത്തതിനെ സിനിമയിലാക്കിയപ്പോൾ നായകനെ സവർണ്ണനായ ചൗഹാനാക്കുന്നു. കഥ നടക്കുന്നത് ഹിന്ദു ഹോളി പ്ലെയ്‌സായ മഹേശ്വറിലും. ഏതാണ്ട് എല്ലാ സീനിലും ഹിന്ദു ബിംബങ്ങളെ സബ് കോൺഷ്യസ്‌ലി പ്ലെയ്സ് ചെയ്തിട്ടുണ്ട്. ഇതൊക്കെയും ബോളിവുഡ് സിനിമയായതുകൊണ്ടു കച്ചവടത്തിന് വേണ്ടി അറിയാതെ കയറ്റിയതാണ് എന്ന് വാദിക്കുന്ന നിഷ്കളങ്കരുണ്ട്. അവരെയോർത്താണ് സങ്കടം. സിനിമയുടെ പ്രമോഷന് വന്നപ്പോൾ കനേഡിയൻ പൗരനായ "രാജ്യസ്നേഹി" അക്ഷയ് കുമാർ ABVP യുടെ പതാക പറത്തിയതും ബോളിവുഡ് സിനിമയായതുകൊണ്ടു അറിയാതെ സംഭവിച്ചതാകുമോ ?. പേര് പോലും കേട്ടിട്ടില്ലാത്ത ഏതോ ഈർക്കിലി സംഘടനയുടെ വാളിൻ തലപ്പത്തായിരുന്നു കുറച്ചു മാസം രാജ്യ സമാധാനം തൂങ്ങിയാടിയത്. പദമാവത് സംബന്ധിച്ചുള്ള അക്രമ സംഭവങ്ങൾ ഇല്ലാതാക്കാൻ നിലപാടുള്ള ഒരു സർക്കാരിന് ഒരൊറ്റ തീരുമാനം മതി. പ്രതിപക്ഷ നേതാക്കളും കൂടി സംഘിന് വേണ്ടി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ജനങ്ങളുടെ വികാരത്തിൽ തൊടുന്ന സിനിമകൾ ചെയ്യരുതത്രെ. സിനിമയിറങ്ങി, നല്ല അസ്സല് സംഘി മറ്റേരിയൽ ആണെന്ന് തെളിഞ്ഞപ്പോൾ എതിർപ്പും മാറി. അപ്പോഴേക്ക് പടം ഇരുന്നൂറു കോടിയും നേടി അംബാനിയുടെ പോക്കറ്റ് ഭദ്രമാക്കിയിരുന്നു. നിഴലിനെ വിൽക്കാൻ സാധിച്ചില്ലെങ്കിൽ മുതലാളിത്തം മരം തന്നെ വെട്ടി മാറ്റുമെന്ന് പറയുന്നത് വെറുതെയല്ല. വെറുമൊരു ഹിന്ദുത്വ പ്രോപഗണ്ട മാത്രമല്ല പദ്മാവത് . സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി മരിക്കുന്ന ജൗഹർ പോലൊരു ദുരാചാരത്തെ അനീതിയുടെ ഒരു കണിക പോലുമില്ലാതെ ഗ്ലോറിഫൈ ചെയ്ത സിനിമ കണ്ടു സ്വര ഭാസ്കർ ഇത് കണ്ടു താനൊരു യോനിയായി ചുരുങ്ങി എന്നെഴുതിയപ്പോൾ ബോളിവുഡിന്റെ അണ കെട്ടി വെച്ചിരുന്ന മുഴുവൻ പേട്രിയാർക്കി വ്രണവും പൊട്ടിയൊലിച്ചു. ആണും പെണ്ണും കൂട്ടം ചേർന്ന് സ്വരയെ ഇല്ലാതാക്കാനുറച്ചു കച്ചകെട്ടിയിറങ്ങി. കസബ വിഷയത്തിൽ പാർവതി നേരിട്ട അതേ അറ്റാക്. അരുവി നൂറ്റാണ്ടിന്റെ സിനിമയെന്ന പോലെയാണ് വാഴ്ത്തിപ്പാടലുകൾ. സിനിമയിൽ നായികയ്ക്ക് എയിഡ്‌സാണ്. പക്ഷെ സെക്സ് കാരണമല്ല എന്ന് എടുത്തു എടുത്തു പറയുന്നുണ്ട്. അതായത് സെക്സ് കാരണമാണ് എയ്ഡ്സ് വന്നിരുന്നതെങ്കിൽ തള്ളിപ്പറയാമായിരുന്നു, ഇത് അങ്ങനെ വന്നതല്ലല്ലോ എന്ന് ധ്വനി. എയ്ഡ്സ് വരാൻ വേണ്ടിയാരും ബന്ധപ്പെടാറില്ല. വന്നു കഴിഞ്ഞാൽ എങ്ങനെ വന്നു എന്ന് നോക്കി ആരെയും വില കുറച്ചു കാണിക്കുകയും വേണ്ട. തന്നെ റേപ് ചെയ്ത മൂന്നുപേരെകൊണ്ടു വെറുമോരു സോറി പറയിക്കലാണ് ആകെ അരുവിയുടെ ഉദ്ദേശം. ഇവരെല്ലാം തന്നെ പിന്നീട് അങ്ങനെയൊരു സംഭവം ഉണ്ടായതായെ തോന്നാത്ത രീതിയിൽ സുഹൃത്തുക്കളാകുന്നതായും കാണിക്കുന്നു. ഭേദപ്പെട്ടൊരു തുടക്കവും, റിഗ്രസീവ് ആശയങ്ങളും, മോശം എൻഡ് പോർഷനും മാത്രമാണ് അരുവി. ക്യാമ്പസ് സിനിമയായ ക്വീൻ സ്ത്രീ പക്ഷ സിനിമയാണ് എന്നായിരുന്നു പരസ്യം ചെയ്യപ്പെട്ടത്. സിനിമയ്ക്ക് നെഗേറ്റിവ് റിവ്യൂ എഴുതിയ ജേർണലിസ്റ്റിനോട് പോയി മീൻ വറുത്തുകൂടെ എന്നായിരുന്നു ഈ പുരോഗമന സിനിമയുടെ പ്രൊഡ്യുസർ ചോദിച്ചത്. സ്ത്രീപക്ഷം, മൈ ഫുട്ട്. ഇവിടെയും നായിക റേപ് ചെയ്യപ്പെടുന്നു. പക്ഷെ നായിക പൂർവ്വാശ്രമത്തിൽ ഒരു നിഷ്കളങ്കയും, കോളേജിലെ ആസ്ഥാന ബബ്ലി ഗേളും, ഒരു ദുർചിന്തകളും ഇല്ലാത്ത ഒരു പാവക്കുട്ടി ആയതുകൊണ്ട് ഈ റേപ് മോശമാണ്. അതായതു ഇച്ചിരി വെളച്ചിലുള്ള പെണ്ണാണ് എങ്കിൽ റേപ് ജസ്റ്റിഫയിഡ് ആണ് എന്ന് ധ്വനി. പറഞ്ഞതിനെക്കാളും പറയാത്ത കാര്യത്തിലാണ് സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുന്നത്. ഒരു പെണ്ണ് റേപ് ചെയ്യപ്പെട്ടാൽ അവൾ പാവമാണെന്ന് പ്രൂവ് ചെയ്യേണ്ട ആവശ്യമെന്താണ്? അവളുടെ സ്വഭാവ സർട്ടിഫിക്കറ്റിലാണോ ഈ ക്രൈമിന്റെ സീരിയസ്നെസ് ഇരിക്കുന്നത് ? സ്ത്രീകൾ പുരുഷന്മാരുടെ ചുമതലയാണ് എന്നൊക്കെ സിനിമ എൻഡ് പഞ്ച് ഇടുന്നുണ്ടത്രേ. അവസ്ഥ !! സിനിമകളിൽക്കൂടി വെറും നിഷ്കളങ്ക എന്റർറ്റെയിന്മെന്റ് മാത്രമല്ല സംഭവിക്കുന്നത് എന്നതിന് തെളിവായാണ് മുകളിലെ റീസന്റ് കേസുകൾ പറഞ്ഞത്. അത് സിനിമയെന്ന മീഡിയത്തിനെ അടുത്തറിയാത്ത ആളിനെപോലും അതിന്റെ ആശയങ്ങളുടെ വരുതിയലാക്കുന്നുണ്ട്. ഒരു സിനിമ കാണുമ്പോൾ അറിയാതെ അതിന്റെ നിലപാടിനോട് കൂടി നമ്മൾ ഐക്യപ്പെട്ടു പോകുന്നുണ്ട്. "ഞാനേ.. നല്ല ഇല്ലത്തെ നായരാടോ..", "ഞാൻ ബ്രാഹ്മണനാണ് കള്ളം പറയില്ല" എന്നുമൊക്കെ ഒരു സിനിമ ഗ്ലോറിഫൈ ചെയ്തു പറയുമ്പോൾ ചിലരെങ്കിലും കരുതിക്കാണില്ലേ സവർണ്ണർ സാധാ മനുഷ്യരേക്കാൾ എന്തോ കൂടിയ ഇനമാണെന്നു. പക്ഷെ ഈട പോലെ ഹേ ജൂഡ് പോലെ, മായാനദി പോലെ, പറവ പോലെ നല്ല രാഷ്ട്രീയമുള്ള സിനിമകളും എണ്ണത്തിൽ കുറവായെങ്കിലും ഇവിടെ ഇറങ്ങുന്നുണ്ട് എന്നുള്ളതാണ് ആകെ പ്രതീക്ഷ. പുതിയ സിനിമകളില്‍ക്കൂടി ജെൻഡർ പൊളിറ്റിക്സ് മുൻപില്ലാത്തവണ്ണം കൂടി ചർച്ചയാകട്ടെ എന്നാഗ്രഹമുണ്ട്. അങ്ങനെയെങ്കിലും ചാന്തുപൊട്ട് ചെയ്തു വെച്ച ഡാമേജിന് കുറച്ചെങ്കിലും എന്തെങ്കിലും പരിഹാരമാകട്ടെ.