മാളച്ചേട്ടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ് തികയുന്നു..... അരവിന്ദാ, ഞങ്ങളെ ശോകക്കയത്തിലാഴ്ത്തി നീ പിരിഞ്ഞുപോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ മലയാള സിനിമയില്‍ നീയുണ്ടാക്കിയ ശൂന്യത നികത്താനാകാതെ അവശേഷിക്കുന്നു. മലയാള സിനിമ ഉള്ളിടത്തോളം കാലം നീ ഓര്‍മ്മിക്കപ്പെടുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഹാസ്യത്തിന് നീ നല്കിയ ചാരുത സിനിമാപ്രേമികള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു. വി.കെ.എന്നിന്റെ പയ്യന്‍സ് വായനക്കാരേ രസിപ്പിച്ചതു പോലെയുള്ള ഒന്ന് !!! ജീവിതാനുഭവങ്ങള്‍ ആറ്റിക്കുറുക്കി നര്‍മ്മമൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുമ്പോള്‍ പലപ്പോഴും നീ കരയുകയായിരുന്നെന്ന് എനിക്കറിയാം. "ഞാന്‍ കുടിച്ച കണ്ണീരുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞാന്‍ കുടിച്ച ദാഹജലം എത്ര തുച്ഛ൦" എന്ന് ഒരിക്കല്‍ നീ പറഞ്ഞത് ഞാനോര്‍ക്കുന്നു. മാള സെ. ആന്റണീസ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മള് യുവജനോത്സവ ഏകാങ്ക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നുവല്ലോ. അപ്പോഴൊക്കെ നിനക്ക് ഒന്നാം സമ്മാനം ലഭിക്കുമ്പോള്‍ അതില്‍ സന്തോഷിക്കാതെ ഓടിവന്ന് ജൂനിയറായ എന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നത് എങ്ങനെ മറക്കാന്‍. ക്ലാസിലെ ബെഞ്ചിലും, ഡെസ്കിലും, താളമിട്ടിരുന്ന നിന്നോട് ദാമോദരന്‍ മാഷ് പറഞ്ഞത് സ്ക്കൂളില്‍ പാട്ടായിരുന്നു - "അരവിന്ദാ, നിനക്ക് ഞാനൊരു തബല വാങ്ങിത്തരാം. അതും കൊണ്ട് നീയെവിടെയെങ്കിലും പോയിരുന്ന് താളമിട്ടോളൂ. ദയവുചെയ്തു ക്ലാസ്സില്‍ ശല്യമുണ്ടാക്കരുത്. ആ ഉപദേശത്തോടെ നീ നന്നായി എന്നാണ് കേള്‍ക്കുന്നത്. നാടകങ്ങള്‍ക്ക് തബല വായിക്കാന്‍ പോയിരുന്ന നിനക്ക് അവിചാരിതമായാണ് നടന്റെ വേഷം കെട്ടേണ്ടി വന്നത്. ഒരു ഹാസ്യനടന് വരാതിരുന്നപ്പോള്‍ സംവിധായകന് ആ റോള്‍ നിന്നെ ഏല്‍പ്പിക്കുകയായിരുന്നു. ആ നടന വൈഭവം നിന്നെ 13 വര്‍ഷം തുടര്‍ച്ചയായി നാടകങ്ങളില്‍ സജീവമാക്കി. എസ്. എല്‍ പുരം സദാനന്ദന്റെ നോട്ടം നിന്നില്‍ പതിഞ്ഞപ്പോള്‍ പെരുമ്പാവൂര്‍ സൂര്യസോമയുടെ "നിധി"യിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. അതിലെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട ഡോ. ബാലകൃഷ്ണനാണ് ജേസി സംവിധാനം ചെയ്ത "സിന്ദൂരം" എന്ന സിനിമയില്‍ നിനക്ക് നല്ലൊരു റോള്‍ തരുന്നത്. അതിനുമുമ്പ് അഭിനയ ഭ്രാന്തുപിടിച്ച ആലത്തൂരിലെ ചള്ളി ഗോപിയോടൊപ്പം മദ്രാസില്‍ പോയി നീ നാഗേഷ് നായകനായി അഭിനയിച്ച "തളിരുകള്‍" എന്ന സിനിമയില്‍ ഒരു കൊച്ചു റോള്‍ ചെയ്തത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷത്തില്‍ മിന്നിമറഞ്ഞ ആ സീനിന്റെ ഫിലിം തുണ്ട് കൊണ്ടുവന്ന് ഏതോ ലോകം പിടിച്ചടക്കിയ ഭാവത്തോടെ നീ ഞങ്ങളെ കാണിച്ചിട്ടുണ്ട്. ശ്രീമൂലനഗരം വിജയന് സംവിധാനം ചെയ്ത "മധുരിക്കുന്ന രാത്രിയില്‍" പോലീസുകാരനായ കുട്ടന്‍പിള്ളയെ അവതരിപ്പിച്ചതോടെ നീ മുഴുനീള ഹാസ്യനടനായി മാറി. ജേസിയുടെ "താറാവി"ല്‍ ബുദ്ധിമാന്ദ്യം വന്ന താറാവു നോട്ടക്കാരന്റെ റോളില്‍ ഉജ്ജ്വലാഭിനയം കാഴ്ചവെച്ചു. അതിലെ "തക്കിടി മുണ്ടന്‍ താറാവേ, തവിട്ടുമുണ്ടന് താറാവേ...."എന്ന പാട്ടില്‍ നീ കാഴ്ചവെച്ച അഭിനിയസിദ്ധിക്ക് സഹനടനുള്ള അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1970 -1980 കാലഘട്ടത്തില്‍ ഒരു വര്‍ഷത്തില്‍ 40 സിനിമകള്‍ വരെ അഭിനയിച്ച് റെക്കോര്‍ഡിട്ടപ്പോള്‍ അസൂയ മൂത്തിട്ടെന്നപോലെ സിനിമാ ലോകത്തെ ചിലര്‍ നിനക്കെതിരെ തിരിഞ്ഞതായും ഞാന്‍കേട്ടിട്ടുണ്ട്. നാടന്‍ ഭക്ഷണം ദൗര്‍ബല്യമായിരുന്ന നിന്നെ അത്തരം വിഭവങ്ങള്‍ ലഭിക്കുന്ന പൂപ്പത്തിയിലെ ഒരു കടയിലും, മാളയിലെ "തൃപ്തി"യിലും, മോഡി ബേക്കറിയിലും, മാളക്കുളത്തിനരികെയുള്ള ഹോട്ടലിലും വെച്ച് എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു. മലയാള സിനിമയിലെ ഹാസ്യനടന്മാര് കിട്ടിയ കാശെല്ലാം ധൂര്‍ത്തടിച്ച് നശിപ്പിച്ചപ്പോള്‍ നീയത് ഭൂതം നിധികാക്കുന്നതുപോലെ സ്വരൂപിച്ചു വെച്ച് ഭൂസ്വത്തുക്കളാക്കി മാറ്റിയതില്‍ നിന്നോടെനിക്ക് ബഹുമാനമുണ്ട്. കഴിഞ്ഞയാഴ്ച നിന്റെ സതീര്ത്യനും, ഉറ്റസുഹുര്ത്തുമായ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാനും, ചിത്രശാല മണിയുമൊത്ത് പോകുമ്പോള്‍ വടമയിലെ ഒരു പറമ്പ് ചൂണ്ടി കാണിച്ചുകൊണ്ട് അവന് പറഞ്ഞു "ഇത് അരവിന്ദന്റെ പറമ്പാണ്. പാമ്പും മേക്കാട്ട് തിരുമേനിയില്‍ നിന്നും വാങ്ങിയത്. അവന്റെ വലിയൊരു ആഗ്രഹമായിരുന്നു ഈ പറമ്പ് സ്വന്തമാക്കണമെന്ന്. ചെറുപ്പകാലത്ത് കൂട്ടുകാരോടൊത്ത് ഇവിടെ വന്നിരുന്നു ഒരുപാട് വിക്രിയകള്‍ കാണിച്ചിട്ടുണ്ട്. ഇവിടെ വെച്ചാണ് കല്ലുകൊണ്ട് ഒരു മുയലിനെ അവന് എറിഞ്ഞു വീഴ്ത്തിയത്. അവന്റെ ഉന്നം ഒരിക്കലും പിഴച്ചിരുന്നില്ല. എത്ര ഉയരമുള്ള മാവില്‍നിന്നും മാമ്പഴം എറിഞ്ഞുവീഴ്ത്താന്‍ മിടുക്കനായിരുന്നു അവന്". ആ അഭിമുഖത്തില്‍ പറഞ്ഞു കേട്ട രണ്ടു സംഭവങ്ങള്‍ ഞാനെന്റെ ഫേസ് ബുക്ക് സുഹൃത്തുക്കളോട് പങ്കു വെക്കട്ടേ......ഒരു ദിവസം ഹാര്‍മോണിസ്റ്റായ സുഹൃത്ത് ഗാനമേള കഴിഞ്ഞ് വടമ കിണര്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ കൈയില്‍ ഒരു വലിയ ട്രോഫിയുമായി നീയവിടെ നില്ക്കുന്നു. സുഹൃത്തിനെ കണ്ടതും നീ ഓടിച്ചെന്നു പറഞ്ഞു."എടാ നിന്നെ കണ്ടതു നന്നായി. എനിക്ക് കുറച്ച് കാശു വേണം. അത്യാവിശ്യമാണ്. കോഴിക്കോട്ടേ ഒരു അവാര്‍ഡ് നൈറ്റ് കഴിഞ്ഞു വരികയാണ് ഞാന്‍. ചടങ്ങില്‍ എത്താനാകാത്ത ഒരു ഹാസ്യനടന് പകരക്കാരനായി ചെല്ലണമെന്ന് ഡോ. ബാലകൃഷ്ണന് ഒരേ നിര്‍ബന്ധം. അതിനു പ്രതിഫലമായി എനിക്ക് കിട്ടിയതാണ് ഈ ട്രോഫി. വഴിച്ചിലവിനുപോലും കാശു തന്നില്ല. ഈ ട്രോഫി നീയെടുത്ത് പകരം കുറച്ചു കാശു തരണം". അവന്റെ അവസ്ഥ കണ്ടപ്പോള്‍ ആ സുഹൃത്തിന് മറുത്തൊന്നും പറയാനായില്ല. കൈയിലുണ്ടായിരുന്ന അന്നത്തെ പ്രതിഫലമായ 30 രൂപയില്‍ നിന്നും 20 രൂപ നല്കി. ആരെയും കുടുകുടാ ചിരിപ്പിക്കുന്ന ഒരു സംഭവമാണ് മറ്റൊന്ന്.....മാളയിലെ കലാപ്രതിഭകള്‍ക്ക് എന്നും താങ്ങും, തണലുമായി നിന്ന പള്ളി വികാരി സിറിയക്ക് അമ്പൂക്കന് അച്ചനോടൊപ്പം നീയും കുറച്ചു സുഹൃത്തുക്കളു൦ പള്ളിയുടെ മുമ്പില്‍ സൊറ പറഞ്ഞു നില്ക്കുന്നു. വടക്കുനിന്നും ഒരു പയ്യന് സൈക്കിള്‍ ചവിട്ടി വരുന്നണ്ട്. അവന് അച്ചനെ കണ്ടതോടെ സൈക്കിളില്‍ നിന്നും ചാടിയിറങ്ങിയപ്പോള്‍ ഉടുമുണ്ട് അകന്നുമാറി. അക്കാലത്ത് അടിവസ്ത്രം ഇടുന്നവര്‍ ദുര്ലഭമായിരുന്നു. അവന്റെ നഗ്നത കണ്ട നീ ഓടിച്ചെന്നു അവനു മുമ്പില്‍ മുട്ടുകുത്തിനിന്ന് "മോനെ കൊള്ളാം - നിനക്ക് നമസ്ക്കാരം" എന്ന് പറഞ്ഞപ്പോള്‍ അച്ചനടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു. നാണം കൊണ്ട് ചൂളിനിന്ന പയ്യനും നിങ്ങളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു. ഏതൊരു സന്ദര്‍ഭവും നര്‍മ്മത്തില്‍ ചാലിച്ചെടുക്കാന്‍ നിനക്ക് കഴിഞ്ഞിരുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ സംഭവം. സീന്‍ ബോറടിപ്പിക്കുന്നു എന്ന് സംവിധായകന് തോന്നുമ്പോള്‍ ഒരു തമാശയിടാന് പറഞ്ഞാല്‍ തല്‍ക്ഷണം നീയത് ചെയ്യുമായിരുന്നു. നിന്റെ നര്‍മ്മ ബോധം അപാരമായിരുന്നു. അതിന് പകരം വെക്കാന്‍ ഞാന്‍ കണ്ടിരുന്ന ആള് തമിഴ് ഹാസ്യനടന് നാഗേഷ് മാത്രം. ജാടയില്ലാത്ത, ആരേയും ആവിശ്യത്തില്‍ കൂടുതല്‍ വകവെക്കാത്ത, പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിച്ചിരുന്ന, ചെയ്യുന്ന തൊഴിലിനോട് നൂറ്റുക്ക് നൂറും കൂറു പുലര്‍ത്തിയിരുന്ന ഒരു അഭിനേതാവായിരുന്നല്ലോ നീ. തിലകനെപ്പോലെ, മുരളിയെപ്പോലെ, നെടുമുടിയെപ്പോലെ, രാജന് പി. ദേവിനെപ്പോലെ നീയും സിനിമയേക്കാള്‍ കൂടുതല്‍ നാടകങ്ങളെ പ്രണയിച്ചു. പേരിനോടൊപ്പം നാടിനെ ചേര്‍ത്തുവെച്ച് മാളയെ ലോകമെമ്പാടും പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ നിനക്ക് ഒരു സ്മാരകം ഉയരുമെന്ന് കരുതി ഞങ്ങളെല്ലാം ആകാംക്ഷയോടെ കാത്തിരുന്നു. പക്ഷേ, ഇനിയത് സാക്ഷാത്കരിക്കപ്പെടുമെന്ന് കരുതാന്‍ വയ്യ. പാഴായി പോയ നിരവധി കല്ലിടല്‍ ചടങ്ങുകള്‍ പോലെ അതൊരു പാഴ്പ്രസ്താവനയായിരുന്നെന്നു ഞങ്ങളിപ്പോള്‍ അറിയുന്നു. " ജനങ്ങളുടെ അവാര്‍ഡാണ് ഏറ്റവും വലുത് അല്ലാതെ സര്‍ക്കാരിന്റെ അല്ല" എന്ന് നിന്റെ സുഹൃത്ത് ജഗതി ചേട്ടന് പറഞ്ഞതുപോലെ നീ എന്നെന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ട്.....അതാണ് അരവിന്ദാ.....നിനക്കുള്ള ഞങ്ങളുടെ ഏറ്റവും മഹത്തായ സ്മാരകം.... kadapadu- Sunny Chettan Oru mala karan enna nilayil arvindettan ennum njaghalude abimanam anu. marikkunnathinu munnathe thavanna nattil poyappol njan mudi vettan irunnathinte thottaduthanu mala chettan irunnathu. annu ethokkeyo tv paripadikal okke undennu mala chettan parranjirunnu. mala chettante ammayum ente amoommayum teacher mar aayirunnathinal avar thammil nalla bandhmayirunnu(mala chettante amma pattu teacher aayirunnu). Pranamam mala chetta