സർജറിയെല്ലാം കഴിഞ്ഞു 5 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ഇന്നലെ വീട്ടിലെത്തി. ചൊവ്വാഴ്ച ആയിരുന്നു സർജറി. അന്നാണ് ആദ്യമായി ഓപ്പറേഷൻ തീയേറ്ററിന്റെ അകം ബോധത്തോടെ കാണുന്നത്. അകത്തെ കാഴ്ചകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കെ ഒരു ഡോക്ടർ വന്നു, പല കാര്യങ്ങളും വിശദീകരിക്കാൻ തുടങ്ങി. ജനറൽ അനസ്തേഷ്യ ആണെങ്കിൽ വായിലൂടെ ഒരു കുഴൽ ഇടും അപ്പോൾ പല്ലു പൊട്ടാനുള്ള ചാൻസ് ഉണ്ടത്രേ!! (പല്ലിൽ ക്യാപ് ഇട്ടിട്ടുണ്ട് ). ഇതൊക്കെ പറഞ്ഞു പേടിപ്പിച്ചിട്ട് ആളെങ്ങോട്ടോ പോയി. അല്പം കഴിഞ്ഞു ഒരു സിസ്റ്റർ സൂചി കുത്തി എന്തൊക്കെയോ ഇൻജെക്റ്റ് ചെയ്തു, ഇ. സി. ജി എടുക്കാൻ നെഞ്ചത്ത് 3 പൊട്ടു കുത്തി, കൈ വിരലിൽ ഹാർട്ട് ബീറ്റ് നോക്കാൻ ആകണം ഒരു ക്ലിപ്പ് ഇട്ടു. ഇതിനിടയിൽ ഉത്ക്കണ്ഠ കൂടിത്തുടങ്ങി. ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. ആറടി പൊക്കമുള്ള ഒരു ഡോക്ടർ കോട്ടും, മാസ്കുമെല്ലാം ധരിച്ചു നടന്നു പോകുന്നു, തൊട്ടപ്പുറം കിടക്കുന്നത് ഒരു കൊച്ചു പെൺകുട്ടിയാണ്. ഡോക്ടർ പല കാര്യങ്ങളും ആ കുട്ടിയോട് പറയുന്നുണ്ട് പക്ഷേ മുഖത്ത് ഭയത്തിന്റെ ഒരു നിഴൽ പോലും കാണുന്നില്ല. അപ്പോൾപ്പിന്നെ മുതുക്കനായ ഞാൻ ഉത്കണ്ഠപ്പെടാൻ പാടുണ്ടോ ?? പാടില്ല പാടില്ല .... ഞാൻ ധൈര്യം സംഭരിക്കാൻ തുടങ്ങി. ഇതാണോ വലിയ കാര്യം ' ഇത് ചെർത്'. ഇതിലും വലിയ പൊള്ളുന്ന അനുഭവങ്ങളും, സർജറികളും കഴിഞ്ഞു വന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലം ഒരു പൂ പറിക്കുന്ന പോലുള്ള ഒരു ചെറിയ കാര്യം മാത്രം. മനസ്സൊന്നു തണുത്തു ഇതെല്ലം ഉൾക്കൊണ്ട് സാഹചര്യവുമായി ഞാൻ ഇണങ്ങിയിരിക്കുന്നു, ഇപ്പൊ പേടിയില്ല, അനാവശ്യ ചിന്തകൾ അലട്ടുന്നില്ല. കഴിഞ്ഞ 7 മാസങ്ങളിലെ അനുഭവം പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്ത് നേടിത്തന്നിരിക്കുന്നു. ഈ വിഷമങ്ങളെല്ലാം ഉറച്ച മനക്കരുത്ത് ലഭിക്കാൻ കരണമായല്ലോ, സന്തോഷം !!! മുഴുവനായി ബോധം കെടുത്തിയുള്ള സർജറി ആയിരുന്നില്ല (ജനറൽ). കൈ മാത്രമേ മരവിപ്പിച്ചിട്ടുള്ളു. 1 മണിക്കൂറിനു ശേഷം സർജറി തുടങ്ങി. കൈ ഒരു സ്റ്റാൻഡിൽ നിവർത്തി വെച്ചു. ഞാൻ ഇതൊന്നും കാണാതിരിക്കാൻ അവർ കണ്ണുകൾ ഒരു തുണി കൊണ്ട് മറച്ചു. എല്ലാം ഭംഗി ആയി കഴിഞ്ഞു. 9 .30 നു തുടങ്ങി 3 മണിക്കാണ് ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ഇറങ്ങിയത്. നേരെ റൂമിലേക്ക് പോയി. രാത്രിയായപ്പോൾ ജൂബിലിയിൽ തന്നെ ഹൗസ് സർജൻസി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് കാണാൻ എത്തി. അവൻ : സർജറി എങ്ങിനെ ഉണ്ടായിരുന്നു ?? ഞാൻ : കുഴപ്പമില്ല. ജനറൽ ആയാൽ പല്ലു പൊട്ടുമോയെന്ന പേടി ഉണ്ടായിരുന്നു. ജനറൽ ആയിരുന്നില്ല ഭാഗ്യം. അവൻ : പേടിക്കാനൊന്നുമില്ല. പേടിയും, ഉത്കണ്ഠയും, വികാരങ്ങളുമെല്ലാം കുറയ്ക്കാൻ അവർ ഇൻജക്ഷൻ തരും... സഭാഷ് !!! അപ്പോ ധൈര്യമൊക്കെ സിസ്റ്റർ ഇൻജെക്റ്റ് ചെയ്തു ഉണ്ടാക്കിയതായിരുന്നു.!! എന്തൊക്കെ ബഹളമായിരുന്നു. പൊള്ളുന്ന അനുഭവങ്ങൾ, മനക്കരുത്ത്, കർണൻ നെപ്പോളിയൻ....അങ്ങിനെ പവനായി ശവമായി. ഛേ വെറുതെ തെറ്റിദ്ധരിച്ചു...
enittum kai kondu kuthalzz thanne alle ? vegam ellam sheriyaavatte....ennittu peritta oru thread "Ellam shubham" ennu vegam idane