Maneesh Narayanan . ഉര്‍വശി എന്ന നടിയെ അവരുടെ റേഞ്ചിനൊത്ത് പരിഗണിക്കാന്‍ കുറേ വര്‍ഷമായി മലയാള സിനിമയ്ക്ക് സാധിച്ചിരുന്നില്ലെന്നാണ് വിശ്വാസം. ഹാസ്യരംഗങ്ങളിലും വൈകാരിക രംഗങ്ങളിലും സങ്കീര്‍ണതയേറിയ കഥാപാത്രങ്ങളായും ഒപ്പമുള്ള അഭിനേതാക്കളെ അപ്രസക്തരാക്കി കത്തിക്കയറുന്ന ഉര്‍വശിയെയാണ് മിക്കപ്പോഴും കണ്ടിട്ടുള്ളത്. അരവിന്ദന്റെ അതിഥികള്‍ ഉര്‍വശിയുടെ ഗംഭീര തിരിച്ചുവരവാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് എനിക്ക് ഉര്‍വശി. റിയലിസ്റ്റിക് ആഖ്യാന രീതിയിലൂടെ ഊര്‍ജ്ജസ്വലമായി മുന്നേറുന്ന മലയാള സിനിമയ്ക്ക് ഉപയോഗപ്പെടുത്താവുന്ന അഭിനേതാക്കളില്‍ മുന്‍നിരയിലാണ് ഉര്‍വശി. പ്രവചനാത്മക കഥാവഴികളുമായിരുന്നിട്ടും രസകരമായ മൂഹൂര്‍ത്തങ്ങളാല്‍ ഒരു വിന്റേജ് ഫീല്‍ ഗുഡ് സിനിമയുടെ മൂഡ് സൃഷ്ടിക്കുന്നുണ്ട് അരവിന്ദന്റെ അതിഥികള്‍ . ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസന്‍-ഉര്‍വശി കൂട്ടുകെട്ട്. കെപിഎസി ലളിത-ഉര്‍വശി-ശ്രീനിവാസന്‍ കോമ്പിനേഷന്‍ പല സിനിമകളിലും കഥാപാത്രത്തില്‍ നിന്ന് തെല്ല് അകലെ നില്‍ക്കുന്ന വിനീത് ശ്രീനിവാസനെയാണ് കണ്ടിട്ടുള്ളത്. ഇവിടെ വിനീത് അരവിന്ദന്‍ എന്ന കഥാപാത്രത്തെ മാത്രം മനസില്‍ അവശേഷിപ്പിക്കുന്ന പ്രകടനം അനുഭവമാകുന്നു. ക്ലൈമാക്‌സിലെ വൈകാരിക രംഗങ്ങളില്‍ ഉള്‍പ്പെടെ ഗംഭീരമാണ് വിനീത്. വിനീതിലെ നടന് നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ധൈര്യമാകും ഈ സിനിമ. വിനീതിലെ അഭിനേതാവിനെ ഇഷ്ടപ്പെടുത്തിയ ചിത്രവുമാണ് എനിക്ക് അരവിന്ദന്‍. പുതിയൊരു കഥ പറയാനില്ലാതിരുന്നിട്ടും സ്വാഭാവിക അന്തരീക്ഷമൊരുക്കിയും അതിനൊത്ത് എല്ലാ അഭിനേതാക്കളുടെയും പ്രകടനത്തെ രസപ്പൊരുത്തത്തോടെ അവതരിപ്പിച്ചും ആസ്വാദ്യകരമാണ് അരവിന്ദന്റെ അതിഥികള്‍. നിഖിലാ വിമലിനെ ലവ് 24*7 എന്ന സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധിച്ചിരുന്നു. രണ്ടാമത്തെ മലയാള ചിത്രത്തിലും നിഖില നന്നായിട്ടുണ്ട്. ഉര്‍വശിയുമായും വിനീതുമായും ഉള്ള കോമ്പിനേഷന്‍ രംഗങ്ങളും കൊള്ളാം. ഹൈ വോള്‍ട്ടേജ് ഹ്യൂമറും ടൈമിംഗുമായി മുന്നേറുന്ന പ്രേംകുമാറിനെ കൂടിയാണ് ഈ സിനിമ തിരികെയെത്തിച്ചത്. ഷാന്‍ റഹ്മാന്റെ കയ്യൊപ്പ് പതിഞ്ഞ പാട്ടുകളാണ് അരവിന്ദനിലേത്. ക്ലൈമാക്‌സിനെ ഭാവതീവ്രമാക്കിയതിലും ഷാനിന് നിര്‍ണായക റോളുണ്ട്. ഒതുക്കമുള്ള, ഹൃദ്യമായ, സ്വാഭാവികതയുടെ ചന്തമുള്ള സിനിമയൊരുക്കിയ എം മോഹനന് അഭിനന്ദനങ്ങള്‍.