LOCAL IS INTERNATIONAL എന്ന വിശേഷണം ഈ സംവിധായകൻ ഒരു ക്ളീഷെയാക്കി മാറ്റും. ലോകത്തെവിടെ വേണമെങ്കിലും ഈ സിനിമ പ്രദർശിപ്പിക്കാം അവിടെയൊക്കെ ഈ. മ. യൗ. നു ഒരേ മൂല്യം ആയിരിക്കും. അതാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാസ്റ്റർക്രാഫ്റ്റ്സ്മാനിൽ ഒരാൾ ആയ ലിജോയുടെ കഴിവ്. പ്രകൃതിയും സിനിമയും പതിഞ്ഞ താളത്തിൽ തുടങ്ങുന്നു. പിന്നീട് പൊട്ടിയ ക്ലാരിനെറ്റിന്റെ അപതാളത്തിലൂടെ കടന്നു പ്രേക്ഷകരുടെ ഹൃദയതാളത്തിൽ അവസാനിക്കുന്ന ഈ. മ. യൗ. സിനിമ സ്നേഹികൾക്ക് ഒരനുഭൂതിയും അത്ഭുതവുമാണ്. സിനിമ പഠിക്കുന്നവർക്ക് ഒരു വലിയ പാഠപുസ്തകവും. സിനിമ കൃത്യമായ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നുണ്ട്. മരണം പോലും ഒരാളെ സ്വതന്ത്രനാക്കപ്പെടുന്നില്ല. സമൂഹവും മതവുമെല്ലാം അയാൾ പ്രകൃതിയിൽ ലയിക്കുന്നത് വരെ ഇടപെടലുകൾ നടത്തിക്കൊണ്ടേയിരിക്കുന്നു. മലയാള സിനിമ ഇന്നോളം കെട്ടിപ്പടുത്ത പല ക്ളീഷേകൾക്കും, സവർണ്ണ സിമ്പോളിസങ്ങൾക്കുമെല്ലാം കൊടുത്ത നല്ലൊരു അടികൂടെയാണ് ഈ. മ. യൗ. ടെക്നിക്കലി സിനിമ ഒരു വിപ്ലവം തന്നെയാണ്. എടുത്ത് പറയേണ്ട ഒന്ന് ടൈറ്റിൽ കാർഡിൽ കാണിച്ച താങ്ക്സ് : തരംഗിണി ആർട്ടിഫിഷ്യൽ റൈൻ & വിൻഡ്. ഈ പേര് ശ്രദ്ധിച്ചവരൊന്നും പിന്നെ മറക്കില്ല അത്രയ്ക്ക് സ്വാഭാവികത ഉണ്ടായിരുന്നു മഴയ്ക്കും കാറ്റിനും. ഷൈജുവിന്റെ ഛായഗ്രഹണത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോൾ ഉണ്ടായ ചില കുറവുകളുണ്ട് പ്രത്യേകിച്ച് നേരിയ ഇരുട്ടിൽ കടലിന്റെ വിദൂരദൃശ്യമെല്ലാം പകർത്തുമ്പോൾ പക്ഷേ അതെല്ലാം കൃത്യമായ ലൈറ്റിങ് കൊണ്ട് ഷൈജുവിന്റെ ക്യാമക്കണ്ണുകൾ അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഇരുട്ടിൽ നിന്ന് ഒരപരിചിതൻ തീപ്പെട്ടിയെടുത്ത് കത്തിക്കുന്നതും, വികാരിയച്ചൻ ടോർച്ച് അടിച്ചു നടന്നു പോകുന്ന ഇന്റർവെൽ ഷോട്ട്സുമെല്ലാം ഒരൊന്നൊന്നര കാഴ്ച്ച തന്നെയാണ്. 117 മിനിറ്റ് പ്രശാന്ത് എടുത്ത നിശബ്ദതക്കു ശേഷമുള്ള 3 മിനിറ്റ് പശ്ചാത്തല സംഗീതം ; ആ സംഗീതം മലയാളത്തിൽ എക്കാലവും നമ്മളെ വേട്ടയാടുന്ന ഒന്നായിരിക്കും. കൂടാതെ കോസ്റ്റ്യൂം, കളറിംഗ്, എല്ലാം പതിവ് ലിജോ സിനിമകളിൽ കാണുന്ന പോലെ മികച്ചു നിന്നു. അഭിനയത്തിന്റെ കാര്യമെടുത്താൽ വിനായകൻ, ചെമ്പൻ, പോളി ചേച്ചി, കൈനഗിരി തങ്കച്ചൻ. തുടങ്ങിയവരുടെ കരിയറിലെ തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ച വെക്കാനായി. എങ്കിലും എനിക്ക് പ്രിയപ്പെട്ടത് വിനായകൻ ആയിരുന്നു. നിങ്ങളെന്തൊരു മനുഷ്യനാണ് മനുഷ്യാ !!! ആ പോലീസ് സ്റ്റേഷൻ സീനൊക്കെ ചങ്ക് കലക്കി കളഞ്ഞു. സിനിമയുടെ ഫാന്റസി എലമെന്റ് എന്റെ അനിയനാണ് കാട്ടി തന്നത്. പിന്നീട് ഓർത്തപ്പോൾ പല കാര്യങ്ങളും അതിനോട് ബന്ധപ്പെട്ടു വന്നു. ഈ കഥയും ചിത്രത്തിൽ നിന്ന് വേറിട്ട മറ്റൊരനുഭൂതി സമ്മാനിക്കുന്നു. മറ്റൊരു ലിജോ മാജിക് !!! കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടയിൽ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. 4.5/5 *കഴിയുന്നതും ഡോൾബി അറ്റ്മോസിൽ തന്നെ കാണാൻ ശ്രമിക്കുക. *** ശവം എന്ന സിനിമയുമായി ഈ. മ. യൗ. നു ബന്ധമുണ്ടെന്ന് പറഞ്ഞു വിവാദങ്ങൾ കാണുന്നുണ്ട്. ശവം ഞാൻ കണ്ടിട്ടില്ല എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സജി എസ് പാലമേൽ സംവിധാനം ചെയ്ത ആറടി എന്ന സിനിമയെ കുറിച്ച്. ഒറ്റ വാക്കിൽ കഥ പറഞ്ഞാൽ ഈ. മ. യൗ. , ആറടി ഇവ രണ്ടിന്റെയും കഥ ഒന്നു തന്നെയാണ്. കുറച്ചു കൂടി തീവ്രമായത് ആറടിയുടെ കഥയുമാണ്. പക്ഷേ അവതരണത്തിൽ ആനയും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസമുണ്ട്. വളരെ ചെറിയ പ്ലോട്ട് ക്ഷമയുടെ നെല്ലിപ്പലക തകർത്ത് 100 മിനിറ്റ് വലിച്ചു നീട്ടാൻ പാടു പെട്ടപ്പോൾ അതേ തരത്തിലുള്ള പ്ലോട്ട് കൊണ്ട് 120 മിനിറ്റ് അത്ഭുതമാണ് ലിജോ തീർത്തത്.
വയ്യാണ്ട് കിടന്നിട്ടും ലിജോ അണ്ണന്റെ പടം തീയേറ്ററിൽ പോയി കാണാൻ കാണിച്ചാ ഇവന്റെ മനസ്സ് ഉണ്ടല്ലോ അത് ആരും കാണാതെ പോകരുത് ! ...... കുറെ കാലത്തിനു ശേഷം വീണ്ടും നിന്റെ review കണ്ടതിൽ സന്തോഷം ! കൊടുങ്ങല്ലൂരിലെ ലിജോ ഫാൻ നീ തന്നെ ആടാ ഉവെ !. ... Sent from my ALP-L29 using Tapatalk