Watched Mikhael പേരിലെ വെളിച്ചം സ്ക്രീനിൽ വിതറാത്ത മാലാഖ. ബലം കുറഞ്ഞൊരു രചനയെ നല്ല മേക്കിങ് കൊണ്ട് പിടിച്ചു നിർത്താൻ നോക്കിയപ്പോൾ അഭിനേതാക്കളുടെ പ്രകടനം തിരിച്ചടിയായി. ഹനീഫ് അദേനിയുടെ ശരാശരിയിൽ താഴെ നിൽക്കുന്ന ഒരു സ്ക്രിപ്റ്റ് അതിനെ അദ്ദേഹം കൊള്ളാവുന്ന സംവിധാനത്തിലൂടെ നന്നാക്കാൻ ശ്രമിച്ചപ്പോൾ കാസ്റ്റിംഗ് വില്ലനായി. വിഷ്ണു പണിക്കരുടെ മികച്ച ഛായാഗ്രഹണവും മഹേഷ് നാരായണന്റെ നിലവാരമേറിയ എഡിറ്റിംഗും ചിത്രത്തെ താങ്ങി നിർത്തിയതിൽ പ്രധാന പങ്ക് വഹിച്ചവയാണ്. Gopi Sunder ഇദ്ദേഹമാണ് ഈ ചിത്രത്തിലെ യഥാർത്ഥ ഹീറോ.... പ്രേക്ഷകനെ തിയ്യേറ്ററിൽ പിടിച്ചിരുത്തിയ എന്തേലും ഒരു കാര്യം ഈ ചിത്രത്തിൽ ഉണ്ടായിട്ടുണ്ടേൽ അത് ഗോപി ഒരുക്കിയ അതിഗംഭീരമായ പശ്ചാത്തല സംഗീതം ഒന്ന് മാത്രമാണ്. നിവിൻ, ഉണ്ണി, സിദ്ദിഖ് എന്ന് വേണ്ട എല്ലാ കഥാപാത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ bgmകളും ഒന്നിനൊന്ന് മികച്ചവയായിരുന്നു. ഈ ചിത്രത്തിന്റെ നട്ടെല്ലാണ് പശ്ചാത്തല സംഗീതം. പക്ഷേ ഇത്രയും ഗംഭീരമായ പശ്ചാത്തല സംഗീതത്തിന്റെ പവർ നായകന് പ്രകടനത്തിൽ തരാനായില്ല എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. നിവിൻ പോളി...... മൈക്കിൾ എന്ന കഥാപാത്രം നിവിന് ഒട്ടും ചേരാത്ത ഒരു റോൾ ആയിരുന്നു. മാസ്സ് കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയാണ്. ഭയങ്കര പഞ്ചിൽ പറയേണ്ടുന്ന പല സംഭാഷണങ്ങളും അദ്ദേഹം പറഞ്ഞു വരുമ്പോൾ ആ ഫീൽ കിട്ടിയില്ല എന്ന് മാത്രമല്ല പലതും മനസ്സിലായത് പോലുമില്ല. ആക്ഷൻ രംഗങ്ങളിലും ഒരു പെർഫെക്ഷനില്ലായ്മ ഫീൽ ചെയ്തു. തന്റെ പരിമിതികൾ അറിഞ്ഞുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അത് ചെയ്യാൻ അദ്ദേഹം കാണിക്കുന്ന ധൈര്യത്തിനെ അഭിനന്ദിച്ചേ മതിയാകൂ.... തനിക്ക് കഴിയില്ല എന്ന് കരുതുന്നൊരു കാര്യത്തെ ധൈര്യപൂർവ്വം സമീപിച്ച് അത് ചെയ്തു ഫലിപ്പിക്കാൻ അദ്ദേഹം നന്നായിട്ട് ശ്രമിക്കുന്നുണ്ട്.... വരാനുള്ള സിനിമകളിൽ അദ്ദേഹം ആ ശ്രമങ്ങളിൽ വിജയിക്കുമെന്നും വിമർശനങ്ങൾക്ക് പ്രകടനത്തിലൂടെ മറുപടി നൽകുമെന്നും പ്രതീക്ഷിക്കാം. ഉണ്ണി മുകുന്ദൻ..... മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രത്തിന് നല്ല സ്പേസ് കൊടുത്തിരുന്നേൽ നന്നാവുമായിരുന്നു ഉണ്ണിയുടെ ലുക്കും ആക്ഷൻ രംഗങ്ങളിലെ മികവും എല്ലാം ആ കഥാപാത്രത്തിന് നല്ല രീതിയിൽ അനുയോജ്യമായിരുന്നു പക്ഷേ ആവശ്യത്തിനുള്ള സ്പേസ് ആ കഥാപാത്രത്തിന് കൊടുത്തില്ല. ബൂസ്റ്റ് ചെയ്തു കൊണ്ട് വന്ന് താഴെയിട്ട് കളഞ്ഞു. ആക്ഷൻ രംഗങ്ങൾ എല്ലാം ഉണ്ണി മനോഹരമായി ചെയ്തു. മാസ്സ് ഡയലോഗുകളിൽ ഉണ്ണിയുടെ പ്രശ്നവും ഡയലോഗ് ഡെലിവറിയാണ് അത് അദ്ദേഹത്തിന്റെ ആ ചെറിയ ശബ്ദത്തിന്റെയാണ് എന്ന് മാത്രം. സിദ്ദിഖ്..... ചിത്രത്തിൽ ഏറ്റവും മികച്ചു നിന്ന കഥാപാത്രം സിദ്ദിഖിന്റെ ജോർജ്ജ് പീറ്റർ ആണ്. സൈക്കോ സ്വഭാവമുള്ള ആ ക്രൂരനായ..... ഒപ്പം കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്ന ആ ശക്തമായ വില്ലൻ കഥാപാത്രം സിദ്ദിഖ് അതി ഗംഭീരമായി കൈകാര്യം ചെയ്തു. ചിത്രത്തിലെ ഏറ്റവും മികച്ച മാസ്സ് സീനും അദ്ദേഹത്തിന്റെ കഥാപാത്രത്തിനായിരുന്നു. സുരാജ് വെഞ്ഞാറമൂട്, ശാന്തി കൃഷ്ണ, അശോകൻ, ബൈജു എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയപ്പോൾ ജെ.ഡി. ചക്രവർത്തിയുടെ പ്രകടനം ഒരു കല്ലുകടിയായി. കെ. പി. എ. സി. ലളിത, മഞ്ജിമ മോഹൻ, അഞ്ജലി നായർ, ബാബു ആന്റണി, കലാഭവൻ ഷാജോൺ, സുദേവ് നായർ, ബാലാജി ശർമ്മ, അമൽ ഷാ, റീബ മോണിക്ക ജോൺ,Etc. തുടങ്ങിയവർക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. നിവിന്റെ കഥാപാത്രത്തിന്റെ അനിയത്തിയായ ജെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയുടെ പേര് അറിയില്ല.... പ്രധാന കഥാപാത്രമായ ജെനിയുടെ റോൾ ആ കുട്ടി വലിയ മോശമില്ലാതെ ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ തരക്കേടില്ലാതെ വന്നപ്പോൾ ചില സ്ഥലങ്ങളിൽ മോശവുമായി. പാളിപ്പോയിരുന്നേൽ അരോചകമായിപ്പോകുമായിരുന്ന ആ വേഷം ഒരു തുടക്കക്കാരിയുടെ പരിഭ്രമം ഉണ്ടേൽ പോലും ആ കുട്ടി മോശമില്ലാതെ ചെയ്തിട്ടുണ്ട്. ഹനീഫ് അദേനിയുടെ സംഭാഷണങ്ങൾ ചിലത് മികച്ചു നിന്നപ്പോൾ ചിലത് നിലവാരം തീരെയില്ലാത്തവയും ആയിരുന്നു. ശരാശരിയിലും താഴെ നിൽക്കുന്ന ഒരു സ്ക്രിപ്പിറ്റിനെ ഹനീഫ് കൊള്ളാവുന്ന മേക്കിങ് ഒരുക്കി മികച്ച ഛായാഗ്രഹണത്തിന്റേയും നിലവാരമുള്ള എഡിറ്റിങിന്റേയും ഗംഭീരമായ പശ്ചാത്തല സംഗീതത്തിന്റേയും പിൻബലത്തിൽ പിടിച്ചു നിർത്താൻ നോക്കിയപ്പോൾ കാസ്റ്റിംഗിലെ പിഴവ് വില്ലനായി വന്നു. മിഖായേൽ എന്നെ സംബന്ധിച്ച് ശരാശരിക്കും താഴെ നിൽക്കുന്നൊരു അനുഭവമാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം നായകനായ ചിത്രത്തിൽ വിഷ്ണു പണിക്കരുടെ ഛായാഗ്രഹണവും മഹേഷ് നാരായണന്റെ എഡിറ്റിങ്ങും സിദ്ദിഖിന്റെ പ്രകടനവും മാത്രമാണ് എടുത്തു പറയാനുള്ളത് . മിഖായേൽ..... സ്ക്രീനിലെ വെളിച്ചം സ്ക്രീനിൽ വിതറാത്ത മാലാഖ. (അഭിപ്രായം തികച്ചും വ്യക്തിപരം)