‘റിലീസിനു മുമ്പ് ആ സീൻ ലൂസിഫറിനു പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളൂ’ കാരണം വെളിപ്പെടുത്തി പൃഥ്വി ബോക്സ് ഒാഫിസിൽ വൻവിജയം നേടി മുന്നോട്ടു കുതിക്കുന്ന ലൂസിഫർ സിനിമയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറഞ്ഞ് സംവിധായകൻ പൃഥ്വിരാജ്. മഴവിൽ മനോരമ എന്റർടെയിൻമെന്റ് അവാർഡ്സ് 2019 വേദിയിലാണ് പൃഥ്വി പുറത്തുള്ള പലർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. മഴവിൽ പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പൃഥ്വിരാജിനായിരുന്നു. പുരസ്കാരം പൃഥ്വിക്ക് സമ്മാനിച്ചത് സംവിധായകൻ ഭദ്രനാണ്. പുരസ്കാരം സ്വീകരിച്ച ശേഷം ഭദ്രനുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പൃഥ്വി പറഞ്ഞു. ലൂസിഫർ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താൻ അനുഗ്രഹം തേടിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളുവെന്നും അത് ഭദ്രനാണെന്നും പൃഥ്വി വെളിപ്പെടുത്തി. സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അതു ചെയ്യാൻ പ്രചോദനമായതെന്നും അതു കൊണ്ടാണ് ആ സീൻ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചതെന്നും പ്വഥ്വി പറഞ്ഞു. സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദഹത്തെ മാറ്റിയതെന്നു ഭദ്രൻ പറഞ്ഞു. അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. ഇനി സിനിമ സംവിധാനം ചെയ്താലും ഇല്ലെങ്കിലും സംവിധാനത്തിനു ലഭിച്ച ഈ ആദ്യ പുരസ്ക്കാരം വളരെ പ്രത്യേകതയുള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു