സിനിമയിൽ അനേകം പോലീസ് വേഷങ്ങൾ ചെയ്ത ജഗന്നാഥവർമ്മ ജീവിതത്തിലും പോലീസ് ആയിരുന്നു. ഒരിക്കൽ മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ വച്ച് അദ്ദേഹം സാക്ഷാൽ പ്രേംനസീറിന്റെ പോലീസ് വേഷത്തെ തിരുത്തിയിട്ടുണ്ട്. എസ് പിയുടെ വേഷമാണ് നസീർ ചെയ്യുന്നത്. യൂണിഫോമിൽ നെഞ്ചിന്റെ ഇരുവശത്തുമായി നക്ഷത്രങ്ങളിങ്ങനെ നിരന്നു കിടക്കുന്നു. വർമ്മ പറഞ്ഞു - 'സാർ, എസ് പിയ്ക്ക് ഒരു സ്റ്റാറും, അശോകസ്തംഭവുമേ പാടുള്ളൂ'. വർമ്മ ജൂനിയർ നടനാണെന്നതൊന്നും നോക്കാതെ നസീർ അത് അംഗീകരിക്കുകയും, തിരുത്താൻ തയ്യാറാവുകയും ചെയ്തു.
അമരത്തിൽ മമ്മൂട്ടിയുടെ മരുമകന്റെ വേഷം ചെയ്യാൻ ഒരു ഹിന്ദിനടനെയാണ് ഭരതൻ ഉദ്ദേശിച്ചത്. അത് നടക്കാതെ പോയപ്പോൾ നിർമാതാവ് ബാബു തിരുവല്ലയും, സഹസംവിധായകൻ ജോർജ്ജ് കിത്തുവുമാണ് അശോകന്റെ പേര് ഭരതനോട് നിർദ്ദേശിച്ചത്. ആ വേഷം അശോകന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുകയും ചെയ്തു.
'ചൈന ടൗൺ' സിനിമയിൽ വില്ലൻ വേഷം ചെയ്തത് ഹിന്ദി നടൻ പ്രദീപ് റാവത്ത് ആണ്. ദിലീപിന്റെ മുഖത്ത് നോക്കി ദേഷ്യത്തോടെ "ഒപ്പിടൂ" എന്ന് പറയുന്ന ഡയലോഗ് ആണ് ആശാന്റേതായി ആദ്യം ചിത്രികരിച്ചത്. പല തവണ പറഞ്ഞുപഠിച്ച് ഒടുവിൽ ടേക്കിന്റെ സമയത്ത് കക്ഷി പറഞ്ഞ ഡയലോഗ് ഇങ്ങനെ: "തുപ്പിടൂ" കട്ട് പറയുന്നതിനു മുമ്പ്തന്നെ ദിലീപ് അവിടെ കമിഴ്ന്നുകിടന്ന് ചിരിക്കുകയായിരുന്നു. മോഹൻലാലും, ജയറാമും ഉൾപ്പെടെ സകലരും അന്തം വിട്ടു നിന്നു! പിന്നീട് ഒരുപാട് കഷ്ടപ്പെട്ടാണ് ആ സീൻ പൂർത്തിയാക്കിയത്. അടുത്തത് ഒരു നീണ്ട ഡയലോഗ് ആണ് റാവത്ത് പറയേണ്ടത്. അതും മോഹൻലാലിന്റെ മുഖത്ത് നോക്കിക്കൊണ്ട്. ഫ്രെയിമിൽ മോഹൻലാൽ പുറംതിരിഞ്ഞാണ് നിൽക്കുന്നതെങ്കിലും ഒറ്റ ഷോട്ടിൽ റാവത്ത് ഡയലോഗ് പറഞ്ഞു തീർക്കണം. 'തുപ്പിടൂ' പോലെയാകാതിരിക്കാൻ റാഫി ചെയ്തത് എന്താണെന്നോ! റാവത്തിന്റെ നോട്ടം എത്തുന്ന സ്ഥലത്തെല്ലാം ഡയലോഗ് എഴുതിയ പേപ്പറുകളും പിടിച്ച് സെറ്റിലെ ഓരോരുത്തരേയും നിർത്തി. അതും പോരാഞ്ഞിട്ട് സാക്ഷാൽ മോഹൻലാലിന്റെ നെഞ്ചിലും (പകുതിയോളം ഷേവ് ചെയ്തിട്ട്), നെറ്റിയിലും, കവിളിലുമൊക്കെ മാർക്കർ പേനാ കൊണ്ട് ചില വാക്കുകൾ എഴുതി വച്ചു!! ഇതൊക്കെ സഹിച്ച് അനങ്ങാതെ നിന്നുകൊടുത്ത പാവം മോഹൻലാലിനെ ഓർത്ത് ദിലീപിനും, ജയറാമിനും അന്ന് ചിരിയടക്കാൻ കഴിഞ്ഞില്ലത്രേ.
ഉദയായുടെ സിനിമകൾ നിറഞ്ഞുനിന്ന കാലത്ത് സ്ക്രിപ്റ്റിൽ കോമഡി വരുന്ന ഭാഗത്ത് ഭാസി, എസ്. പി. എന്നുമാത്രം എഴുതിവിടുകയായിരുന്നു പതിവ്. ആ സീനിന്റെയൊക്കെ രചനയും, സംവിധാനവുമെല്ലാം അവർ തന്നെ ചെയ്തുകൊള്ളും. അത്ര കണ്ട് നർമ്മത്തിന്റെ മർമ്മം അറിഞ്ഞവരായിരുന്നു അടൂർ ഭാസിയും, എസ്.പി. പിള്ളയും.
Ingerde dialoguesinu orupadu retakes vendi vararund...Njan cousinsinte shooting locationil vachu neritu kanditund..
പേരിടാതെ സിനിമ റിലീസ് ചെയ്ത ശേഷം പ്രേക്ഷകരിൽ നിന്ന് പേര് ക്ഷണിച്ച് രണ്ടാം വാരത്തിൽ പേരിട്ട ഒരു ചിത്രമുണ്ട് മലയാളത്തിൽ. മുകേഷ് ആയിരുന്നു നായകൻ. സിനിമ - 'ടോക്കിയോ നഗറിലെ വിശേഷങ്ങൾ'
ശ്യാമപ്രസാദിന്റെ സിനിമകളുടെ പേരുകൾക്കും ഒരു കൗതുകമുണ്ട്. ആദ്യചിത്രം (കല്ലുകൊണ്ടൊരു പെണ്ണ്) മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത്. രണ്ടാമത്തെ സിനിമ മുതൽ അദ്ദേഹം സ്വരാക്ഷരങ്ങളെ പ്രണയിച്ചുതുടങ്ങി. സിനിമാപ്പേരുകളുടെ ആദ്യാക്ഷരം ഒന്ന് ശ്രദ്ധിയ്ക്കൂ. അഗ്നിസാക്ഷി, അകലെ, ഒരേ കടൽ, ഋതു, ഓഫ് സീസൺ(കേരള കഫേ), ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആർട്ടിസ്റ്റ്, ഇവിടെ
ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് പേര് മാറ്റേണ്ടിവന്ന സിനിമയാണ് 'പൊന്മുട്ടയിടുന്ന താറാവ്'. ഇതിന് ആദ്യം നിശ്ചയിച്ചത് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേരായിരുന്നു. അതുവച്ച് പോസ്റ്ററും അടിച്ചു. എന്നാൽ തട്ടാൻ സമുദായത്തിൽപ്പെട്ടവർ പ്രശ്നമുണ്ടാക്കിയതോടെ തട്ടാൻ എന്നത് താറാവ് ആക്കേണ്ടിവന്നു സത്യൻ അന്തിക്കാടിന്.