'കാല്‍പ്പാടുകളു'ടെ നിര്‍മാതാവ് ആര്‍ നമ്പിയത്ത് ഓര്‍ക്കുന്നു യേശുദാസിനെ ആദ്യം പാടിച്ചത്... പാട്ട് റെക്കോര്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി..റിഹേര്‍സല്‍ തുടങ്ങി. പി ലീല, ഉദയഭാനു, ശാന്ത പി നായര്‍, കമലാ കൈലാസനാഥന്‍, യേശുദാസ് ഇവരാണ് ഗായകര്‍. അപ്രതീക്ഷിതമെന്നു പറയട്ടെ റെക്കോര്‍ഡ്‌നു തൊട്ടു മുമ്പ് യേശുദാസിന് പനി പിടിച്ചു . ഈ അവസ്ഥയില്‍ അയാളെ കൊണ്ട് പാടിക്കുന്നതില്‍ സംവിധായകന്‍ ആന്റണിയും എം ബി ശ്രീനിവാസനും എതിരായിരുന്നു. അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നമ്പിയത്ത് സാര്‍ ഇത് പരീക്ഷണത്തിനുള്ള വേദിയല്ല ,ലക്ഷങ്ങള്‍ മുടക്കിയാണ് പടമെടുക്കുന്നത് . അത് പൊട്ടാതെ നോക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ് .. എന്നാൽ നമ്പിയത്ത് പറഞ്ഞു - ഒരു പാട്ട് ഞാന്‍ ദാസിനു കൊടുക്കും , അത് എന്റെ സിനിമ പൊട്ടുന്നെങ്കില്‍ പൊട്ടട്ടെ. ഭാനുമതി അമ്മയുടെ ഭരണി സ്റ്റുഡിയോയില്‍ വച്ചായിരുന്നു റിക്കാര്‍ഡിംഗ്. റിക്കാര്‍ഡിംഗ് രംഗത്തെ കുലപതിയായ കോടീശ്വരറാവുവായിരുന്നു റിക്കാഡിസ്റ്റ്. യേശുദാസ് നിര്‍ഭയം പാടി. ആ ശബ്ദം ആദ്യമായി സൌണ്ട് യന്ത്രത്തിന്റെ ടേപ്പില്‍ പതിഞ്ഞു. "ജാതിഭേദം മതദ്വേഷം ......"
എം ജി രാധാകൃഷ്ണൻ ആദ്യമായി സംഗീതം നല്‍കിയ ഗാനം ആലപിച്ചത് കരമന കൃഷ്ണൻ നായരായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണന്‍നായരുടെ മകള്‍ക്ക് സംഗീതലോകത്തേക്കുള്ള ചുവടുവെപ്പിനും എം ജി രാധാകൃഷ്ണന്‍ നിമിത്തമായി. കെ എസ് ചിത്ര എന്നായിരുന്നു ആ മകളുടെ പേര്.
'ഗസ്സൽ' എന്ന ചിത്രത്തിൽ വിനീതും,മോഹിനിയും തമ്മില്‍ ഉള്ള ഒരു പ്രേമരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകൻ കമല്‍. അവർ കെട്ടിപിടിച്ചു നില്‍ക്കുന്ന സീന്‍ കണ്ടിട്ട് ഒരു അസിസ്റ്റന്റ് പറഞ്ഞു: ഞാൻ എന്നാണ് ഇങ്ങനെ കെട്ടി പിടിച്ചു നില്‍ക്കുക.. എല്ലാവരും ചിരിച്ചു. കാര്യം അറിഞ്ഞ മോഹിനി കോപിഷ്ഠയായി. അസ്സിസ്റ്റന്റിനോട് കയര്‍ത്തു. കാലം പിന്നെയും നീങ്ങിയപ്പോൾ ആ അസ്സിസ്റ്റന്റിന്റെ നായിക ആയി മോഹിനി കെട്ടിപ്പിടിച്ചു തന്നെ അഭിനയിച്ചു. ഒന്നല്ല, പല ചിത്രങ്ങള്‍. കമലിന്റെ ആ അസ്സിസ്റ്റന്റിനെ നമ്മൾ അറിയും. നമ്മുടെ സ്വന്തം ദിലീപ്...
ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ പിറവി തന്നെ ഒരു ഗാനത്തിന്റെ പല്ലവിയില്‍ നിന്നാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതേപ്പറ്റി കൈതപ്രം പറയുന്നു. ''തൃശ്ശൂരില്‍ വച്ച് ഞങ്ങള്‍ പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പടത്തിന്റെ വര്‍ക്ക് തുടങ്ങിയിരുന്നില്ല. അത് ലോഹിയുടെ മനസ്സിലെ ഒരു ആശയം മാത്രമായിരുന്നു അന്ന്. കഥയുടെ ത്രെഡ് ലോഹി വിവരിച്ചപ്പോള്‍, ഞാന്‍ നേരത്തെ എഴുതിവച്ചിരുന്ന ഒരു ഗാനത്തിന്റെ പല്ലവി മൂളി. രാധാവിരഹത്തെ കുറിച്ചുള്ള വരികള്‍: ഗോപികാവസന്തം തേടി വനമാലി....ആദ്യത്തെ രണ്ടു വരികള്‍ കേട്ടതേയുള്ളൂ, ലോഹി എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു പറഞ്ഞു: ഗംഭീരം. ഇതാണ് നമ്മുടെ പടത്തിന്റെ സബ്ജക്റ്റ്.'' ഹിസ് ഹൈനസ് അബ്ദുള്ളയുടെ തുടക്കം ആ നിമിഷത്തില്‍ നിന്നാണ്.
'ഗോപികാവസന്ത'ത്തിന്റെ കമ്പോസിങ് സമയത്ത് സിറ്റ്വേഷന്‍ വിവരിച്ചു കേട്ടപ്പോള്‍ സംഗീതസംവിധായകന്‍ രവീന്ദ്രൻ പറഞ്ഞു: ഒരു മേയ് മാസപ്പുലരിയില്‍ എന്ന പടത്തിനു വേണ്ടി മുന്‍പ് ഞാന്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട്. ഭാസ്‌കരന്‍ മാഷുടെ വരികളാണ്. പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും വിചാരിച്ചപോലെ ഹിറ്റായില്ല. ആ പാട്ട് ബെയ്‌സ് ചെയ്തു പുതിയൊരു ഈണം കമ്പോസ് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു... പാട്ട് കേള്‍ക്കട്ടെ എന്നായി ലോഹിതദാസ്. പരുഷഹൃദ്യമായ ശബ്ദത്തില്‍ രവീന്ദ്രന്‍ പാടുന്നു: 'ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍'.... ''ലോഹിക്ക് പാട്ട് ഇഷ്ടപ്പെട്ടു. ആ ഗാനത്തിന്റെ ചുവടു പിടിച്ച് രവീന്ദ്രൻ ഉണ്ടാക്കിയ പുതിയ ഈണത്തിനൊത്തു കൈതപ്രം കുറിച്ച പാട്ടാണ് 'പ്രമദവനം വീണ്ടും'..''