'ഗുണ' എന്ന സിനിമയിലെ 'കൺമണി അൻപോട് കാതലൻ...' എന്ന പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് 'രസതന്ത്ര'ത്തിലെ നായികക്ക് സത്യന് അന്തിക്കാട് കണ്മണി എന്ന് പേരിട്ടത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണെങ്കിലും ഏറ്റവും കൂടുതൽ സിനിമകൾക്കു വേണ്ടി ഗാനങ്ങളെഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. 350ൽ പരം സിനിമകൾക്കു വേണ്ടി അദ്ദേഹം എഴുതി.
ബാലചന്ദ്രമേനോന്റെ 'രാധ എന്ന പെണ്‍കുട്ടി' സിനിമയുടെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ RUSHES കാണാന്‍ കൊല്ലം കുമാര്‍ തിയറ്ററില്‍ ഒരു രാത്രിയില്‍ മേനോനും,നിർമാതാവ് റെഡ്ഡിയാരും, മറ്റു സഹപ്രവര്‍ത്തകരും ഒത്തുകൂടി. RUSHES കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്നവരുടെ മുഖം നിരാശയില്‍ മുങ്ങി. ചെലവു ചുരുക്കാന്‍ ക്യാമറയില്‍ നടത്തിയ പരീക്ഷണം പാളി. ചിത്രത്തിന് ആകെയൊരു ഇരുണ്ട നിറം. ഒരു രംഗത്ത് കൊട്ടാരക്കരയുടെ നരച്ച തല കണ്ട റെഡ്ഡിയാര് അതെന്താ സാധനം എന്ന് ചോദിക്കുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തി. കളര്‍ സിനിമ കൂടുതലായി വരാന്‍ തുടങ്ങിയ ആ സമയത്ത് ഇരുണ്ടു കൂടിയ ഒരു ബ്ലാക്ക് & വൈറ്റ് സിനിമ... തിയറ്ററില്‍ മൂക്കുംകുത്തി വീഴുമെന്നു എല്ലാവരും പറഞ്ഞു. സിനിമ വീണ്ടും ഷൂട്ട് ചെയ്യണമെന്നും അഭിപ്രായം ഉണ്ടായി. എന്നാല്‍ നിര്‍മ്മാതാവിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് ശക്തമാകും എന്നറിയാവുന്ന മേനോന് ഈ കാര്യം നിരാകരിച്ചു. എഡിറ്റിംഗ് സമയത്ത് തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു സിനിമയെ വെളുപ്പിക്കാമെന്ന് മേനോന് ഉറപ്പു കൊടുത്തു. അതില്‍ ഒരു പരിധിവരെ വിജയിച്ചെങ്കിലും ഒരു കറുപ്പ് സിനിമയെ ഉടനീളം പിടികൂടിയിരുന്നു. ഒടുവില്‍ ചിത്രം റിലീസ് ആയി. കൂടെ ഒരു പിടി കളര്‍ ചിത്രങ്ങളും ഉണ്ടായിരുന്നു. അതിനിടയില്‍ ഈ സിനിമ വലിയൊരു പരാജയമാകുമെന്ന് എല്ലാവരും വിധിയെഴുതിയെങ്കിലും അവരെയെല്ലാം ഒരുപോലെ അമ്പരപ്പിച്ചുക്കൊണ്ട് രാധ എന്ന പെണ്‍കുട്ടി ഒരു മാതിരി റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം 25 ദിവസം പിന്നിട്ടു. അങ്ങനെ 'ഉത്രാടരാത്രി' എന്ന പരാജയ സിനിമയുടെ സംവിധായകന് ഒരു സില്‍വര്‍ ജൂബിലി സിനിമയുടെ സംവിധായകനായി മാറുകയായിരുന്നു. തീര്‍ന്നില്ല.. ആ വര്‍ഷത്തെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് രാധ എന്ന പെണ്‍കുട്ടി സിനിമയുടെ കഥയ്ക്ക് മേനോന് ലഭിച്ചു. സിനിമ കണ്ട നിരൂപകരില്‍ ഒരാള്‍ സിനിമയ്ക്ക് ഉടനീളം മേനോന് കൊടുത്ത ആ ബ്ലാക്ക് SHADEനെ പറ്റി വാതോരാതെ പുകഴ്ത്തി. ആ കറുപ്പ് നിറം രാധയുടെ ഇരുണ്ട ജീവിതത്തിന്റെ പരമര്‍ശമായിരുന്നു എന്നായിരുന്നു അദ്ദേഹം കണ്ടെത്തിയത്.