'നിർമാല്യ'ത്തിന്റെ ചിത്രീകരണ സമയത്ത് എം ടി വളരെയധികം സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നു ക്യാമറാമാൻ രാമചന്ദ്രബാബു ഓർക്കുന്നു. നാട്ടുകാർ ആയിരുന്നത്രെ സിനിമയുടെ അണിയറപ്രവർത്തകർക്ക് ഭക്ഷണം നൽകിയത്... ഫിലിം തീർന്നുപോയൊരു ഘട്ടത്തിൽ സംവിധായകൻ വിൻസെന്റ് ആയിരുന്നു ഫിലിം നല്കി സഹായിച്ചത്.
എത്ര വൈകി ഉറങ്ങിയാലും നടൻ ജയന്റെ ഒരു ദിവസം വെളുപ്പിന് 4 മണിയ്ക്ക് ആരംഭിക്കുമായിരുന്നു. ഒരു മണിക്കൂർ നീളുന്ന പതിവ് വ്യായാമങ്ങൾക്ക് ശേഷം, പാചകക്കാർ തുടങ്ങി സിനിമാ സെറ്റിലെ സകലരെയും വാതിലിൽ മുട്ടി വിളിച്ചുണർത്തിയിരുന്നത് ജയൻ ആയിരുന്നത്രേ.
ജയന്റെ മരണശേഷം പുറത്തുവന്ന ചിത്രങ്ങൾക്കുവേണ്ടി ഡബ് ചെയ്തത് ആലപ്പി അഷ്റഫ് ആണ്. സാങ്കേതികവിദ്യ പരിമിതമായിരുന്ന ആ കാലത്ത് ജയന്റെ സംഭാഷണം അല്പം വലിച്ചുനീട്ടിയാണ് അദ്ദേഹം ഡബ് ചെയ്തത്. ഈ ശൈലിയാണ് വർഷങ്ങൾക്കുശേഷം വന്ന ജയൻ തരംഗത്തിൽ മിമിക്രിക്കാർ വ്യാപകമായി അനുകരിച്ചത്. ജയൻ യഥാർത്ഥത്തിൽ ഇങ്ങനെ ആയിരുന്നില്ല സംസാരിച്ചിരുന്നത്.
'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്' എന്ന സിനിമയെടുക്കുന്ന സമയത്ത് മോഹൻലാലിൻറെ കൂട്ടുകാരായി രണ്ടു പേരെ വേണം. അഗസ്റ്റിൻ എന്ന നടനെ ഒരു കൂട്ടുകാരനായി അഭിനയിപ്പിക്കാൻ തീരുമാനമായി. മറ്റൊരാളെ അന്വേഷിക്കുന്നതിനിടെ ശ്രീനിവാസന്റെ പുറത്തിറങ്ങാൻ പോകുന്ന 'ദൂരെ ദൂരെ കൂട് കൂട്ടാം' എന്ന സിനിമയിൽ അഭിനയിച്ച മാമു തൊണ്ടിക്കാട് എന്ന നാടക നടനെ പറ്റി ശ്രീനി സത്യനോട് പറഞ്ഞു. അങ്ങനെ സത്യനെ കാണാൻ മാമുകോയ വന്നു. മാമുകോയയുടെ രൂപ ഭാവങ്ങളും, അവസരം തന്നില്ലേൽ പറ പോയിട്ട് വേറെ പണിയുണ്ടെന്നുള്ള ഭാവത്തിലുള്ള നില്പും കണ്ടപ്പോൾ സത്യന് ദേഷ്യം വന്നു. സ്വതവേ സൗന്ദര്യമുള്ളവരോട് പുച്ഛമുള്ള ശ്രീനി തന്നെ കളിയാക്കിയതാകാം എന്ന് സത്യന് തോന്നി. ശ്രീനിയോട് കയർത്തപ്പോൾ ശ്രീനി പറഞ്ഞു ” ലാലിൻറെ സുഹൃത്താകാനുള്ള ഗ്ലാമർ അയാൾക്കുണ്ടോ എന്നറിയില്ല. പക്ഷെ ഗംഭീര നടനാണ് ” എന്തായാലും ശ്രീനി പറഞ്ഞ ആളായത് കൊണ്ട് തൽകാലം ഈ കഥാപാത്രത്തിന്റെ സംഭാഷണവും അഗസ്റ്റിനെ കൊണ്ട് ചെയ്യിപ്പിച്ച് മാമു തൊണ്ടിക്കാടിനെ പറഞ്ഞു വിടാമെന്ന് കരുതി. ഷൂട്ടിംഗ് തുടങ്ങി . കുളിച്ചിറങ്ങി പുറത്തിറങ്ങുമ്പോൾ തങ്ങളുടെ ഔദാര്യത്തിൽ കഴിയുന്ന ലാലിന്റെ കഥാപാത്രത്തെ കണ്ടു വഴക്കിടുന്ന രംഗം എടുത്തപ്പോൾ സത്യൻ അന്തിക്കാട് അന്തം വിട്ടു പോയി, അയാളുടെ സ്വാഭാവികമായ അഭിനയ പാടവം കണ്ട്. അതോടെ കൂടുതൽ സംഭാഷണവും അയാൾക്ക് നൽകി അയാളെ തന്റെ ഗ്രാമീണ കഥാപാത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാക്കി മാറ്റി.
സത്യന് അന്തിക്കാടിന്റെ 'സന്മനസ്സുള്ളവര്ക്ക് സമാധാനം' എന്ന ചിത്രത്തില്‍ പാട്ടെഴുതാന്‍ മുല്ലനേഴിയെ അന്വേഷിച്ചുപോയ കഥ സംഗീത സംവിധായകൻ ജെറി അമല്‍ദേവ് ഓര്‍ക്കുന്നതു ഇങ്ങനെ, “സത്യന് കഥ പറഞ്ഞു. പാട്ടെഴുതുന്ന മുല്ലനേഴിയെ അന്വേഷിച്ച് ആദ്യം വീട്ടിലാണ് ഞങ്ങള്‍ പോയത്. പക്ഷേ ആൾ എങ്ങോട്ടാണ് പോയതെന്ന് ഒരു പിടിയുമില്ല. നേരെ സ്കൂളിലേക്ക്. അവിടെയും ആര്‍ക്കുമറിയില്ല. ആ യാത്ര അവിടെ നിര്‍ത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സത്യന് വിളിച്ചുപറഞ്ഞു, മുല്ലനേഴി എറണാകുളത്ത് ഒരു ഹോട്ടലില്‍ ഉണ്ടെന്ന്. അങ്ങനെ അങ്ങോട്ടു ചെന്നു. മുല്ലനേഴിയെ ആദ്യമായി കാണുന്ന എനിക്ക് തോന്നി, ഒരു സ്കൂളിലെ വാധ്യാര്, എന്തു പാട്ടുണ്ടാക്കാനാ? മനസില്‍ തോന്നിയത് പുറത്തുപറയാതെ, ഞാന്‍ ട്യൂണിട്ടുനല്കി. ഒരു വെസ്റ്റേണ്‍ ശൈലിയിലൊരു ട്യൂണ്‍. `ഒന്നുകൂടി മൂളാമോ?’ എന്നായി മുല്ലനേഴി. ഞാന്‍ വീണ്ടും മൂളി. ഉടനെ വരികളെത്തി, “പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം…” എന്നിട്ടൊരു ചോദ്യവും മതിയോ? എന്ന്. സത്യത്തില്‍ അത് ഗംഭീരമായിരുന്നു. എന്റെ എല്ലാ തെറ്റിദ്ധാരണകളും മാറ്റിവച്ച് മുല്ലനേഴി മാഷിനെ ഞാന്‍ മനസാ നമസ്കരിച്ചു.
കെ എസ് സേതുമാധവന് സംവിധാനം ചെയ്ത 'യക്ഷി' മലയാറ്റൂർ രാമകൃഷ്ണന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്തതാണ്. മലയാളത്തിലെ ആദ്യത്തെ Psychological ത്രില്ലർ ഗണത്തിൽ പെടുന്ന കൃതിയാണ് യക്ഷി. ഈ കഥ ഉണ്ടായതിനെപറ്റി മലയാറ്റൂർ ഒരിക്കൽ എഴുതിയിട്ടുണ്ട്. അദ്ദേഹവും സുഹൃത്തും കൂടി ഏതോ നാടകം കാണാൻ പോയി. യക്ഷി വരുന്ന രംഗം കണ്ടപ്പോൾ മലയാറ്റൂർ സുഹൃത്തിനോട് പറഞ്ഞത്രേ “യക്ഷി സുന്ദരിയാണ്”. അത് കേട്ട സുഹൃത്ത് ചോദിച്ചു ” എന്താ വിവാഹം കഴിക്കുന്നോ” എന്ന്. അപ്പോൾ മലയാറ്റൂർ ചിന്തിച്ചത്രേ ഭാര്യ യക്ഷി ആണെങ്കിലോ, അഥവാ ഒരാൾ അങ്ങനെ സംശയിച്ചാലോ… ആ ആലോചനയിൽ നിന്നുമാണ് ഈ കഥ ജനിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ആണ് മാമു കോയ ആദ്യ മായി സിനിമയിൽ വരുന്നത് ചിത്രം അന്യരുടെ ഭൂമി. പിന്നീട് വിജയ രാഘവൻ ആദ്യമായി നായക വേഷം ചെയ്ത സുറുമയിട്ട കണ്ണുകളിൽ അഭിനയിച്ചു. അതിനു ശേഷമാണു ദൂരെ ദൂരെ കൂട് കൂട് കൂട്ടാം എന്ന സിനിമയാണ് മാമു കോയ ചെയ്തത്. അത് റിലീസ് ആവുന്നതിനു മുന്‍പാണ് ഗാന്ധി നഗറിൽ അഭിനയിക്കുന്നത്. ആദ്യം റിലീസ് ആയത് ഗാന്ധി നഗർ ആണെന്ന് തോന്നുന്നു.
പുതിയ ഒരു സിനിമയുടെ ആലോചനയിൽ ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ ഇരുന്നു കഥയ്ക്ക് വേണ്ടി തലപുകയ്ക്കുകയാണ് ശ്രീനിവാസനും, സത്യൻ അന്തിക്കാടും. ഒരു ദിവസം രാവിലെ ചായകുടിച്ചുകൊണ്ടുള്ള അവരുടെ സംസാരത്തില്‍ സത്യന്റെയും ശ്രീനിയുടെയും ചില ബന്ധുക്കളുടെ വിശേഷങ്ങള്‍ കടന്നുവന്നു. ആഢംബരഭ്രമമുള്ള, അല്‍പ്പം കുശുമ്പുള്ള ചില സ്ത്രീകള്‍. ആ സംസാരത്തില്‍ നിന്ന് ഒരു കഥാപാത്രമുണ്ടായി. സ്വര്‍ണാഭരണങ്ങളോട് അമിതമായ താല്പ്പര്യമുള്ളതുകൊണ്ട് ആ കഥാപാത്രത്തിന് കാഞ്ചനയെന്ന പേര് ശ്രീനിവാസന് നല്കി. പിന്നെ അവള്‍ക്കൊരു കുടുംബവും, അസൂയ തോന്നാന്‍ വേറൊരു സ്ത്രീയെയും സൃഷ്ടിച്ചു. അങ്ങനെ ആ കഥാപാത്രത്തില്‍ നിന്നാണ് ' തലയണമന്ത്രം' എന്ന സിനിമയുണ്ടായത്.