രജനീകാന്തിന്റെ നായികാവേഷം എന്ന ഓഫർ നിരസിച്ച നടിയാണ് സംയുക്ത വർമ്മ. 'ബാബ' സിനിമയിലേക്കാണ് ക്ഷണം കിട്ടിയത്. നിരസിക്കാനുള്ള കാരണം അറിയില്ല.
ബോഡി ഗാര്‍ഡിൽ നായികയായി ആദ്യം അസിനെ ഉദ്ദേശിച്ചിരുന്നു. ആ സമയത്ത് അസിൻ ഹിന്ദിയിലേയ്ക്ക് പോയി. നയൻ താരയ്ക്ക് തമിഴിൽ ബാൻ വരുന്നതും ആ സമയത്താണ്. അങ്ങനെ ചർച്ചകളിൽ നയൻസിന്റെ പേര് കടന്നുവരുകയും, അവരെ ബോഡി ഗാർഡിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
പോലീസും, മറ്റ് അന്വേഷണ ഏജൻസികളും കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്ന 'Facial Composite Sketch ‘ എന്ന സാങ്കേതിക വിദ്യ മലയാള സിനിമയിൽ ആദ്യമായി പരിചയപ്പെടുത്തിയത് 'ഓഗസ്റ്റ് 1' എന്ന ചിത്രത്തിലാണ്.
'പൊന്തന്മാട'യിലെ ഷൂട്ടിംഗ് ലൊക്കെഷനിലെ രസകരമായ ഒരു കഥ മമ്മൂട്ടി പറയുന്നുണ്ട്. ഗ്രാമത്തിന്റെ പച്ചയായ മനുഷ്യരുടെ സ്നേഹത്തിന്റേയും നിഷ്ക്കളങ്കതയുടേയും സഹജീവിയോടുള്ള കരുതലിന്റേയും വിവരണമാണ് ആ കഥ. പൊന്തൻമാട എന്ന സിനിമയിലെ ഒരു സീനിൽ തമ്പുരാന്റെ ജോലിക്കാർക്കൊപ്പം മാട ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് രംഗം. ജോലിക്കാരായി അഭിനയിക്കാൻ കൊണ്ടുവന്നിരിക്കുന്നവർക്ക് കട്ടും ആക്ഷനും ഒന്നും ബാധകമല്ല, ഊണ് വിളമ്പി മുന്നിൽ വെച്ചിട്ടുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തിന്ന് തീർത്ത് സ്വന്തം ജോലിയിലേക്ക് മടങ്ങുന്ന പച്ചയായ ഗ്രാമീണരാണ് അവർ. പന്തിയിൽ ഇരിക്കുന്ന മമ്മൂട്ടി എന്ന നടനേയും അവർ തിരിച്ചറിയുന്നില്ല. മമ്മൂട്ടിയുടെ ഇലയിൽ അവിയൽ ഇല്ലെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ടടുത്തിരിക്കുന്ന കക്ഷി സ്വന്തം കൈകൊണ്ട് തന്റെ ഇലയിലെ അവിയൽ വാരി മമ്മൂട്ടിയുടെ ഇലയിലേക്ക് ഇടുന്നു.അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഭക്ഷണമില്ലെങ്കിൽ ആഹാരമിറങ്ങാത്ത ഒരു നാടൻ മനുഷ്യനെയാണ് മമ്മൂട്ടി എന്ന നടൻ അവിടെ കാണുന്നത്. അതുകൊണ്ടുതന്നെ പൊന്തൻമാട എന്ന വേഷത്തിന് കിട്ടിയ ഒരു ബഹുമതിയായി കണക്കാക്കി, തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരാൾ അയാളുടെ കൈകൊണ്ട് വാരിയിട്ട ആ ഒരുപിടി അവിയൽ കഴിക്കാനും മമ്മൂട്ടി മടിച്ചില്ല.