'ബാലൻ' എന്ന ആദ്യ ശബ്ദചിത്രത്തിനു പിന്നിൽ ഒരു ഒളിച്ചോട്ടത്തിന്റെ കഥ കൂടിയുണ്ട്. റ്റി. ആർ. സുന്ദരം നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനവും മറ്റൊരു സുന്ദരം ആയിരുന്നു. എന്നാൽ നായികയായെത്തിയ കുഞ്ചിയമ്മയോട് സംവിധായകന് കടുത്ത പ്രണയം. അങ്ങനെ സിനിമയുടെ റിഹേഴ്സൽ നടക്കുന്നതിനിടെ ഇരുവരും ഒളിച്ചോടി. ക്ഷുഭിതനായ റ്റി. ആർ. സുന്ദരം, സഹസംവിധാനം ഏറ്റിരുന്ന എസ്. നൊട്ടാണി എന്ന പാഴ്സിയെ സംവിധായകനാക്കി, കഥയിലും മാറ്റം വരുത്തി ബാലൻ പൂർത്തിയാക്കി. രണ്ടാമത്തെ ശബ്ദചിത്രമായ 'ജ്ഞാനാംബിക' സംവിധാനം ചെയ്തതും നൊട്ടാണി തന്നെയാണ്.
റ്റി. ആർ. സുന്ദരം രണ്ടാമത് നിർമ്മിച്ച മലയാളചിത്രവും ചരിത്രപ്രാധാന്യമുള്ളതാണ്. മലയാളത്തിലെ ആദ്യ വർണ്ണചിത്രമായ 'കണ്ടം ബെച്ച കോട്ട്'. ഇതിന്റെ സംവിധാനവും ഇദ്ദേഹം തന്നെ. തമിഴിലെ ആദ്യ വർണചിത്രമായ 'ആലിബാബാവും, 40 തിരുടർകളും' എന്ന ചിത്രവും നിർമ്മിച്ച് സംവിധാനം ചെയ്തത് ഇദ്ദേഹം തന്നെയാണ്.
അന്നത്തെ കാലത്ത് രക്തം സൃഷ്ടിച്ചിരുന്നത് ഗ്ലിസറിനിൽ റെഡ് ഓക്സൈഡ് കലർത്തിയാണ്. രക്തം ഛർദ്ദിക്കുന്ന സീനുകൾ ചെയ്യേണ്ടിവരുമ്പോൾ ഈ മിശ്രിതം ആദ്യം മേക്കപ്മാന്റെ വായിൽ ഒഴിച്ച് ബോധ്യപ്പെട്ട ശേഷമാണ് അഭിനേതാക്കൾ അങ്ങനെ ചെയ്തിരുന്നത്. ആസിഡിന്റെ അംശം ഉണ്ടാവുമെന്ന ഭയം മൂലമായിരുന്നു ഇത്.
മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി പ്രേം നസീർ തന്റെ അവസാന കാലത്ത് ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ ആ ആഗ്രഹം നടന്നില്ല.
'കാർത്തിക' എന്ന ചിത്രത്തിൽ വള്ളക്കാരൻ കുഞ്ചുവിന്റെ വേഷമായിരുന്നു നടൻ സത്യന്. ശാരദയുമായി വള്ളം തുഴഞ്ഞു നീങ്ങുന്ന സീൻ ചിത്രീകരിക്കുമ്പോൾ കരയിൽ നിന്ന് ഒരാൾ ശാരദയെപ്പറ്റി അശ്ലീല കമന്റ് പറഞ്ഞു. ശാരദയുടെ മുഖം മങ്ങി. ഇതു കണ്ട സത്യൻ ക്ഷുഭിതനായി വള്ളത്തിൽ നിന്ന് ചാടിയിറങ്ങി കമന്റ് അടിച്ചയാളെ അടിച്ച് കായലിൽ വീഴ്ത്തി. പിന്നീടുള്ള ദിവസങ്ങളിൽ ഷൂട്ടിങ്ങിനിടെ ശല്യമുണ്ടാക്കാൻ ആരും ധൈര്യപ്പെട്ടില്ല,
'ഇണപ്രാവുകളി'ൽ കന്നിക്കാരിയായി ശാരദ അഭിനയം തുടങ്ങുമ്പോൾ സംവിധായകൻ കുഞ്ചാക്കോ ഒരു നിർദ്ദേശം വച്ചു. അങ്ങനെ കഥാപാത്രത്തിന്റെ പേരായ റാഹേൽ എന്നത് നടിയുടെയും പേരായി. എന്നാൽ സിനിമ റിലീസ് ആയിക്കഴിഞ്ഞപ്പോൾ ഈ പേര് എല്ലാവരും മറക്കുകയും ശാരദ എന്ന പേരിൽ തന്നെ അവർ പ്രശസ്തയാകുകയുമായിരുന്നു.
ദക്ഷിണേന്ത്യയിൽ ആദ്യമായി നാഗ്രാ റെക്കോർഡർ(ശബ്ദം ലൊക്കേഷനിൽ തന്നെ ഷൂട്ട് ചെയ്യാൻ സഹായിക്കുന്ന ഉപകരണം) ഉപയോഗിച്ച് ഷൂട്ട് ചെയ്ത സിനിമയാണ് അടൂരിന്റെ 'സ്വയംവരം'.