ഹരിഹരൻ ചെയ്ത ആദ്യ വടക്കൻ പാട്ട് സിനിമ ആയിരുന്നു 'വടക്കൻ വീരഗാഥ'. ബോബൻ കുഞ്ചാക്കോയുടെ ആഗ്രഹപ്രകാരമാണ് ഹരിഹരൻ വടക്കൻ പാട്ടുകളെക്കുറിച്ച് പഠിക്കുന്നതും, എംടിയുമായി ചേർന്ന് വീരഗാഥ പ്ലാൻ ചെയ്യുന്നതും. എന്നാൽ ഇടയ്ക്ക് വച്ച് കുഞ്ചാക്കോ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതിനിടെ മറ്റൊരു നിർമാതാവ് ഗംഗാധരൻ ഇവരെത്തേടിയെത്തി. ഒരു ചരിത്രകഥയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അപ്പോൾ എംടി ചന്തുവിനെ മാറ്റി പഴശ്ശിരാജയെപ്പറ്റി ചിന്തിച്ചു. ആ സമയത്താണ് '1921' എന്ന സിനിമയുടെ കഥാംശം പുറത്തുവരുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതുകൊണ്ട് പഴശ്ശിയുടെ ഏതാണ്ട് അതേ പശ്ചാത്തലമായിരുന്നു 1921ന്റേതും. അങ്ങനെ എംടി ചന്തുവിലേയ്ക്ക് തന്നെ വന്നു. ഗംഗാധരനും അത് സ്വീകരിച്ചു. വീരഗാഥയുടെ തിരക്കഥാജോലികൾ ശരിയ്ക്കും തുടങ്ങുന്നത് അങ്ങനെയാണ്.
'വടക്കൻ വീരഗാഥ'യിൽ ഉണ്ണിയാര്‍ച്ചയായി ഒരു തീരുമാനമേ ഹരിഹരനുണ്ടായിരുന്നുള്ളൂ: മാധവി. പക്ഷേ, ആ സമയത്ത് മാധവി മലയാളത്തിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ ഇതിൽ പലർക്കും എതിരഭിപ്രായം ഉണ്ടായിരുന്നു. ക്യാപ്റ്റൻ രാജുവിനെ അരിങ്ങോടരാക്കിയതിനെയും ചിലർ എതിര്‍ത്തു. പക്ഷേ, ഹരിഹരന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല.
*വീരഗാഥ ചെയ്യുമ്പോൾ മമ്മൂട്ടിക്ക് കളരിയും പയറ്റും ഒന്നും അറിയില്ല. അത് പഠിപ്പിക്കാന്‍ ഒരാളെ ഹോട്ടലില്‍ താമസിപ്പിച്ച് മമ്മൂട്ടിയെ കളരി പഠിപ്പിച്ചു. മമ്മൂട്ടിക്ക് അങ്കം വെട്ടുമ്പോള്‍ പലപ്പോഴും ശരീരത്തില്‍ മുറിവുണ്ടായി... അതു കണ്ട് ഹരിഹരന് പറഞ്ഞു - 'തനിക്ക് പ്രാക്ടീസ് കുറവായതുകൊണ്ടാ മുറിവുണ്ടാകുന്നത്. മുറിവ് വേണ്ടെങ്കില്‍ നന്നായി പ്രാക്ടീസ് ചെയ്തുകൊള്ളൂ.' *പ്രധാന ലൊക്കേഷന്‍ കൊല്ലങ്കോടായിരുന്നു. മണ്ണിനടിയില്‍ ഗുഹകളുണ്ടാക്കിയാണ് കളരിയുടെയും മറ്റും സെറ്റിട്ടത്. കൊല്ലങ്കോട് കോവിലകത്തിനടുത്തായിരുന്നു കളരിയും പടിപ്പുരയുമൊക്കെ സെറ്റിട്ടത്. ഗുരുവായൂര്‍ ആനക്കൊട്ടിലിനോടു ചേര്‍ന്നുകിടന്ന കാട് വെട്ടിത്തെളിച്ച് കോവിലകത്തിന്റെയും സെറ്റൊരുക്കി. പതിവു കീഴ്വഴക്കങ്ങള് മാറ്റി പുതിയ രീതിയിലാണ് വീടുകളും അങ്കത്തട്ടും ക്ഷേത്രവും കലാസംവിധായകൻ കൃഷ്ണമൂര്‍ത്തി ഒരുക്കിയത്. എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിച്ചവരോട്, 'പിന്നെങ്ങനെ ആയിരുന്നു? അതിനെന്താണ് തെളിവ്' എന്നതായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ മറുചോദ്യം. അതിന് ആര്‍ക്കും മറുപടിയില്ലായിരുന്നു.
മലബാർ ഭാഗത്ത് വടക്കൻ വീരഗാഥ റിലീസ് ചെയ്യുന്ന കാര്യത്തിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. കാരണം, മലബാറിലെ പെണ്ണുങ്ങളുടെ കരുത്തിന്റെ പ്രതീകമാണ് ഉണ്ണിയാര്‍ച്ച. എന്നാൽ വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച ചിത്രത്തിലുടനീളം ചതിയുടെ പെണ്‍രൂപമാണ്. ഇതവര്‍ക്ക് സഹിക്കില്ല. ജനം കൂവും. തിയേറ്ററുകാർ പറഞ്ഞു. പക്ഷേ, വടക്കൻ വീരഗാഥയെ ആദ്യനാള്‍തന്നെ പ്രേക്ഷകർ നെഞ്ചോടുചേര്‍ത്തപ്പോൾ മലബാറുകാര്‍ക്കും സ്വീകരിക്കാതിരിക്കാനായില്ല.