'നിർമാല്യം' പൂർത്തിയായപ്പോൾ സെൻസറിംഗിൽ ചില പ്രശ്നങ്ങളുണ്ടായി. എംടി ഡിസ്ട്രിബ്യൂട്ടറായ പാവമണിയോട് പറഞ്ഞു. പാവമണി ഒരു സെൻസർ ബോർഡ് അംഗത്തോട് കാര്യം പറഞ്ഞു. അവർ ഒരു ഹിന്ദുസ്ത്രീ ആയിരുന്നു. ഒരു ഹിന്ദു എന്ന നിലയ്ക്ക് സിനിമയുടെ പല സീനുകൾക്കും അനുമതി നൽകാനാവില്ലെന്നും, മിക്കതും തോന്ന്യാസമാണെന്നും അവർ പറഞ്ഞു. ഒടുവിൽ പോംവഴിയെന്നോണം അത്തരം സീനുകൾ ലോങ് ഷോട്ടിൽ മാറ്റാൻ നിർദ്ദേശിച്ചു. അങ്ങനെ മാറ്റിയ ശേഷമാണ് നിർമാല്യത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്.
'ഉയരങ്ങളിൽ' ഷൂട്ടിങ് അവസാനിക്കുന്ന ദിവസം ഉച്ചയോടെ റേഡിയോയിൽ ഒരു വാർത്ത കേട്ടു - ''ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചു''. പാവമണി ഇതേപ്പറ്റി ഐ വി ശശിയോട് ചോദിച്ചു. വാർത്ത സത്യമാണെന്ന് ശശിയും പറഞ്ഞു. പാവമണി പറഞ്ഞു: 'എങ്കിൽ ഇപ്പോൾ മിണ്ടണ്ട. വൈകുന്നേരം ഷൂട്ടിങ് കഴിയുമ്പോൾ പുറത്ത് അറിഞ്ഞാൽ മതി. അല്ലെങ്കിൽ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വരും.' അങ്ങനെ അക്കാര്യം രഹസ്യമാക്കി വച്ചു. ഷൂട്ടിങ് പൂർത്തിയായപ്പോഴാണ് രഹസ്യം പുറത്തുവിട്ടത്.
'ഉയരങ്ങളിൽ' സിനിമയ്ക്കുവേണ്ടി ബിച്ചു തിരുമല എഴുതി ശ്യാം ഈണമിട്ട 2 ഗാനങ്ങൾ ചിത്ര പാടി മൂന്നാറിൽ ചിത്രീകരിച്ചിരുന്നു. പക്ഷേ, അവസാന നിമിഷം അത് ആവശ്യമില്ലെന്ന് തീരുമാനിച്ച് സിനിമയിൽ ഉൾപ്പെടുത്തിയില്ല.
*നാലുകെട്ടും, ഏറനാടൻ സംസാരവും വിട്ട് എംടി എഴുതിയ ആദ്യ ആക്ഷൻ സിനിമ ആയിരുന്നു 'ഉയരങ്ങളിൽ'. *നായകനെ പോലീസ് അറസ്റ്റ് ചെയ്യുന്നതായിരുന്നു എംടി എഴുതിയ ആദ്യ ക്ലൈമാക്സ്. പക്ഷേ, അത് വെറും സാധാരണ ക്ലൈമാക്സ് ആയിപ്പോകും എന്ന തിരിച്ചറിവിലാണ് ആത്മഹത്യ എന്നാക്കിയത്.
*മിമിക്സ് പരേഡ് എന്ന സിനിമയുടെ കഥ അൻസാർ കലാഭവൻ എഴുതിയത് സ്വന്തം ജീവിതത്തിലെ സമാനമായ അനുഭവങ്ങളുടെ (ആക്സിഡന്റും, പാവക്കുട്ടിയുമൊക്കെ) ഓർമ്മയിലാണ്. *ആദ്യം നായകനായി മുകേഷിനെയും, കൂടെ സിദ്ദിഖിനെയും നിശ്ചയിച്ചു. പക്ഷേ, ആ സമയത്ത് ഒറ്റയാൾ പട്ടാളത്തിന്റെ ഷൂട്ട് വന്നതിനാൽ മുകേഷ് ഒഴിഞ്ഞു. അങ്ങനെ മുകേഷിന്റെ റോൾ സിദ്ദിഖിനും, സിദ്ദിഖിന്റെ റോൾ ജഗദീഷിനും നൽകി.
കൊച്ചി നേവൽ ബേസിൽ നിന്ന് പറന്നുയർന്ന ഒരു ഹെലികോപ്റ്റർ ശബരിമല വനത്തിൽ തകർന്നുവീണ വാർത്തയിൽനിന്നാണ് ഗായ്ത്രി അശോകൻ 'ദൗത്യം' സിനിമയുടെ തിരക്കഥയൊരുക്കിയത്. ഇതുമായി പല നിർമാതാക്കളെയും സമീപിച്ചെങ്കിലും ചെലവ് വളരെ ഉയരുമെന്ന് പറഞ്ഞ് എല്ലാവരും ഒഴിഞ്ഞു. ഒടുവിൽ ഒന്നരവർഷത്തിനു ശേഷമാണ് രാമകൃഷ്ണൻ എന്ന നിർമാതാവ് സിനിമ ഏറ്റെടുക്കുന്നത്.
*'ദൗത്യ'ത്തിന്റെ ലൊക്കേഷനായി ആദ്യം കർണാടകയിലാണ് പോയത്. എല്ലാം ഒത്തുകിട്ടിയെങ്കിലും ഭീകരത സൃഷ്ടിക്കുന്ന കാടും, അതിലൂടെ ഒഴുകുന്ന പുഴയും കണ്ടെത്താൻ പറ്റിയില്ല. അപ്പോൾ ആരോ പറഞ്ഞതനുസരിച്ചാണ് വാഴച്ചാൽ ചെന്നുകണ്ടത്. അങ്ങനെ വാഴച്ചാൽ ഫിക്സ് ചെയ്തു. *ദൗത്യം എന്ന പേര് ആദ്യം തന്നെ ഗായത്രി അശോകൻ ഇട്ടിരുന്നു. അതിൽ ഒരു തൃപ്തി തോന്നാതെ മറ്റ് പല പേരുകളും ആലോചിച്ചു. തീരുമാനം ആകാതെ ഇരിക്കുമ്പോഴാണ് സുരേഷ് ഗോപി കഥ കേൾക്കുന്നത്. അദ്ദേഹം പറഞ്ഞു - ദൗത്യം എന്ന പേരായിരിക്കും നല്ലത്. അങ്ങനെ ആ പേര് തന്നെ തീരുമാനിച്ചു.
നല്ല ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ കരണം മറിഞ്ഞ് താഴെ വീഴുന്ന ഒരു രംഗമുണ്ട് 'ദൗത്യ'ത്തിൽ. കറങ്ങുന്ന കോപ്റ്ററിൽ സ്വന്തം ശരീരം കെട്ടിവെച്ച് വിൻഡോയിൽ തൂങ്ങിക്കിടന്നാണ് ക്യാമറമാൻ ജെ വില്യംസ് ആ രംഗം ഷൂട്ട് ചെയ്തത്. അതുപോലെ നദിക്ക് കുറുകെ കയർ കെട്ടി അതിൽ തൂങ്ങിക്കിടന്നാണ് നദി കടന്നുപോകുന്ന സീനൊക്കെ ചിത്രീകരിച്ചത്.
'ദൗത്യ'ത്തിൽ മലവെള്ളം വരുന്ന സീൻ മിനിയേച്ചറിൽ ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, അപ്രതീക്ഷിതമായി പൊന്മുടിയിൽ ഉരുൾപൊട്ടലുണ്ടായി. മൃഗങ്ങളും, മരങ്ങളുമെല്ലാം കലങ്ങിമറിഞ്ഞ വെള്ളത്തിനൊപ്പം ഒഴുകിവന്നു. പെട്ടെന്ന് 3 ക്യാമറ വെച്ച് അത് ഷൂട്ട് ചെയ്തു. പക്ഷേ, ദൗർഭാഗ്യവശാൽ എഡിറ്റിംഗ് സമയത്ത് നോക്കുമ്പോൾ ഇതിന്റെ നെഗറ്റീവ് നഷ്ടപ്പെട്ടിരുന്നു. ഒടുവിൽ ആദ്യം ആലോചിച്ച പോലെ മിനിയേച്ചർ ഉണ്ടാക്കിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. വളരെ ബുദ്ധിമുട്ടി കൊച്ചി നേവൽ ബേസിൽ നിന്ന് അനുമതി വാങ്ങി കൊണ്ടുവന്ന 8 ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശീലന പറക്കലും സിനിമയിൽ ഉൾപ്പെടുത്താനായില്ല.