പല പടങ്ങൾ ചെയ്തെങ്കിലും കാര്യമായി പച്ച പിടിക്കാതെ അവസാന ശ്രമം എന്ന രീതിയിൽ ഷാജി കൈലാസും, രൺജി പണിക്കരും ചെയ്ത സിനിമ ആയിരുന്നു 'തലസ്ഥാനം'. ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേ ഷാജി തീരുമാനിച്ചിരുന്നു - ഇത് രക്ഷപെട്ടില്ലെങ്കിൽ ബഹ്റൈനിലേക്ക് കടക്കും. അങ്ങോട്ട് വിസ വരെ ഷാജി റെഡിയാക്കി വച്ചിരുന്നു. രൺജിയും ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു. അവിടെച്ചെന്ന് തനിക്കും വിസ അയച്ചുതരണമെന്ന് ഷാജിയോട് സൂചിപ്പിക്കുകയും ചെയ്തു.
വിജയകുമാർ എന്ന നടൻ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു 'തലസ്ഥാനം'. മുമ്പ് 'ഡോക്ടർ പശുപതി' ചെയ്തപ്പോൾ ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്നു വിജയകുമാർ. അദ്ദേഹത്തിന്റെ പിതാവ് ഹെൻറി ഒരു സിനിമ നിർമിക്കാൻ പ്ലാൻ ചെയ്യുകയും, പാട്ടുകൾ റെക്കോർഡ് ചെയ്യുകയും ചെയ്തെങ്കിലും പല കാരണങ്ങളാൽ നടക്കാതെ വന്ന അവസരത്തിലാണ് വിജയകുമാർ ഷാജിയെ കാണുന്നതും, തുടർന്ന് 'തലസ്ഥാനം' സിനിമയിലേക്ക് കടക്കുന്നതും. നേരത്തെ ചെയ്തുവച്ചിരുന്ന പാട്ടുകൾ തലസ്ഥാനത്തിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തു.
ക്യാമ്പസ് രാഷ്ട്രീയം അടിസ്ഥാനമാക്കി സിനിമ ചെയ്യാം എന്ന ആശയം ഷാജിയുടേതായിരുന്നു. അങ്ങനെ തിരക്കഥയെഴുതാൻ ജീവൻ എന്നയാളെ വിളിച്ച് ചർച്ച നടത്തുകയും ചെയ്തു. പക്ഷേ, അത് ഫലവത്തായില്ല. അങ്ങനെയാണ് രൺജിയെ വിളിക്കുന്നത്. മുമ്പ് പശുപതിക്ക് വേണ്ടി ഇവർ ഒന്നിച്ചിരുന്നു. കഥയെപ്പറ്റി വ്യക്തമായ രൂപമില്ലാതിരുന്ന രൺജിയ്ക്ക് ആയിടെയിറങ്ങിയ 'ഇന്ത്യാ ടുഡേ'യും മറ്റും കൊടുത്ത് അതിൽ നിന്ന് ഒരു പ്ലോട്ട് കണ്ടെത്താൻ ആവശ്യപ്പെട്ടു. അതിലെ ഒരു കവർ ചിത്രത്തിൽ നിന്നാണ് തലസ്ഥാനത്തിന്റെ തിരക്കഥാ ജോലികൾ ആരംഭിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആത്മഹത്യ ചെയ്ത രാജീവ് ഗോസ്വാമിയെപ്പറ്റി ആയിരുന്നു അത്.
*തലസ്ഥാനത്തിലെ ജി.പിയെ അവതരിപ്പിക്കാൻ ആദ്യം മുരളിയെ ആണ് സമീപിച്ചത്. പക്ഷേ, വില്ലൻ വേഷം താല്പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. പിന്നീടാണ് നരേന്ദ്രപ്രസാദിനെ സമീപിക്കുന്നത്. കഥ കേട്ടയുടൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. *വിജയകുമാർ ചെയ്ത റോളിലേക്ക് വിനീതിനെയാണ് മനസിൽ കണ്ടിരുന്നത്. പിന്നീടാണ് തനിക്കും അഭിനയിക്കണം എന്ന ആഗ്രഹം വിജയകുമാർ പറഞ്ഞത്. അങ്ങനെ ആ റോൾ വിജയകുമാറിന് നൽകുകയായിരുന്നു.
'തലസ്ഥാന'ത്തിന്റെ പ്രിവ്യൂ നടത്തണമെന്ന് പലരും പറഞ്ഞെങ്കിലും ഷാജിക്ക് താല്പര്യമുണ്ടായിരുന്നില്ല. കാരണം, മുമ്പ് കിലുക്കാംപെട്ടി പ്രിവ്യൂ കണ്ടവർ പറഞ്ഞത് പടം സൂപ്പർ ഹിറ്റാകുമെന്നും, 300 ദിവസം ഓടുമെന്നും ആയിരുന്നു. പക്ഷേ, പടം പൊട്ടി. എങ്കിലും നിർബന്ധം ഏറിയപ്പോൾ മദ്രാസിൽ പ്രിവ്യൂ നടത്തി. പക്ഷേ, പലർക്കും നെഗറ്റീവ് അഭിപ്രായമായിരുന്നു. സുരേഷ് ഗോപി പകുതി ആയപ്പോഴേ മുങ്ങുകയും ചെയ്തു. പക്ഷേ, എതിര് പറഞ്ഞവരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് പടം സൂപ്പർഹിറ്റായി.
*തലസ്ഥാനത്തിന് 30 കട്ടുകൾ ആണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. പക്ഷേ, അതിലും നല്ലത് പടം തന്നെ വേണ്ടെന്നു വയ്ക്കുന്നതാണെന്ന് മനസ്സിലാക്കിയ ഷാജിയും, രൺജിയും ബഹളം വച്ച് തർക്കിച്ച് അത് 12 കട്ടുകളാക്കി കുറച്ചു. *'അഭിമുഖം' എന്ന പേരാണ് സിനിമയ്ക്ക് രൺജി ആദ്യം നൽകിയത്. പക്ഷേ, 'മുഖാമുഖം' എന്ന ടൈറ്റിലുമായി സാമ്യം ഉണ്ടാകുമെന്ന് തോന്നിയതിനാലാണ് അത് മാറ്റി പിന്നീട് ഏറെ ആലോചനകൾക്ക് ശേഷം തലസ്ഥാനം എന്ന് പേരിട്ടത്.