'രണ്ടാം ഭാവം' ഷൂട്ട് ചെയ്യുമ്പോൾ ലാൽജോസിന്റെ മനസ്സിൽ മറ്റൊരു സിനിമയുണ്ടായിരുന്നു. അതിനൊരു പേരും മനസ്സിൽ കണ്ടിരുന്നു, 'ഫ്രഞ്ച് കഫേ'. അതിന്റെ ലൊക്കേഷൻ തിരഞ്ഞ് പോണ്ടിച്ചേരിയിൽ ഒന്ന് കറങ്ങിയപ്പോൾ മനസ്സിലായി, നല്ലൊരു തുക ചെലവ് വരുമെന്ന്. രണ്ടാംഭാവം വിജയിച്ചാൽ ഈ സിനിമയും നടക്കും. പക്ഷേ, രണ്ടാം ഭാവം പരാജയപ്പെട്ടു. അതോടെ ഫ്രഞ്ച് കഫേയും നടന്നില്ല.
ലാൽജോസിന്റെ സുഹൃത്തായ ജയൻ ആണ് നിലമ്പൂരടുത്തുള്ള കള്ളന്റെ കഥ പറഞ്ഞത്. ഈ കള്ളന് ലാൽജോസിന്റെ മനസ്സിലുണ്ടായിരുന്ന ഫ്രഞ്ച് കഫേയിലെ നായകനുമായി സാമ്യം ഉണ്ടായിരുന്നു (ഏത് പൂട്ടും തുറക്കാനുള്ള കഴിവ്). അങ്ങനെ ആ നായകനെ ഒരു നാടൻ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടു. അതാണ് 'മീശമാധവൻ'.
'മീശമാധവനി'ൽ ഈപ്പൻ പാപ്പച്ചിയായി ഭരത് ഗോപിയെ അഭിനയിപ്പിക്കാൻ രഞ്ജൻ പ്രമോദിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പ്രായം ഒരു പ്രശ്നമായി. പിന്നീട് പല ആലോചനകൾക്ക് ശേഷമാണ് ഇന്ദ്രജിത്തിലേക്ക് എത്തിയത്.