'ജനുവരി ഒരു ഓർമ്മ'യിൽ മൈനയായി ആദ്യം നിശ്ചയിച്ചത് റാണിപദ്മിനിയെ ആയിരുന്നു. പക്ഷേ, അത് നടന്നില്ല. ലൊക്കേഷൻ കണ്ട് മടങ്ങുമ്പോഴാണ് അവർ കൊല്ലപ്പെട്ട വിവരം അറിയുന്നത്. അതിനുശേഷം ജോഷിയാണ് രോഹിണിയെ നിർദ്ദേശിച്ചത്.
ജനുവരി ഒരോർമ്മയുടെ ഷൂട്ടിന് മോഹൻലാൽ ലൊക്കേഷനിലെത്തി. ഷോട്ടെടുക്കാൻ നേരം മേക്കപ്മാൻ ഡ്രസ്സുകൾ ലാലിന് എടുത്തുകൊടുത്തു, പുതുമണം മാറാത്ത കുപ്പായങ്ങൾ, പാന്റ്സ്, ഷൂസ്.... 'അഷ്ടിക്ക് വകയില്ലാത്ത ഒരനാഥ ഗൈഡിനാണോ ഈ പുതിയ കുപ്പായങ്ങളും മറ്റും...' ലാലിന് അതിശയം. എന്നിട്ട് കാറുമെടുത്ത് കൊടൈക്കനാൽ ഒന്ന് കറങ്ങിവന്നു. അവിടെ പഴയ ഡ്രസ്സ് വിൽക്കുന്ന കടയുണ്ട്. അവിടെനിന്ന് വാങ്ങിയ ഉടുപ്പുകൾ അണിഞ്ഞാണ് മോഹൻലാൽ സിനിമയിൽ അഭിനയിച്ചത്
ജനുവരി ഒരോർമ്മയുടെ ക്ലൈമാക്സിൽ മോഹൻലാലും, സുരേഷ്ഗോപിയും ചെളിയിൽ കിടന്നുരുളുന്ന ഒരു സീനുണ്ട്. ആരും ഇറങ്ങാൻ അറയ്ക്കുന്നത്ര വൃത്തികെട്ട ചെളിയും, കഠിനമായ നാറ്റവും. പക്ഷേ, മോഹൻലാൽ ഡ്യൂപ്പിനെ വയ്ക്കാതെ സ്വയം ചെളിയിൽ ഇറങ്ങാൻ തീരുമാനിച്ചു.
ആയിരം കണ്ണുകൾ, രാജാവിന്റെ മകൻ ഈ 2 സിനിമകളും ഡെന്നീസ് ജോസഫ് എഴുതിയതാണ്. 'ആയിരം കണ്ണുകൾ' 60 ദിവസം കൊണ്ടും, 'രാജാവിന്റെ മകൻ' വെറും നാലര ദിവസം കൊണ്ടും. അക്കാലത്ത് സിനിമക്കാരുടെ കണ്ണിലുണ്ണിയായിരുന്ന പ്രമുഖ ജ്യോൽസ്യൻ 2 ചിത്രങ്ങളുടെയും പ്രിവ്യൂ കണ്ട ശേഷം പറഞ്ഞത്, ആയിരം കണ്ണുകൾ സൂപ്പർ ഹിറ്റാകും, രാജാവിന്റെ മകൻ കഷ്ടിച്ച് രക്ഷപെടാം, രക്ഷപെടാതിരിക്കാം എന്നാണ്. പിന്നീട് സംഭവിച്ചത് ചരിത്രം..
സംവിധാനം ചെയ്ത 3 സിനിമകളും പരാജയപ്പെട്ട് നിൽക്കുകയായിരുന്ന തമ്പി കണ്ണന്താനത്തിന് നാലാമത്തെ ചിത്രത്തിലേക്ക് നിർമാതാവിനെ ലഭിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. പലരും കയ്യൊഴിഞ്ഞു, ഒരു നിർമാതാവ് പറഞ്ഞു - മമ്മൂട്ടിയുടെ ഡേറ്റുണ്ടെങ്കിൽ പടം നിർമിക്കാം. മമ്മൂട്ടിയെ ചെന്ന് കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞു - നമ്മൾ തമ്മിൽ സിനിമ വേണോ? സൗഹൃദം പോരേ? സൗഹൃദം മതിയെന്നല്ലാതെ മറ്റൊന്നും തമ്പിക്ക് പറയാനില്ലായിരുന്നു. അങ്ങനെ ആ ശ്രമവും പരാജയപ്പെട്ടു. പിന്നീടാണ് തമ്പി ഡെന്നീസ് ജോസഫിനെ സമീപിക്കുന്നതും, അദ്ദേഹത്തിന്റെ സ്ക്രിപ്റ്റിൽ മോഹൻലാലിനെ നായകനാക്കി 'രാജാവിന്റെ മകൻ' ചെയ്യുന്നതും. നിർമാണച്ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.
തിരക്കഥാരചനയുടെ സമയത്ത് പലപ്പോഴും സന്ദർശനം നടത്തുമായിരുന്ന മമ്മൂട്ടി രാജാവിന്റെ മകന്റെ കഥയുടെ പല ഭാഗങ്ങളും വായിച്ച ശേഷം ചോദിച്ചു, 'ഞാൻ ചെയ്യട്ടെ ഈ വേഷം?' പക്ഷേ, അപ്പോഴേക്കും താരങ്ങളെയെല്ലാം തീരുമാനിച്ചിരുന്നു. എങ്കിലും മമ്മൂട്ടിക്ക് ഒരു ഗസ്റ്റ് അപ്പിയറൻസ് കഥയിൽ എഴുതിച്ചേർത്തു. വിൻസെന്റ് ഗോമസ്, 'എന്റെ അപ്പൻ ഈ നഗരത്തിലെ ഈ തെരുവിലെ ഒരു റൗഡിയായിരുന്നു, തല്ല് കൊണ്ടാലും, കൊടുത്താലും 5 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ കഴിയാത്ത ഒരു പാവം റൗഡി' എന്ന് പറയുമ്പോൾ പശ്ചാത്തലത്തിൽ മാത്രം കാണിക്കുന്ന അപ്പന്റെ റോൾ. പക്ഷേ, മമ്മൂട്ടിയ്ക്ക് തിരക്ക് കാരണം എത്താനായില്ല. ഒടുവിൽ അതിന് പകരം തെരുവിലൂടെ നടക്കുന്ന വിൻസെന്റ് ഗോമസിന്റെ കുട്ടിക്കാലം എടുത്തു.
നാൻസിയുടെ കോടതി സീൻ ചിത്രീകരിക്കാൻ പ്ലാൻ ചെയ്ത് എറണാകുളം ലോ കോളേജിൽ സെറ്റൊരുക്കി വച്ചു. ഷൂട്ട് ചെയ്യാനായി തമ്പിയും, കൂട്ടരും എത്തുമ്പോൾ കോളേജ് പിള്ളേർ സെറ്റാകെ കമ്പിയിൽ കോർത്ത് കളിക്കുന്നു. ഒരു ദിവസത്തെ ഷൂട്ട് മുടങ്ങുന്ന ടെൻഷനിൽ ഇരിക്കുന്ന തമ്പിയുടെ അടുത്ത് അംബികയാണ് നിർദ്ദേശിച്ചത്, വേറെ ഏതെങ്കിലും ഷോട്ട് ആ സ്ഥലത്തിനടുത്ത് എടുക്കാമെന്ന്.അങ്ങനെ കൊച്ചിക്കായലിന്റെ കരയിൽ വച്ച് 'ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു...' എന്ന എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന ഡയലോഗുകളിൽ ഒന്ന് ചിത്രീകരിക്കപ്പെട്ടു.