'അച്‌ഛനുറങ്ങാത്ത വീടി'ന്റെ കഥയെക്കുറിച്ച് ബാബു ജനാർദ്ദനൻ സൂചിപ്പിച്ചപ്പോള്‍ സംവിധായകൻ രഞ്‌ജിത്താണ് എത്രയുംവേഗം അത് സിനിമയാക്കണമെന്ന് പറഞ്ഞത്. ആന്റോ ജോസഫിനോടും കഥ പറഞ്ഞു. ''ഈ കഥയിലെ സാമുവലിന് പറ്റിയ നടൻ അമ്പിളിച്ചേട്ടനാണ്.'' ആന്റോ പറഞ്ഞപ്പോൾ ബാബു ജനാർദ്ദനനും സമ്മതിച്ചു. ഇതേപ്പറ്റി പറഞ്ഞപ്പോൾ ജഗതി പറഞ്ഞു. ''ബാബു എഴുതാൻ പോകുന്ന സിനിമയിലെ സാമുവലിനെക്കുറിച്ച് ആന്റോ എന്നോടു പറഞ്ഞിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി എനിക്കു നീ പണമൊന്നും തരേണ്ട. മറിച്ച് ദക്ഷിണയായി എന്തെങ്കിലും നല്‍കിയാല്‍ മതി. എത്ര ദിവസം വേണമെങ്കിലും മാറ്റിവയ്‌ക്കുകയും ചെയ്യാം.'' കഥയെക്കുറിച്ച് ആലോചിച്ചു വരുന്നതേയുള്ളൂവെന്നും സംവിധായകൻ പോലും ആരാണെന്നറിയില്ലെന്നും ബാബു ജനാർദ്ദനൻ പറഞ്ഞു. പിന്നീട് തിരക്കഥയെഴുതി വന്നപ്പോൾ സാമുവലിന്റെ കഥാപാത്രത്തിന്റെ റേഞ്ച് തന്നെ മാറി. സാമുവലിന്റെ കോളജ് ജീവിതം കൂടി സിനിമയിൽ അത്യാവശ്യമായി വന്നു. ജഗതിയെ അത്രയും ചെറുപ്പമാക്കാൻ കഴിയില്ലെന്നു വന്നപ്പോൾ സലീംകുമാറിനെ തീരുമാനിക്കുകയായിരുന്നു.
രാജസേനൻ ജഗതി ശ്രീകുമാറിനെപ്പറ്റി പങ്കുവച്ച ഓർമ്മ. 'മേലെപ്പറമ്പിൽ ആണ്‍വീടി'ൽ കുളത്തിൽ ചാടുന്നൊരു സീനുണ്ട്. അത് ഷൂട്ട് ചെയ്യുന്ന ദിവസം അമ്പിളിച്ചേട്ടന്റെ ചെവി പഴുത്തിരുന്നു. പഞ്ഞിയൊക്കെ വച്ചാണ് ലൊക്കേഷനിലേക്ക് വന്നത്. ആറടി ഉയരത്തില്‍നിന്നാണ് കുളത്തിലേക്ക് ചാടേണ്ടതെന്ന് പറഞ്ഞപ്പോൾ ഒരു വിമ്മിഷ്‌ടം. പൊതുവെ ഏതു റോളും സന്തോഷത്തോടെ ഏറ്റെടുക്കുന്ന അദ്ദേഹത്തിന് ചെറിയൊരു പേടി. ചെവിയിൽ വെള്ളം കയറിയാല്‍ വേദന കൂടുമോ? ''ഈ സീൻ അഡ്‌ജസ്‌റ്റ് ചെയ്യാന്‍ പറ്റുമോ?'' അമ്പിളിച്ചേട്ടൻ എന്നോടു ചോദിച്ചു. ഞാൻ ഉടന്‍തന്നെ കാമറാമാൻ ആനന്ദക്കുട്ടനെ വിളിച്ചു. വല്ല വഴിയുമുണ്ടോ എന്നാലോചിച്ചു. ''കുഴപ്പമില്ല. പഞ്ഞി വച്ച് ചാടാം. പക്ഷേ ഒറ്റ ടേക്കിൽ ഓകെയാക്കണം.'' ഞാനും ആനന്ദക്കുട്ടനും സമ്മതിച്ചു. വളരെ കരുതലോടെയാണ് ആ സീനെടുത്തത്. കാരണം രണ്ടാമതൊന്നു കൂടി ചാടാൻ അമ്പിളിച്ചേട്ടനെ നിര്‍ബന്ധിക്കുന്നത് ശരിയല്ല. റിസ്‌കെടുത്താണ് അദ്ദേഹം കുളത്തിൽ ചാടിയത്. പ്ലാൻ ചെയ്‌തതുപോലെ ആദ്യത്തെ ടേക്കിൽ ഓ.കെ ആയി. കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യുന്ന മനസ്സാണിത് കാണിക്കുന്നത്. ഭാഗ്യത്തിന് അന്ന് അമ്പിളിച്ചേട്ടന്റെ ചെവിയിൽ വെള്ളം കയറിയില്ല.
മുകേഷ് പങ്കുവയ്ക്കുന്ന ഒരു ഷൂട്ടിങ് ഓർമ്മ. കോഴിക്കോട് 'ഗോഡ്ഫാദര്‍' ചിത്രീകരിക്കുന്ന സമയം. ഹോസ്റ്റല്‍ സീനെടുക്കുകയാണ്. മെന്‍സ് ഹോസ്റ്റലിലേക്ക് കനക കയറിവരുന്ന സീന്‍. മുകേഷ് കിടന്നുറങ്ങുകയാണ്. ജഗദീഷ് ശരീരത്തിൽ എണ്ണ തേച്ചു പിടിപ്പിച്ചു നില്‍ക്കുന്നു. ‘എടാ.. ദേണ്ടെ ആ ആനപ്പാറയിലെ പെണ്ണ് കയറി വരുന്നു’വെന്ന് ജഗദീഷ് പറയുന്നു. പെട്ടെന്ന് ചാടിയെണീറ്റ മുകേഷ് ഉടുമുണ്ട് കാണാത്തതുകൊണ്ട് ബെഡ്ഷീറ്റ് എടുത്തു ഉടുക്കുമ്പോഴേക്കും കനക മുറിക്കുള്ളിലേക്കു കയറുന്നു. പുറത്തു നിന്നു സംസാരിക്കാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ മുറിക്കുള്ളിലേക്ക് കയറുന്ന കനകയുടെ കഥാപാത്രം. മുകേഷ് എത്ര മുറുക്കിയുടുത്തിട്ടും ബെഡ്ഷീറ്റ് മുറുകുന്നില്ല. കഥാപരമായി ബെഡ്ഷീറ്റ് തന്നെ ഉടുക്കുകയും വേണം. കനകയുമായുള്ള വാക്കുതര്‍ത്തിനിടയിൽ മുകേഷ് ഉടുത്തിരുന്ന ബെഡ്ഷീറ്റ് അറിയാതെ ഊരിവീണുപോയി. ഒന്നും കണ്ടില്ല എന്ന ഭാവത്തിൽ കനക പെട്ടെന്ന് മുകളിലേക്കു നോക്കി. കനക നില്‍ക്കുന്നതുകൊണ്ട് ചിരിക്കാന്‍ പറ്റാത്ത വിമ്മിഷ്ടത്തിലാണ് എല്ലാവരും. ചിരിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. ബെഡ്ഷീറ്റ് വാരിയുടുത്ത് മുകേഷ് സോറി പറയാന്‍ തുടങ്ങുകയായിരുന്നു. എല്ലാവരും പരസ്പരം നോക്കി. ചിരിക്കണമെന്നുണ്ടെങ്കിലും കനകയുടെ മുന്നിൽ വെച്ച് ചിരിച്ചിട്ട് അത് വഷളാക്കണ്ട എന്ന മട്ടാണ് എല്ലാവര്‍ക്കും. ഒരു പെണ്ണിനോടു ചെയ്യുന്ന ദ്രോഹമായിരിക്കുമല്ലോയെന്നോര്‍ത്ത് എല്ലാവരും ചിരി കടിച്ചമര്‍ത്തി. രംഗം ശാന്തമായിയെന്ന സ്ഥിതി വന്നപ്പോഴാണ് ജഗദീഷ് മുകേഷിന്റെ കൈ പിടിച്ച് കുലുക്കിയത് : ‘കണ്‍ഗ്രാജുലേഷന്‍സ്…’ ‘എന്താ?’ അഭിനന്ദനത്തിന്റെ കാരണമറിയാതെ മുകേഷ് ചോദിച്ചു. ‘അല്ല… നീ ബെറ്റ് വെച്ചല്ലോ കനകയുടെ മുന്നിൽ തുണിയില്ലാതെ നില്‍ക്കുമെന്ന്. ഞാന്‍ ഇത്ര പ്രതീക്ഷിച്ചില്ല. എത്ര നാച്വറലായാ നീ പറഞ്ഞതുപോലെ ഒപ്പിച്ചത്. എന്റെ കുറച്ച് കാശ് ഈ പന്തയത്തിൽ നഷ്ടപ്പെട്ടുപോയെങ്കിലും നിന്റെ പെര്‍ഫോമന്‍സിനെ ഞാന്‍ അഭിനന്ദിക്കുന്നു.’ കനക മുകേഷിനെ ഒരു നോട്ടം നോക്കി. ‘അപ്പോ അറിഞ്ഞോണ്ടാ അല്ലേ… ഇത്ര വൃത്തികെട്ട പന്തയം… അതും ഒരു പെണ്ണിന്റെ മുന്നിൽ വെച്ച്’ അതായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. കനക എന്തൊക്കെയോ പറഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു. ‘മുകേഷിനെ ശരിക്കും പൂട്ടിക്കളഞ്ഞല്ലോ’ എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ ജഗദീഷിനെ അഭിനന്ദിച്ചു. തടഞ്ഞു നിറുത്തിയിരുന്ന പൊട്ടിച്ചിരി കെട്ടു പൊട്ടിച്ചു. ‘പന്തയത്തിൽ ജയിച്ചത് മുകേഷ്. എല്ലാവരും അഭിനന്ദിക്കുന്നത് ജഗദീഷിനെ.’ കനകയ്ക്ക് കാര്യം പിടികിട്ടിയില്ല. കനക സംശയത്തോടെ നോക്കിയപ്പോൾ മുകേഷ് കനകയോടു പറഞ്ഞു. ‘ഇത് ജഗദീഷുണ്ടാക്കിപ്പറഞ്ഞതാ..’ ‘ഏയ് ഉണ്ടാക്കിപ്പറഞ്ഞതാകാന്‍ സാധ്യതയില്ലല്ലോ. കൃത്യമായി നിങ്ങളുടെ ബെഡ്ഷീറ്റ് ഊരി വീഴാനും, അയാൾ അഭിനന്ദിക്കാനും. ഇത്രയുമൊക്കെ ഉണ്ടാക്കിപ്പറയുമോ?’ കനക സംശയത്തോടെ ചോദിച്ചു. ‘ഇതും ഇതിലപ്പുറവും ഇവിടെയുണ്ടാകും. കനക ഇത് മനസ്സിൽ വെച്ച് പെരുമാറരുത്.’ മുകേഷ് കനകയോട് പറഞ്ഞു. അങ്ങനെ ഒരു വിധത്തിലാണ് കനകയുടെ തെറ്റിദ്ധാരണ മാറ്റിയത്.
'പെരുന്തച്ചന്റെ' സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോൾ എം.ടി. എഴുതിവെച്ചു. ഈ പെരുന്തച്ചൻ തിലകനാണ്. അഭിനയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങൾ തന്നിലേക്കാവാഹിച്ചെടുത്ത മഹാനായ നടന്‍. പെരുന്തച്ചനുവേണ്ടി തിലകനെ കാണാൻ ചെന്ന നിർമാതാവ് ജയകുമാർ മുപ്പതു ദിവസം ആവശ്യപ്പെട്ടു. അതുകേട്ട് അത്ഭുതത്തോടെ തിലകൻ ചോദിച്ചു: 'ഇതെന്തു പടമാണ്? മുപ്പതു ദിവസംകൊണ്ട് ഞാന്‍ മൂന്നു പടം തീര്‍ക്കും.' 'ഇത് അങ്ങനെയൊരു പടമാണ്. പെരുന്തച്ചന്‍. ടൈറ്റിൽ കഥാപാത്രം താങ്കളാണ്. എം.ടിയുടെ സ്‌ക്രിപ്റ്റാണ്. സമയമെടുത്തു ചെയ്യേണ്ടതാണ്.' തിലകൻ സമ്മതിച്ചു. ഹൃദയശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചിരിക്കുകയായിരുന്നു തിലകന്‍. പെരുന്തച്ചന്റെ കഥയാണെന്നു കേട്ടതും ഓപ്പറേഷൻ മാറ്റിവെച്ച് അഭിനയിക്കാമെന്നു സമ്മതിച്ചു.
'പെരുന്തച്ചനി'ലെ മറ്റൊരു പ്രധാന കഥാപാത്രം നീലകണ്ഠനാണ്. തന്‍പോരിമയും അഹന്തയും എല്ലാം കാല്‍ക്കീഴിലാക്കാനുള്ള വ്യഗ്രതയും തുടിച്ചുനില്ക്കുന്ന നീലകണ്ഠനായി ഒരു പുതിയ നടന്‍തന്നെ മതി എന്നായിരുന്നു തീരുമാനം. പലരെയും നോക്കിയിട്ട് ഒടുവിൽ നാനാ പടേക്കറെ തീരുമാനിച്ചു. പക്ഷേ, അതു ശരിയാകില്ലെന്ന് എം.ടി.ക്ക് തോന്നി. അനിൽബാബുവിന്റെ 'അനന്തവൃത്താന്തം' എന്ന ചിത്രത്തിൽ അഭിനയിച്ച മനോജിന്റെ കാര്യം ജയകുമാർ പറഞ്ഞു. പുതിയ ഭാവങ്ങളുള്ള നല്ലൊരു നടന്‍. ജയവിജയന്മാരിലെ ജയന്റെ മകനായ മനോജിനെ എല്ലാവര്‍ക്കും സമ്മതമാവുകയും ചെയ്തു.