'ചൂള' സിനിമയ്ക്ക് ഗാനരചന ചെയ്യുമ്പോൾ സത്യൻ അന്തിക്കാട് ആവേശത്തിലായിരുന്നു. കാരണം, സംഗീതസംവിധാനം ഏറ്റിരിക്കുന്നത് സാക്ഷാൽ യേശുദാസ് ആണ്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി യേശുദാസ് പറഞ്ഞു, താനല്ല പകരം കുളത്തൂപ്പുഴ രവി എന്നൊരാളാണ് സംഗീതം നൽകുക. അതോടെ സത്യന്റെ മനമിടിഞ്ഞു. ആ നിരാശയിലേയ്ക്കാണ് ഒരു ദിവസം ക്ഷീണിച്ച മുഖത്തോടെ രവി കടന്നുവരുന്നത്. 'ഞാൻ ഒരു ട്യൂൺ തയാറാക്കി കൊണ്ടുവന്നിട്ടുണ്ട്. വിരോധമില്ലെങ്കിൽ ഒന്ന് കേൾക്കാമോ?' രവി ചോദിച്ചു. ചോദ്യത്തിൽതന്നെ സത്യൻ മുഷിഞ്ഞു. കാരണം, ആദ്യമായാണ് ഒരാൾ റെഡിമെയ്ഡ് ഈണവുമായി വരുന്നത്. അതുവരെ വരികൾക്കനുസരിച്ച് ഈണമിടുന്ന പതിവ് ആയിരുന്നു. 'നിങ്ങൾ സലിൽ ചൗധരിയൊന്നുമല്ലല്ലോ, മലയാളിയല്ലേ? ഞാനും മലയാളിയാണ്. ആദ്യം വരികളെഴുതാം, അതിന് ഈണം കൊടുത്താൽ മതി' പരുക്കനായി സത്യൻ പറഞ്ഞു. രവി വല്ലാതെ വിയർത്തു. 'ഒന്ന് കേട്ടുനോക്കിയിട്ട്' അയാൾ അപേക്ഷിച്ചു. അത് അവഗണിക്കാൻ സത്യന് സാധിച്ചില്ല. രവി എല്ലാം മറന്ന് ഉള്ളുതുറന്ന് പാടി. അതിനനുസരിച്ച് സത്യന്റെ വരികളും പിറന്നു. 'താരകേ, മിഴിയിതളിൽ കണ്ണീരുമായി...' രവിയുടെയും, സത്യന്റെയും കണ്ണുകൾ നിറഞ്ഞു. ആ ഗാനം പിന്നീട് യേശുദാസ് പാടി. പാട്ട് വൻ ഹിറ്റായി. അതോടെ കുളത്തൂപ്പുഴ രവി എന്ന ആ മനുഷ്യൻ രവീന്ദ്രൻ എന്ന് അറിയപ്പെട്ടു.
സത്യൻ അന്തിക്കാടിനു വേണ്ടി ശ്രീനിവാസൻ തിരക്കഥയെഴുതിയ ആദ്യ സിനിമയായിരുന്നു 'ടി പി ബാലഗോപാലൻ എം എ'. വേണു നാഗവള്ളിയെക്കൊണ്ട് എഴുതിക്കാനായിരുന്നു ആദ്യം പ്ലാനിട്ടത്. പക്ഷെ, അദ്ദേഹം തിരക്കിലായിരുന്നു. അങ്ങനെയാണ് ശ്രീനിവാസനിലേക്ക് എത്തിപ്പെടുന്നത്. എഴുത്ത് താല്പര്യമില്ല എന്ന മട്ടിലായിരുന്നു ആദ്യ പ്രതികരണമെങ്കിലും ഒന്ന് ശ്രമിച്ചുനോക്കാം എന്ന് ശ്രീനി പറഞ്ഞു. അങ്ങനെ സിനിമയുടെ തിരക്കഥ പിറന്നു. സിനിമ ഹിറ്റ് ആവുകയും ചെയ്തു.
'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്നായിരുന്നു ബാലഗോപാലന് ശീനി നിർദ്ദേശിച്ച പേര്. പക്ഷേ, അത് കഥയുമായി യോജിക്കില്ലെന്ന് സത്യൻ പറഞ്ഞു. സത്യൻ മുമ്പൊരു സിനിമയ്ക്കായി കണ്ടുവച്ചിരുന്ന പേരായിരുന്നു മിസ് ജാനകി എം. എ. അതൊന്ന് മാറ്റിപ്പിടിച്ച് ബാലഗോപാലൻ എം.എ. എന്നാക്കി. ശ്രീനി പറഞ്ഞു, 'പേര് കൊള്ളാം. പക്ഷേ ഒരു പഞ്ചില്ല.' അങ്ങനെ ടി പി എന്ന ഇനീഷ്യൽ കൂടി ചേർത്തു.
ടി കെ ബാലചന്ദ്രൻ ആയിരുന്നു 'ബാലഗോപാലന്റെ' നിർമാതാവ്. അദ്ദേഹം ഒരു അഭിനയമോഹി ആയിരുന്നു. തിരക്കഥയെഴുതി കഴിഞ്ഞപ്പോളാണ് ടി കെ ബിയുടെ കാര്യം സത്യൻ ശ്രീനിയോട് സൂചിപ്പിച്ചത്. ഒരു പക്ഷിശാസ്ത്രജ്ഞന്റെ റോൾ ശ്രീനി എഴുതിച്ചേർത്തു. ഷൂട്ട് മുഴുവൻ തീർന്ന ശേഷമാണ് സത്യൻ ടി കെ ബിയുടെ കാര്യം ഓർത്തത്. പിറ്റേന്നു തന്നെ പക്ഷിജ്യോൽസ്യം എടുക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ മുതൽ ടി കെ ബി മേക്കപ് ആരംഭിച്ചു. ലൊക്കേഷനു തൊട്ടടുത്തുള്ള തിക്കുറിശ്ശിയുടെ വീട്ടിലായിരുന്നു മേക്കപ്. കൈലിയും, തലയിൽ വട്ടക്കെട്ടും, തത്തകൂടുമൊക്കെയായി അദ്ദേഹം സെറ്റിൽ വന്നു. ടേക്ക് പറയുന്നതിനു മുമ്പ് എന്തോ ഓർത്തിട്ടെന്ന പോലെ അദ്ദേഹം പറഞ്ഞു, 'സത്യൻ.. ഒരു നിമിഷം. ചെറിയൊരു കാര്യം കൂടിയുണ്ട്' ടി കെ ബി വീണ്ടും തിക്കുറിശ്ശിയുടെ വീട്ടിലേക്ക്. പെട്ടെന്ന് വരാം എന്നുപറഞ്ഞ് പോയ ആൾ അരമണിക്കൂർ കഴിഞ്ഞും വന്നില്ല. സഹികെട്ട് സത്യനും, മോഹൻലാലും, വിപിൻ മോഹനും ചെല്ലുമ്പോൾ കാണുന്ന കാഴ്ച ബോധം കെട്ട് കിടക്കുന്ന ടി കെ ബിയെ ആണ്. ചുറ്റിലും അടയ്ക്കയും, വെറ്റിലയുമെല്ലാം ചിതറിക്കിടക്കുന്നു. വേഷപ്പകർച്ച കൊഴുപ്പിക്കാനായി മുറുക്കിയപ്പോൾ അടയ്ക്ക ചെരച്ച് തലക്ക് പിടിച്ചതാണ് ടി കെ ബിയെ വീഴ്ത്തിയത്. ലാൽ കുറച്ച് വെള്ളം തളിച്ച് കക്ഷിയെ ഉണർത്തി. 'അഭിനയത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഞാൻ എന്തും സഹിക്കാൻ തയാറാണ്' എന്ന പ്രസ്താവനയോടെ ടി കെ ബി ലൊക്കേഷനിലേക്ക് നടന്നു.
*മദിരാശിയിൽ ശ്രീനിവാസനുമൊത്ത് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കോളനി പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യുന്നതിനെപ്പറ്റി സത്യൻ ചിന്തിക്കുന്നത്. ഇക്കാര്യം പറഞ്ഞ ഉടനേ ശ്രീനി പറഞ്ഞു, നമുക്ക് അതിന് 'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്' എന്ന് പേരിടാം. *നായകകഥാപാത്രമായ സേതുവിന്റെ ഗൂർഖാവേഷത്തിന് റാംസിംഗ് എന്ന പേര് നിർദ്ദേശിച്ചത് ഇന്നസെന്റ് ആണ്.
ഐ വി ശശി കൂടി പങ്കാളിയായ കാസിനോ ആണ് ഗാന്ധിനഗർ നിർമ്മിച്ചത്. ഗാന്ധിജിയുടെ ആശയങ്ങളോട് എതിർപ്പുള്ള ആളായിരുന്നു ശശി. അതുകൊണ്ടുതന്നെ ഗാന്ധിനഗർ എന്ന പേര് മാറ്റണമെന്ന് ശശി നിർബന്ധം പിടിച്ചു. സത്യനും, ശ്രീനിയും മറ്റ് പേരുകൾ ആലോചിച്ചു. 'വടക്കു നിന്നൊരു അതിഥി', 'മഞ്ഞണിമാമലയിൽ നിന്നൊരു ഗൂർഖ' തുടങ്ങി പല പേരുകളും ആലോചിച്ചെങ്കിലും അതിനൊന്നും ഒരു പഞ്ച് തോന്നിയില്ല. സീമ വഴി അപേക്ഷിച്ചു നോക്കിയെങ്കിലും ഐ വി ശശി വഴങ്ങിയില്ല. വൈകിട്ടത്തെ ടീ ബ്രേക്കിന് മോഹൻലാൽ സത്യനോട് പറഞ്ഞു, 'ശശിയേട്ടനോട് ഞാൻ ഒന്ന് പറഞ്ഞുനോക്കിയാലോ' സത്യൻ ഒന്നും പറഞ്ഞില്ല. സ്വന്തം ഭാര്യ പറഞ്ഞിട്ടുപോലും ഒട്ടും ഗൗനിക്കാത്ത കാര്യം ഇനി മോഹൻലാൽ പറഞ്ഞിട്ട് പ്രയോജനമൊന്നും ഉണ്ടാകുമെന്ന് സത്യന് വിശ്വാസമില്ലായിരുന്നു. പക്ഷേ, 5 മിനിട്ടിനു ശേഷം ലാലും, ശശിയും ഒരുമിച്ച് നടന്നുവരുന്നതാണ് സത്യൻ കണ്ടത്. സത്യന് അടുത്തെത്തി ഐ വി ശശി പറഞ്ഞു, 'സത്യന്റെ സിനിമയല്ലേ,.. സത്യന് ഇഷ്ടമുള്ള പേരിട്ടോളൂ.' ശശി പൂർണ്ണമായും അയഞ്ഞു. ആ 5 മിനിട്ടിൽ ലാൽ എന്താണ് ശശിയോട് പറഞ്ഞതെന്ന് ഇന്നും സത്യൻ അന്തിക്കാടിന് അറിയില്ല.
അനന്തൻ നമ്പ്യാർ ഫോൺ ചെയ്ത് പവനായിയെ ക്ഷണിക്കുന്ന ഒരു രംഗവും ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. തിലകന്റെ അസാന്നിധ്യം മൂലം ശ്രീനി തന്ത്രപരമായി ഒരു ഡയലോഗ് എഴുതി അത് നമ്പ്യാരുടെ ശിങ്കിടികളെക്കൊണ്ട് പറയിച്ചു, 'സാറിനോട് പറഞ്ഞ് എത്രയും പെട്ടെന്ന് നമുക്കയാളെ വരുത്തണം'.
'തൂവാനത്തുമ്പികളി'ൽ അഭിനയിച്ച ഉടനെ ആണ് നാടോടിക്കാറ്റിൽ അഭിനയിക്കാൻ മോഹൻലാൽ എത്തിയത്. അതുകൊണ്ട്തന്നെ തൂവാനത്തുമ്പികൾ എന്ന പേര് ലാൽ ഇടയ്ക്കിടെ പറയുമായിരുന്നു. ആ പേര് സത്യനെയും സ്പർശിച്ചു. തുമ്പികളും, ആകാശവും, കാറ്റുമെല്ലാം സത്യന്റെ മനസ്സിലും വന്നു. അങ്ങനെയാണ് 'നാടോടിക്കാറ്റ്' എന്ന പേരിലെത്തുന്നത്.