മഹാനടി / നടികിയാർ തിലകം: പഴയകാല തെന്നിന്ത്യൻ നടി സാവിത്രിയുടെ കഥയാണ് മഹാനടി പറയുന്നത് . അമ്മാവന്റെ വീട്ടിൽ വളർന്ന അവർ സിനിമാ താരമാകുന്നതും പിന്നീട് ജമിനി ഗണേശനെ വിവാഹം കഴിക്കുന്നതും അവസാന കാലഘട്ടത്തിൽ മദ്യപാനം മൂലമുണ്ടാകുന്ന സംഭവങ്ങളുമെല്ലാം ചേർത്ത് കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളും ഭാവഭേദങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച കീർത്തി സുരേഷിനെ അഭിനന്ദിക്കാതെ ഈ സിനിമയെക്കുറിച്ച് ഒന്നും എഴുതുക സാധ്യമല്ല . ദുൽക്കർ അവതരിപ്പിച്ച ജമിനി ഗണേശന്റെ കഥാപത്രവും ദുൽക്കർ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു .അദ്ദേഹം അത് വളരെ ഭംഗിയായി അവതരിപ്പിച്ചു . റിപ്പോർട്ടറുടെ റോളിൽ വന്ന സാമന്തയും അവസാന രംഗങ്ങളിൽ തകർത്തു ... മലയാളത്തിൽ സെല്ലുലോയിഡ്,തിരക്കഥ എന്നീ സിനിമകളിൽ അവതരിപ്പിച്ചതുപോലെ വെള്ളിത്തിരയിൽ നിറഞ്ഞാടിയവരുടെ പരാജയപ്പെട്ട വ്യക്തി ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സിനിമയും .ഒരു ബയോ പിക് എങ്ങനെ നല്ല വൃത്തിയായി അവതരിപ്പിക്കാം എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട് .(ദിവസങ്ങൾക്ക് മുൻപ് വേറൊരു ബയോ പിക് കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല .) നല്ല വിഷ്വലുകളും ഫ്രെയിമുകളും പശ്ചാത്തല സംഗീതവുമെല്ലാം 3 മണിക്കൂർ ദൈർഖ്യമുള്ള സിനിമ കാണുമ്പോൾ നമ്മെ പിടിച്ചിരുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ് . NB: ദയവ് ചെയ്ത് ഈ സിനിമയിൽ നിന്നും 'കുഞ്ഞിക്ക മാസ്സ് ' ഒന്നും പ്രതീക്ഷിക്കല്ലേ . കുറച്ച് പതുക്കെ പോകുന്ന സിനിമയുമാണ് . എന്റെർറ്റൈനെർ പ്രതീക്ഷിച്ചു പോകണ്ട ...