വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സൂര്യ ആരാധകർക്ക് ആഘോഷിക്കാൻ ഒരു ഹിറ്റ് കിട്ടിയിരിക്കുകയാണ് 24 ലൂടെ. വിക്രം സംവിധാനം ചെയ്ത 24ൽ സൂര്യ ആത്രേയൻ,സേതുമാധവൻ,മണി എന്നീ 3 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സത്യ എന്ന നായിക കഥാപാത്രമായി എത്തുന്നത് തെന്നിന്ത്യൻ സുന്ദരി സാമന്തയാണ്. ഫിക്ഷനോടൊപ്പം സൗത്ത് ഇന്ത്യൻ മസാലയും വേണ്ട വിധം ചേർത്തിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥയിലേക്ക് : ശാസ്ത്രജ്ഞനായ dr.സേതുമാധവൻ ഒരു വാച്ച് കണ്ടുപിടിക്കുന്നു പ്രൊജക്റ്റ് 24 എന്നാണു അതിനു പേരിട്ടിരിക്കുന്നത്. 24 മണിക്കൂർ പിറകോട്ട് പോകാനും 1 മിനുട്ട് നേരത്തേയ്ക്ക് സമയത്തെ തടഞ്ഞു വെയ്ക്കാനും കഴിവുള്ള ആ വാച്ച് കൈക്കലാക്കാൻ വരുന്ന സേതുവിൻറെ സഹോദരൻ ആത്രേയ അതിനു വേണ്ടി സേതുവിൻറെ ഭാര്യയെയും (നിത്യമേനോൻ) സേതുവിനെയും കൊലപ്പെടുത്തുന്നു. ഇതിനിടയിൽ സാഹസികമായി രക്ഷപ്പെടുന്ന അവരുടെ കുഞ്ഞിന്റെ (മണി)തുണിയിലായിരുന്നു വാച്ച് ഉണ്ടായിരുന്നത് . 26 വർഷങ്ങൾക്ക് ശേഷം ആത്രേയ വാച്ച് കൈവശം വെച്ചിരിക്കുന്ന മണിയെ കണ്ടെത്തുന്നു ശേഷം ആ വാച്ച് കൈക്കലാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും പിന്നീട് നായകൻ തിരിച്ചറിയുന്ന തന്റെ ഭൂതകാലവും കൂട്ടത്തിൽ സത്യ എന്ന പെൺകുട്ടിയോടുള്ള ഒരു പ്രണയവും ഒക്കെയായി സിനിമ മുന്നോട്ട് പോകുന്നു ... സവിശേഷതകൾ : ടൈം ട്രാവൽ എന്ന ആശയത്തിൽ ഇന്ത്യയിൽ പുറത്തു വന്നിട്ടുള്ള ചുരുക്കം ചില സിനിമകളിൽ ഒന്നായിരിക്കും 24 .ടൈം ട്രാവലിനെ എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞു . ഫിക്ഷന്റെയും ഫാന്റസിയുടെയും ഇടയിൽ ആളുകളെ രസിപ്പിക്കാൻ ഇമ്പമുള്ള ഗാനങ്ങളും കോമഡിയും പ്രണയവും എല്ലാം സമാസമം ചേർത്ത് അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട് . സൂര്യ 3 വ്യത്യസ്ത കഥാപാത്രങ്ങളായി 4 ഗെറ്റപ്പിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.വളരെ ഗംഭീരമായി തന്നെ അദ്ദേഹം ശബ്ദത്തിൽ വരെ വ്യത്യാസം വരുത്തി അത് അവതരിപ്പിച്ചു.അന്ജാനിൽ ഒക്കെ കാണിച്ചുകൂട്ടിയതിനേക്കാൾ സൂര്യക്ക് എത്രയോ ചേരുന്ന ഭംഗിയുള്ള ലൂക്കാണ് ഈ സിനിമയിലെ മണിയുടെത്. ഗ്ലാമറിലും പ്രകടനത്തിലും സാമന്ത തിളങ്ങി .. പിന്നെ ക്യാമറ,bgm തുടങ്ങിയവയും മികവു പുലർത്തി .. പോരായ്മകൾ : ഫിക്ഷൻ സ്റ്റോറി ആണെങ്കിലും ആളുകളെ മണ്ടന്മാരാക്കുന്ന പല സീനുകളും സിനിമയിൽ ഉണ്ടായിരുന്നു.(ടൈം ട്രാവൽ നടത്തി ക്രിക്കറ്റ് കളിയിൽ ഇന്ത്യയെ ജയിപ്പിക്കുന്നത് ഒരു ഉദാഹരണം ) സാമന്തയും സൂര്യയും നടത്തുന്ന സംഭാഷങ്ങളുടെ നീളം അൽപ്പം കൂടുന്നതുപോലെ തോന്നി. ഒരുപാട് തവണ മുൻപേ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത് മടുപ്പുളവാക്കി. അവസാന വാക്ക് : അൽപസമയം ആസ്വദിച്ചു ഒരു സയൻസ് ഫിക്ഷൻ സിനിമ കാണാൻ താൽപര്യമുള്ള ആര്ക്കും ധൈര്യമായി കാണാവുന്ന സിനിമയാണ് 24.