തിങ്കള്‍ മുതല്‍വെള്ളി വരെ എന്ന ചിത്രത്തിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുപുലിയാട്ടം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുമെന്നവകാശപ്പെട്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോള്‍ റിലീസ് ആയിരിക്കുന്നത്. ജയറാം ആണ് ചിത്രത്തിലെ നായകന്‍. ഷീലു എബ്രഹാം, രമ്യകൃഷ്ണന്‍, ഓം പുരി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദിനേഷ് പള്ളത്തിന്റെതാണ് തിരകഥ. കഥ സത്യജിത് എന്ന ബിസിനസുകാരന്‍ ഭാര്യയും മകളുമടക്കം നഗരത്തില്‍ താമസിക്കുകയാണ്. സന്തോഷകരമായ അവരുടെ ജീവിതത്തിനിടയ്ക്ക് സത്യജിത്തിനു ചില അസ്വഭാവിക സംഭവങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ ചുരുളഴിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. അത് സത്യജിത്തിനെ സെമ്പകകോട്ടയിലേക്കെത്തിക്കുന്നു. അവിടെ വെച്ച് സത്യജിത്തിന്റെ ജീവിതം മാറി മറിയുന്ന പലതും നടക്കുന്നു. ..!! വിശകലനം കണ്ണന്‍ താമരക്കുളം എന്ന പേരു സിനിമ പ്രേക്ഷകരുടെ ഇടയില്‍ അധികം സുപരിചിതമല്ലെങ്കിലും സീരിയല്‍ പ്രേക്ഷകരുടെ ഇടയില്‍ അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ സംവിധായകനാണ്. ജനലക്ഷങ്ങളുടെ പ്രീതി പിടിച്ചു പറ്റിയ നിരവധി സീരിയലുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അങ്ങനെ സീരിയലില്‍ വിരാജിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുള്ളിക്കാരനു സിനിമയെടുക്കാന്‍ ഒരു പൂതി തോന്നിയത്. കണ്ണന്‍ താമരക്കുളത്തിനേക്കാള്‍ വലിയ സീരിയല്‍ സംവിധായകരൊക്കെ വന്ന് പയറ്റി പരാജയപ്പെട്ട് പോയ ഫീല്‍ഡിലേക്ക് രണ്ടും കല്പിച്ച് അങ്ങേരു കാല്‍ വെച്ചു. കൂട്ടിനു തിരകഥാകൃത്ത് ദിനേശ് പള്ളത്ത്. ആദ്യ സിനിമ തിങ്കള്‍ മുതല്‍ വെള്ളി വരെ. നായകന്‍ ഇതേ ജയറാം. നായിക നമ്മുടെ സ്വന്തം റിമി ടോമി. കുറ്റം പറയരുതല്ലോ സിനിമ വെള്ളിയാഴ്ച്ച ഇറങ്ങി തിങ്കളാഴ്ച്ചക്ക് മുന്‍പേ തിയറ്റര്‍ വിട്ടു. നല്ല അസ്സലായി പൊട്ടി പാളീസായി. കണ്ണന്‍ താമരക്കുളത്തിന്റെ ജീവ ചരിത്രം എന്തിനാണ് ഇവിടെ പറയുന്നത് എന്ന് സംശയം തോന്നാം. കാരണമുണ്ട്, ആടുപുലിയാട്ടത്തിന്റെ നിര്‍മ്മാതാക്കള്‍ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ഇതിനു മുന്‍പ് നിര്‍മ്മിച്ച സിനിമയാണ് ഉട്ടോപ്യയിലെ രാജാവ്. സാമ്പത്തികമായി പരാജയപ്പെട്ട ഒരു സിനിമയെടുത്ത നിര്‍മ്മാതക്കള്‍ അതിനേക്കാള്‍ പരാജയപ്പെട്ട മറ്റൊരു സിനിമയുടെ സംവിധായകനെയും തിരകഥാകൃത്തിനെയും വെച്ച് സിനിമയെടുക്കാന്‍ ഇറങ്ങണമെങ്കില്‍ അതിലെന്തോ ഒരിത് ഉണ്ടാകണം. ആ ഇതാണു ഈ സിനിമയുടെ പോസിറ്റീവ്. നിര്‍മ്മാതക്കള്‍ക്കും സംവിധായകനും തിരകഥാകൃത്തിനും നായകനും ആടുപുലിയാട്ടം എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഉണ്ടായ അതേ രോമാഞ്ചം തിയറ്ററുകളില്‍ അനുഭവിക്കുന്ന പ്രേക്ഷകര്‍ക്ക് ഈ സിനിമ രസകരമാണു..! അല്ലാത്തവരെ സംബന്ധിച്ച് ഇതൊരു അസഹനീയ ചിത്രവും..!! ആടുപുലിയാട്ടം ഒരു ഹൊറര്‍ കോമഡി ചിത്രമാണ്. മലയാളത്തില്‍ വിനയനൊക്കെ പണ്ട് പരീക്ഷിച്ച് വിജയിച്ച ഫോര്‍മുലയുടെ മറ്റൊരു ആവിഷ്ക്കാരമാണു ചിത്രം. തമിഴ്, തെലുങ്ക് ഓഡിയന്‍സിനെ കൂടി ലക്ഷ്യമിട്ടു കൊണ്ട് വളരെയധികം കളര്‍ഫുളായാണു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്യഭാഷാ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്ത വിദേശ താരങ്ങളില്‍ രമ്യകൃഷ്ണന്‍ തിളങ്ങിയപ്പോള്‍ ഓം പുരി നിരാശപ്പെടുത്തി. സോള്‍ട്ട് & പെപ്പര്‍ ലുക്കില്‍ ജയറാം മാസ് പ്രതീഷിച്ചെത്തിയ ആരാധകര്‍(?) ജയറാമിന്റെ സ്ഥിരം പ്രകടനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഷോക്കടിച്ചാല്‍ പോലും അഭിനയം വരാത്ത നടി എന്ന ചീത്ത പേരുള്ള നടി ഷീലു അഭിനയത്തില്‍ മെച്ചപ്പെട്ട് വരുന്ന അത്ഭുത കാഴ്ച്ച ആടുപുലിയാട്ടത്തില്‍ കാണാം. കോമഡി താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആടുപുലിയാട്ടത്തില്‍ ഉണ്ടെങ്കിലും കയ്യടി നേടുന്ന പ്രകടനം കാഴ്ച്ച വെച്ചത് ബേബി അക്ഷര ആണ്. മുന്‍പ് ഒരുപിടി സിനിമകളില്‍ മുഖം കാണിച്ചുട്ടുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ കൊച്ചു മിടുക്കിക്കായി. ആദ്യ സിനിമയില്‍ നിന്ന് ഒരുപാട് മുന്നേറിയ ഒരുസംവിധായകനെ ആടുപുലിയാട്ടത്തില്‍ കാണാം. തിരകഥാകൃത്ത് എന്ന നിലയില്‍ ദിനേശ് പള്ളത്തും ശരാശരി നിലവാരം കാത്തു സൂക്ഷിച്ചിട്ടുണ്ട്. രതീഷ് വേഗയുടെ സംഗീതം മനോഹരമായിരുന്നു. എന്നിരുന്നാലും കണ്ണന്‍ താമരകുളത്തെയും ദിനേശ് പള്ളത്തിനെയും വിശ്വസിച്ച് ഇത്രയും കോടികള്‍ മുടക്കി 3 ഭാഷകളില്‍ ഇറക്കാനായിട്ട് ഒരു പടം നിര്‍മ്മിക്കാന്‍ ഹസീബ് ഹനീഫ് കാണിച്ച ചങ്കൂറ്റമൊന്നും വേറാരും കാണിച്ചുണ്ടാവില്ല. അതിനു അങ്ങേര്‍ക്കിരിക്കട്ടെ ഒരു പൂച്ചെണ്ട്..!!! പ്രേക്ഷക പ്രതികരണം 800 പേര്‍ക്ക് ഇരിക്കാവുന്ന തിയറ്ററില്‍ ഉള്ളത് 20 പേര്‍ മാത്രം. അവരൊക്കെ എന്തോന്ന് പ്രതികരിക്കാന്‍..!! ബോക്സോഫീസ് സാധ്യത തുടര്‍ച്ചയായി ആളുകളെ വെറുപ്പിക്കുന്ന സിനിമകള്‍ മാത്രം ചെയ്തത് കൊണ്ടാവണം ജയറാമിന്റെ തമ്മില്‍ ഭേദം തൊമ്മന്‍ ലൈനില്‍ ഒരു സിനിമ വന്നിട്ട് കൂടി കാണാന്‍ ആളിലാതെ പോയത്. അതു കൊണ്ട് ശക്തമായ മാര്‍ക്കറ്റിംഗ് നടന്നിലേല്‍ ഇതും ദുരന്തം. റേറ്റിംഗ് : 2.75 / 5 അടിക്കുറിപ്പ്: ആടുപുലിയാട്ടത്തില്‍ ജയറാമില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയിലെന്ന് ജയറാം ആരാധകര്‍..!!!