ഒരു ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്യവേ ലാൽജോസിനെ ഇന്റർവ്യൂ ചെയ്തതാണ് മുരളി ഗോപിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. ഇരുവരും ചേർന്ന് 'ചേകവൻ' എന്നൊരു സിനിമ പ്ലാൻ ചെയ്തു. മുരളി ഗോപി തിരക്കഥയൊരുക്കി അദ്ദേഹത്തെ തന്നെ നായകനാക്കാൻ ആയിരുന്നു പ്ലാൻ. സിനിമയ്ക്കു വേണ്ടി മുരളി ജോലി രാജി വച്ചെങ്കിലും നിർമാതാവിനെ കിട്ടാത്തതിനാൽ സിനിമ നടന്നില്ല. ഈ സാഹചര്യത്തിൽ മറ്റൊരു സിനിമ എഴുതാൻ മുരളി നിർബന്ധിതനായി. അതാണ് 'രസികൻ'. ചേകവനിലെത്തന്നെ ഒരു കഥാപാത്രത്തെ ഡെവലപ് ചെയ്തതാണ് രസികൻ.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്യുമ്പോഴുള്ള പരിചയങ്ങളാണ് രഘുവിനെ ഭീമൻ രഘു ആക്കിയത്. നടൻ മധുവിനെയും, സംവിധായകൻ ഹസനെയുമെല്ലാം അവിടെ വച്ച് പരിചയപ്പെട്ടതാണ്. അങ്ങനെയാണ് 'പിന്നെയും പൂക്കുന്ന കാല'ത്തിൽ മുഖം കാട്ടുന്നതും, 'ഭീമനി'ൽ പ്രധാന വേഷം ചെയ്യുന്നതും.
ജയസൂര്യ ഓർത്തെടുക്കുന്ന ഒരു കാര്യം. 'ഇമ്മിണി നല്ലൊരാൾ' ചെയ്തുകഴിഞ്ഞ് ഒരു വർഷം ജയസൂര്യ സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നു. അക്കാലയളവിൽ ജയനെത്തേടി 11 സിനിമാ ഓഫർ വന്നു. ഒന്നും സ്വീകരിച്ചില്ല. അതെല്ലാം മറ്റ് ആളുകളെ നായകന്മാരാക്കി എടുക്കുകയും പൊട്ടുകയും ചെയ്തു.
'അപ്പുണ്ണി'ക്ക് ശേഷം നെടുമുടി വേണുവിനെ പ്രധാന കഥാപാത്രമാക്കി 'ചിക്കാഗോയിൽ ചിന്തിയ രക്തം' എന്നൊരു സിനിമ സത്യൻ അന്തിക്കാട് പ്ലാൻ ചെയ്തിരുന്നു. അമേരിക്കയിൽ ഷൂട്ടിങ് കാര്യങ്ങളെല്ലാം പ്ലാൻ ചെയ്ത ശേഷമാണ് നെടുമുടി എത്തില്ലെന്ന് സത്യൻ അറിയുന്നത്. നെടുമുടി 'പഞ്ചവടിപ്പാലം' സിനിമയുടെ തിരക്കിൽ പെട്ടു പോയതായിരുന്നു കാരണം. പക്ഷേ, ഈ സംഭവം മൂലം 12 വർഷക്കാലം സത്യൻ നെടുമുടിയുമായി അകൽച്ചയിലായിരുന്നു.
ആലപ്പുഴ റെയ്ബാൻ തീയറ്ററിനു സമീപത്തെ കള്ളുഷാപ്പ് തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് പലപ്പോഴും സന്ദർശിക്കുമായിരുന്നു. മദ്യപിക്കാനല്ല, പലരുടെയും ജീവിതം പഠിയ്ക്കാൻ. ജീവിതം കൈവിട്ടുപോയ ചില സ്ത്രീകളെ ഷെരീഫ് അവിടെ കണ്ടുമുട്ടി. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ ജീവിതമാണ് അദ്ദേഹം 'അവളുടെ രാവുകൾ പകലുകൾ' എന്ന നോവലാക്കുന്നതും, പിന്നീട് ഐ വി ശശിയുടെ സംവിധാനത്തിൽ 'അവളുടെ രാവുകൾ' എന്ന വമ്പൻ ഹിറ്റാവുന്നതും.
'നമ്മൾ' സിനിമയിൽ എത്തും മുമ്പ് അവസരം തേടി 'ഇഷ്ടം' സിനിമയുടെ സെറ്റിൽ നടി ഭാവന എത്തിയിരുന്നു. അന്ന് സ്വീകരിക്കപ്പെടാതെ പോയി. പിന്നീട് ഒരു ടി വി പ്രോഗ്രാം കണ്ട് തിരക്കഥാകൃത്ത് കലവൂർ രവികുമാർ നമ്മളിലേക്ക് ഭാവനയെ ക്ഷണിക്കുകയായിരുന്നു.
'തച്ചോളി അമ്പു' സിനിമയിൽ ഒതേനന്റെ വേഷം ചെയ്തത് ശിവാജി ഗണേശനാണ്. ഉമ്മറുമായുള്ള ശിവാജിയുടെ യുദ്ധരംഗമാണ് ആദ്യം ചിത്രീകരിച്ചത്. ഡ്യൂപ്പ് റെഡിയാണ്. പക്ഷേ, ഒരു കൈ നോക്കാമെന്ന ആവേശത്തിൽ ശിവാജി ഉമ്മറിനു നേരെ ചാടിവീണു. ഒറ്റ വീഴ്ച. ശിവാജിയുടെ കൈയൊടിഞ്ഞു. അദ്ദേഹം മദ്രാസിലേക്ക് മടങ്ങി. പിന്നീട് എം ജി ആറിന്റെ സത്യ സ്റ്റുഡിയോയിൽ ശിവാജിക്കു വേണ്ടി സെറ്റിടുകയായിരുന്നു.