വടക്കൻ പാട്ടിൽ മാക്ബത്ത് ?? മലയാളികൾ കേട്ടതിൽ വെച്ച് ഏറ്റവും വലിയ ചതിയുടെ കഥ ആയിരുന്നു വടക്കൻ പാട്ടുകളിലെ ചന്തുവിന്റേത്. പിന്നീട് എം ടി വാസുദേവൻ നായർ ചന്തുവിന്റെ കഥ വേറൊരു interpretation ൽ നമുക്ക് മുന്നിൽ വളരെ മനോഹരമായി അവതരിപ്പിച്ചു. അതായിരുന്നു "ഒരു വടക്കൻ വീരഗാഥ". ചന്തുവിന്റേത് പോലെ വലിയൊരു ചതിയുടെ കഥ ആയിരുന്നു വില്യം ഷേക്സ്ഫിയറിന്റെ "മാക്ബത്". ഇവിടെ "വീരം" എന്ന സിനിമയിൽ മാക്ബത്തിനെ കേരളത്തിലെ വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ചന്തുവിന്റെ കഥയിലൂടെ പറയുകയാണ് സംവിധായകൻ ജയരാജ്. അത് കൊണ്ട് തന്നെ പുത്തൂരം വീടിന്റെ പഴം കഥകളിലേയ്ക്കോ ആരോമലിന്റെയും ഉണ്ണിയാർച്ചയുടെയും ചന്തുവിന്റെയും ഒന്നും കുട്ടിക്കാലത്തേക്കോ വീരം പോകുന്നില്ല. പാണന്മാർ പാടി നടന്ന വടക്കൻ പാട്ടിലേക്ക് "മാക്ബത്ത്" വരുമ്പോൾ പൂർണമായും ചന്തുവിലൂടെ തന്നെ പോകുന്നു സിനിമ. ചന്തുവിനോളം പ്രാധാന്യമുള്ള കഥാപാത്രമായിട്ട് കുട്ടിമാണിയും എത്തുന്നു. നമ്മൾ കണ്ടിട്ടുള്ള ചന്തുവിന്റെ കഥയിലേക്ക് മാക്ബത്തിലെ ഒരു മന്ത്രവാദിനിയും അവരുടെ പ്രവചനങ്ങളും എത്തുന്നു. വീരത്തിനു മുൻപുള്ള ജയരാജ് ഒരു സമയത്ത് തുടർച്ചയായി നല്ല സിനിമകൾ തന്ന് കൊണ്ടിരുന്ന സംവിധായകൻ ആയിരുന്നു ജയരാജ്. പൈതൃകം, ദേശാടനം, കളിയാട്ടം, ശാന്തം, കരുണം എന്ന ചിത്രങ്ങളോടൊപ്പം തന്നെ ജോണിവാക്കർ, തിളക്കം, 4 ദി പീപ്പിൾ പോലുള്ള വാണിജ്യ സിനിമകളും എടുത്ത് വിജയിപ്പിച്ചിരുന്ന സംവിധായകൻ. എന്നാൽ 4 ദി പീപ്പിൾ നു ശേഷം ഒരു മാതിരി കണ്ടാൽ തല പെറുക്കുന്ന പോലത്തെ സിനിമകൾ ആണ് അദ്ദേഹത്തിൽ നിന്ന് വന്നത്. അത് കൊണ്ട് തന്നെ വലിയ ബഡ്ജറ്റിൽ മാക്ബത്തിനെ ആധാരമാക്കി കൊണ്ട് ജയരാജ് വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ പറയുന്നു എന്ന് കേട്ടപ്പോൾ വലിയ താൽപ്പര്യം ഒന്നും തോന്നിയില്ല. പക്ഷെ "ഒറ്റാൽ" എന്ന ജയരാജിന്റെ ഇതിനു മുന്നേ ഇറങ്ങിയ ചിത്രം അടുത്ത സമയത്താണ് കണ്ടത്. വളരെ മനോഹരമായ ചിത്രം. അതോടെ "വീരം" എന്തായാലും കാണും എന്നുറപ്പിച്ചു. വലിയ ബഡ്ജറ്റിനെക്കാളും, ലാൽ ജോസ് ചിത്രം കണ്ടിട്ട് അത് വിതരണത്തിനെടുത്തു എന്നറിഞ്ഞതാണ് "വീരം" ആദ്യ ദിവസം തന്നെ കാണണം എന്ന തീരുമാനത്തിൽ എത്തിച്ചത്. എന്ത് കൊണ്ട് കുനാൽ കപൂർ ?? "വീരം" ഇറങ്ങുന്നതിനു മുന്നേ ജയരാജിനോട് ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം ഇതായിരുന്നു. എന്തുകൊണ്ട് ചന്തുവാകാൻ കുനാൽ കപൂറിനെ തിരഞ്ഞെടുത്തു ?? എന്തുകൊണ്ട് ഒരു മലയാളി നടനെ തിരഞ്ഞെടുത്തില്ല ?? "വീരം" കണ്ടു കഴിഞ്ഞ ആരും ഇനി അത് ചോദിക്കില്ലായിരിക്കും. കുനാൽ കപൂർ ചതിക്കുന്ന ചന്തുവിനെ മനോഹരം ആക്കിയെന്നു നിസംശയം പറയാം. അത് പോലെ കുട്ടിമാണിയെ അവതരിപ്പിച്ച നടിയും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മുന്നിട്ടു നിന്ന്. ഡബ്ബിങിന്റെ പ്രശ്നങ്ങൾ ചില രംഗങ്ങളിൽ തോന്നിയെങ്കിലും ഭാവാഭിനയത്തിൽ ഇവർ രണ്ടും ആ കുറവ് ഒരു പരിധി വരെ മാറി കടന്നു. അത് പോലെ കേളു എന്ന കഥാപാത്രമായി വന്ന നടനും അവസാന ഭാഗങ്ങളിലെ കളരിപ്പയറ്റിൽ ആരോമലുണ്ണിയും പിന്നെ ഇടയ്ക്കിടെ വരുന്ന പാണനും എല്ലാം നല്ല പ്രകടനം തന്നെ കാഴ്ച വച്ചു. ഉണ്ണിയാർച്ച ആയി വന്ന നടി ഒരു miscast ആയി തോന്നി. ഒരു പക്ഷെ മാക്ബത്തിൽ ഉണ്ണിയാർച്ചയ്ക്ക് പ്രാധാന്യം കുറവായത് കൊണ്ടാവും. സാങ്കേതികമായി വീരം എവിടെ ?? വീരത്തിന്റെ trailer കണ്ടപ്പോൾ തന്നെ സാങ്കേതികമായുള്ള മേന്മ വ്യക്തമായിരുന്നു.S കുമാർ എന്ന കാമറാമാനിൽ നിന്ന് ഇത് വരെ കണ്ടതിൽ നിന്ന് വേറിട്ട് നിൽക്കുന്നു വീരത്തിലെ ഓരോ frames ഉം. ചിത്രം കണ്ട് കൊണ്ടിരിക്കുമ്പോൾ അതി മനോഹരം എന്ന് തോന്നിപ്പിച്ച കുറെയേറെ shots and frames . ഹോളിവുഡ് ലെവൽ visuals എന്നത് ഒരു ക്ളീഷേ പദപ്രയോഗം ആയത് കൊണ്ട്, ഇത് വരെ ഒരു സിനിമയിലും കണ്ടിട്ടില്ലാത്തതും മനോഹരങ്ങളുമായ ധാരാളം visuals ഉണ്ട് ഈ സിനിമയിൽ. ഒപ്പം കളർ ഗ്രേഡിങ്ങും ചിത്രത്തെ ആകർഷകമാക്കുന്നു. അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും വീരത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തി. കല സംവിധാനം വീര്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഘടകമായിരുന്നു. ചന്തു മന്ത്രവാദിനിയെ കാണാൻ പോകുന്ന ഗുഹയും കുട്ടിമാണി വിളക്ക്* വെക്കുന്ന ഇടവും എല്ലാം മികച്ച കല സംവിധാനത്തിന്റെ ഉദാഹരണങ്ങൾ ആണ്. വീരത്തിൽ ഓസ്കാർ നോമിനേഷൻ ചെയ്യപ്പെട്ടത് പശ്ചാത്തല സംഗീതത്തിന് ആണെന്ന് അറിയാൻ കഴിഞ്ഞു. വളരെ നന്നായി സിനിമയുടെ മൂഡിനോട് ചേർന്ന് പോകുന്ന രീതിയിൽ തന്നെ പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ഗ്രാഫിക്സ് വരുന്ന രംഗങ്ങൾ പൂർണമായും മികവുറ്റതായില്ല എങ്കിലും ഒരു ഇന്ത്യൻ സിനിമ എന്ന നിലയ്ക്ക് പോരായ്മകൾ ഏറെ പറയാനില്ല. കോഴിപ്പോര് നടക്കുന്ന രംഗങ്ങളിൽ ഗ്രാഫിക്സ് ലോക നിലവാരത്തിൽ ഉള്ളതായിരുന്നു. ഒരു പാട് ആളുകൾ കളരിക്ക് കാഴ്*ചക്കാരായി നിൽക്കുന്ന രംഗങ്ങളിലും കോമന്റെ ഭാര്യയും കുഞ്ഞും വലിയ മലയുടെ മുകളിൽ നിന്ന് ചാടുന്ന രംഗങ്ങൾ CGI ലെ കുറവുകൾ കാട്ടി തന്നു. നല്ലതോ വീരം ?? താരങ്ങളുടെ സാന്നിധ്യം നോക്കിയല്ലാതെ, പുതിയൊരു അനുഭവം ആണ് ഓരോ സിനിമയിലും നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ "വീരം" തീയറ്ററിൽ പോയി കാണുക. ഈ ചിത്രം തീയറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ എന്ന കുട്ടാ ബോധത്തെക്കാൾ വലുതല്ല നൂറു രൂപയും ഒന്നേ മുക്കാൽ മണിക്കൂറും. തീർത്തും പുതിയ, നല്ല ഒരു അനുഭവം - വീരം.