വളരെ വിരളമായി ഹിന്ദി സിനിമകൾ തീയേറ്ററിൽ പോയി കാണുന്ന എന്നെ ഈ സിനിമയുടെ ആദ്യ ദിനത്തിലെ പ്രദർശനം കാണാൻ തീയേറ്ററിലേക്ക് അടുപ്പിച്ചത് കർണ്ണിസേനയും സംഘപരിവാർ -ഹിന്ദുത്വ സംഘടനകളും നടത്തിയ കൊലവിളിയും ഭീഷണിയും മൂലമുണ്ടായ പ്രീ പബ്ലിസിറ്റിയാണ് .(തേങ്ക്സ് ) 14 നൂറ്റാണ്ടിലെ രജപുത്ര വംശജയായ റാണി പത്മാവതിയുടെ കഥയാണ് സിനിമ പറയുന്നത് .രാജാവായ രത്തൻ സിംഗ് പത്മാവതിയെ വിവാഹം കഴിക്കുന്നു . ദില്ലി ഭരിക്കുന്ന അലാവുദ്ധീൻ ഖിൽജിക്ക് പത്മാവതിയിൽ മോഹമുദിക്കുകയും പത്മാവതിയെ സ്വന്തമാക്കാനായി ഖിൽജി അവർ താമസിക്കുന്ന ചിത്തൂർ കോട്ട ആക്രമിക്കുന്നതും രാജപുത്രരുടെ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് സിനിമയുടെ ഒരു ചുരുക്കം . പത്മാവതി എന്ന ടൈറ്റിൽ റോളിൽ ദീപിക പദുക്കോണും രത്തൻ രാജാവായി ഷാഹിദ് കപൂറും സിനിമയിൽ തിളങ്ങി. പക്ഷെ സ്‌ക്രീനിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത് അലാവുദീൻ ഖിൽജിയായി എത്തിയ രൺവീർ സിംഗാണ് . വളരെ മികച്ച രീതിയിലുള്ള മേക്കിങ് ആണ് സഞ്ജയ് ലീല ബൻസാലിയുടേത് . പ്രതീക്ഷകളോടെ പോകുന്ന പ്രേക്ഷകനെ സംവിധായകൻ ഒരു തരത്തിലും നിരാശപ്പെടുത്തുന്നില്ല.യുദ്ധ രംഗങ്ങൾ നല്ല നിലവാരം പുലർത്തി.അമാനുഷികമായി നായകനോ വില്ലനോ ഒന്നും ചെയ്യുന്നതായി കാണിച്ചില്ല .(കയ്യടി ) പശ്ചാത്തല സംഗീതവും ക്യാമറ വർക്കും സ്‌പെഷ്യൽ ഇഫക്റ്റുകളൂം സിനിമയിൽ നല്ല പ്രാധാന്യം അർഹിക്കുന്നു .അവ ഗംഭീരമായി തന്നെ ചെയ്തിട്ടുമുണ്ട് . റിലീസിന് മുൻപേ കർണ്ണി സേന പ്രവർത്തകർ പറഞ്ഞ് ബഹളം വെച്ചിരുന്നത് ഈ സിനിമയിൽ ഖിൽജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു . ഞാൻ അത്തരത്തിൽ ഉള്ള ഒരു രംഗവും സിനിമയിൽ കണ്ടില്ല .(ഇനി അഥവാ ഉണ്ടാവുകയാണെങ്കിൽ തന്നെ അത് ഡ്രീം സീക്വൻസ് ആകാനേ വഴിയുള്ളു . അത്തരം രംഗങ്ങളിലൂടെയും വികാരം വ്രണപ്പെടുമോ എന്നറിയില്ല . ) ചരിത്രത്തോട് നീതി പുലർത്തി അവതരിപ്പിച്ച പത്മാവതി സിനിമയുടെ ദൈർഖ്യം 3 മണിക്കൂറിനടുത്തുണ്ട് .ഒരു പക്ഷെ അത് പലർക്കും മുഷിച്ചിലുണ്ടാക്കിയേക്കാം. ഈ സിനിമ തീയേറ്ററിൽ നിന്നും കാണേണ്ട സിനിമയാണ് . നല്ല പ്രൊജക്ഷൻ ക്വളിറ്റിയും നല്ല ശബ്ദ വിന്യാസവും ഉള്ള തീയേറ്റർ തന്നെ തിരഞ്ഞെടുക്കുക . (3d സംവിധാനത്തിൽ കണ്ടാലും നിങ്ങൾ നിരാശരാകില്ല .ആവശ്യത്തിന് എഫക്ടുകളൊക്കെയുണ്ട് ) # സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ തീയേറ്ററിന് പുറത്ത് പോലീസ് . എന്തെങ്കിലും തരത്തിലുള്ള ഭീഷണികൾ സിനിമയ്ക്ക് വന്നിട്ടുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. അപ്പോൾ പോലീസ് പറഞ്ഞത് അങ്ങനെ ഒന്നും ഇല്ലെന്നും ഇനി അഥവാ ഏതെങ്കിലും സേനക്കാർ പ്രശ്നം ഉണ്ടാക്കാൻ വരികയാണെങ്കിൽ അത് നേരിടാനാണ് വന്നതെന്നും പറഞ്ഞു . മറ്റുള്ള സംസ്ഥാനങ്ങളിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ അക്രമങ്ങൾ നടക്കുമ്പോൾ മേൽപ്പറഞ്ഞ സേനക്കാർക്ക് ആൾബലമില്ലാത്ത മണ്ണായിട്ടുകൂടി ജാഗ്രതയോടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്ന കേരള പോലീസിനോടും ആഭ്യന്തര വകുപ്പിനോടും ഒരു നിമിഷം ബഹുമാനം തോന്നി ...