Watched Mohanlal Movie തമാശയുടെ മേമ്പൊടി ചേർത്ത് ഒരു ചെറുപ്പക്കാരിയുടെ താരാരാധനയും അതുമൂലം അവളുടെ കുടുംബജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളും മനസ്സിൽ തട്ടും വിധം അതിമനോഹരമായി പറഞ്ഞ ഒരു കൊച്ചു എന്റെർറ്റൈനെർ. ഇത് മീനുക്കുട്ടിയുടെ കഥയാണ് അവള് ജീവനേക്കാളേറെ സ്നേഹിക്കുന്ന അവളുടെ ലാലേട്ടനോടുള്ള ഇഷ്ടത്തിന്റെ കഥയാണ്. ഇത് സേതുമാധവന്റേയും കൂടെ കഥയാണ് മീനുക്കുട്ടിയെ തന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന സേതുമാധവന്റേയും കൂടെ കഥ. അതിനേക്കാളുപരി ഇത് ഓരോ മലയാളിയുടേയും മനസ്സുംകൂടെയാണ്. അന്ധമായ താരാരാധന മൂത്ത് തന്റെ ഇഷ്ട താരത്തിനോടുള്ള സ്നേഹം ഭ്രാന്തമായത് പോലെ പ്രകടിപ്പിക്കുന്ന അനേകം മനുഷ്യരെ നമ്മള് കണ്ടിട്ടുണ്ട്.... നമുക്കിടയിൽ അങ്ങനെ ഒരുപാട് പേരുണ്ട്. നമുക്ക് അത് ഭ്രാന്താണെന്ന് തോന്നിയേക്കാം പക്ഷേ അവരുടെ മനസ്സിൽ സ്നേഹം മാത്രമാണ് അതിരില്ലാത്ത സ്നേഹം. പലരിൽ നിന്നും അവർക്ക് ലഭിക്കാത്ത പലതും ഈ താരങ്ങളുടെ കഥാപാത്രങ്ങളിലൂടെ അവർക്ക് ലഭിക്കുന്നു. ആ കഥാപാത്രം കഥാപാത്രത്തിന്റെ സഹോദരനെ അളവറ്റ് സ്നേഹിക്കുമ്പോൾ ആ സഹോദരന്റെ സ്ഥാനത്ത് ഇവര് ഇവരെ പ്രതിഷ്ഠിക്കുന്നു. സഹോദരൻ എന്ന കഥാപാത്രം മാറി മാറി അച്ഛനും, അമ്മയും, പെങ്ങളും, കാമുകിയും, ഭാര്യയും, കൂട്ടുകാരും എല്ലാമായി വരുന്നു യഥാർത്ഥ ജീവിതത്തിൽ ഈ പറയുന്നവരിൽ നിന്നും ഇവർക്ക് ലഭിക്കാത്ത സ്നേഹം ആ കഥാപാത്രം നൽകുന്നത് കാണുമ്പോൾ ആ കഥാപാത്രത്തോട് സ്നേഹം കൂടുന്നു. കഥാപാത്രങ്ങളോടുള്ള സ്നേഹം ആ വ്യക്തിയിലേക്കും മാറുന്നു. അന്ധമായ ആരാധനയുടെ ഒരു വശം ഇങ്ങനെയാണ്. മോഹൻലാൽ എന്ന വിസ്മയത്തിന്റെ ആദ്യ സിനിമ റിലീസ് ആയ് ആദ്യ ഷോ തുടങ്ങുമ്പോൾ ജനിച്ചു വീണതാണ് മീനുകുട്ടി. അവള് ജനിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ് മോഹൻലാൽ. മീനുക്കുട്ടി വലുതാവുന്നതിനനുസരിച്ച് ലാലേട്ടനോടുള്ള ഇഷ്ടവും അവൾക്കുള്ളിൽ വളർന്നു അവളേക്കാൾ വേഗത്തിൽ വളർന്നു ആഴത്തിൽ അവളുടെ മനസ്സിൽ ആ രൂപം പതിഞ്ഞുകൊണ്ടേയിരുന്നു. മോഹൻലാൽ അവൾക്ക് ചങ്കും ചങ്കിടിപ്പുമായി മാറി. ജീവിതത്തിൽ അവളുടെ മുൻപിൽ വരുന്ന പലരിലും അവള് ഓരോ മോഹൻലാൽ കഥാപാത്രങ്ങളെ കാണാൻ തുടങ്ങി. സേതുമാധവൻ എന്ന ചെറുപ്പക്കാരൻ അവളെ പ്രണയിച്ചു വിവാഹം ചെയ്തു. അവരുടെ വൈവാഹിക ജീവിതത്തിലും മോഹൻലാൽ നിറഞ്ഞു നിന്നു മീനുക്കുട്ടിക്ക് ഹീറോ ആയിട്ടും സേതുമാധവന് വില്ലനായിട്ടും തലവേദനയായിട്ടും. മീനുക്കുട്ടിയുടെ അന്ധമായ ആരാധന എങ്ങനെ അവരുടെ മുൻപോട്ടുള്ള ജീവിതത്തെ ബാധിക്കുന്നു എന്ന് തമാശയുടെ മേമ്പൊടി ചേർത്ത് ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു സിനിമ അതാണ് മോഹൻലാൽ. മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്ജു ചേച്ചി മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചിരിക്കുന്നു. അന്ധമായ ആരാധന തലയ്ക്ക് പിടിച്ച ചെറുപ്പക്കാരിയുടെ വേഷം ആ കഥാപാത്രം ആവശ്യപ്പെടുന്ന പെർഫെക്ഷനോടെ മഞ്ജു ചേച്ചി ചെയ്തിട്ടുണ്ട്. പലരും ഓവർ ആണെന്ന് അഭിപ്രായം പറയുന്നത് കണ്ടു എന്ത് ഓവർ ആക്ടിങ് ആണ് അവര് ചെയ്തത്..? ആ കഥാപാത്രം മോഹൻലാൽ എന്ന വ്യക്തിയോടുള്ള ആരാധന മൂലം ജീവിതത്തിൽ അല്പം ഓവർ ആണ്.... (അന്ധമായ ആരാധന മൂത്ത പലരേയും നമ്മൾ കണ്ടിട്ടില്ലേ.... നമുക്കിടയിൽ തന്നെയില്ലേ....അവര് എങ്ങനെയാണ് ഈ താരത്തിന്റെ കാര്യത്തിൽ പെരുമാറാറുള്ളത്.... ) അതിന്റെ കാരണം അവസാന ഭാഗങ്ങളിൽ വളരെ കൃത്യമായി വ്യക്തതയോടെ പറയുന്നുമുണ്ട്. ആ കഥാപാത്രമായി മാറുക മാത്രമാണ് അവര് ചെയ്തത് അതും വൃത്തിയോടും വെടിപ്പോടും കൂടെ ചെയ്തിട്ടുമുണ്ട്. Manju Warrier ചേച്ചീ ഒരുപാട് ഇഷ്ടപ്പെട്ടു മീനുക്കുട്ടിയെ. Indrajith Sukumaran അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രം മികച്ചു നിന്നു. വളരെ മനോഹരമായി ഇന്ദ്രേട്ടൻ പെർഫോം ചെയ്തിരിക്കുന്നു. സേതുമാധവൻ അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. ഇമോഷണൽ സീനുകൾ എല്ലാം ഗംഭീരം. അച്ചടക്കമുള്ള അഭിനയം. സലിം കുമാർ, അജു വർഗ്ഗീസ്, സൗബിൻ ഷഹീർ, ഹരീഷ് പെരുമണ്ണ, ബിജുക്കുട്ടൻ, സേതുലക്ഷ്മി അമ്മ, സുനിൽ സുഖദ, കോട്ടയം പ്രദീപ്, മീനാക്ഷി, etc തുടങ്ങി എല്ലാവരും പ്രേക്ഷകനെ ആദ്യാവസാനം രസിപ്പിക്കുന്നു. Sajid Yahiya Sajid Yahiyaയുടെ അച്ചടക്കമുള്ള സംവിധാനം.... സാജിദ് മനോഹരമായി തന്നെ ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. Shaji Kumarന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടുന്ന ഒരു കാര്യമാണ്. മനോഹരമായി തന്നെ ഷാജിയേട്ടൻ മീനുക്കുട്ടിയുടെ ജീവിതം ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു. സുനീഷ് വാരനാടിന്റെ തിരക്കഥയും സംഭാഷണവും മികവ് പുലർത്തി. ഏതൊരു വ്യക്തിക്കും പ്രായഭേദമന്യേ എളുപ്പത്തിൽ പാടി നടക്കാവുന്ന മൃദുലമായ പാട്ടുകൾ എഴുതിയ Manu Manjith പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മനുവിന്റെ വരികൾക്ക് സംഗീതം പകർന്ന ടോണി ജോസഫും പശ്ചാത്തല സംഗീതം ഒരുക്കിയ പ്രകാശ് അലക്ക്സും സിനിമ മികച്ച അനുഭവമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും മികവുറ്റതായിരുന്നു. മോഹൻലാൽ മലയാളിക്ക് ആരാണെന്നും എന്താണെന്നും ഓരോ മലയാളിയും ആ മനുഷ്യനെ എത്രത്തോളം നെഞ്ചേറ്റിയിരിക്കുന്നുവെന്നും ഈ സിനിമ വ്യക്തമായി കാണിച്ചു തരുന്നു. ഓരോരുത്തരിലും ഒരു മോഹൻലാൽ ഫാനുണ്ട്. മോഹൻലാൽ എന്ന പേര് മലയാളിയുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമകളും മലയാളിക്ക് ഉത്സവമാണെന്നുള്ളതും ഈ സിനിമ മനോഹരമായി പറയുന്നു. ഓരോ മോഹൻലാൽ ആരാധകനും തന്റെ പ്രതിബിംബത്തെ സ്ക്രീനിൽ കാണാം. സിനിമാ ആസ്വാദകന് നല്ലൊരു എന്റർറ്റെയ്നറും കാണാം. അന്ധമായ ആരാധനയുടെ ദോഷ വശങ്ങളും നല്ല വശങ്ങളും മനോഹരമായി തന്നെ പറഞ്ഞിരിക്കുന്നു..... ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ പുച്ഛത്തോടെ കാണുന്നവർക്ക് യഥാർത്ഥത്തിൽ അവര് എന്താണെന്നും ഈ സിനിമ കാണിച്ചു തരുന്നു. ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയ്ക്കും ഒരു മഞ്ജു വാര്യർ ആരാധകൻ എന്ന നിലയ്ക്കും ഈ സിനിമ എനിക്കൊരു വിഷു ബമ്പർ ലോട്ടറിയാണ് ഒന്നാം സമ്മാനം അടിച്ചൊരു പ്രതീതിയാണ്. കോഴിക്കോട് ക്രൗൺ തിയ്യേറ്ററിലെ രണ്ട് ഷോയ്ക്കും ആ പരിസരത്ത് ഞാൻ ഉണ്ടായിരുന്നു സിനിമ കഴിഞ്ഞ് ഇറങ്ങി വന്ന ഒരാള് പോലും മോശം അഭിപ്രായം പറഞ്ഞില്ല. ഫാമിലീസ് മൊത്തം മികച്ച അഭിപ്രായം പറഞ്ഞു. അപ്പോൾ മനസ്സിലായി ആരാധകർക്ക് മാത്രമല്ല സിനിമ ഇഷ്ടമായതെന്ന്. എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് വ്യക്തമായി തമാശ കലർത്തി അല്പം നൊമ്പരപ്പെടുത്തി ആവേശം നിറച്ച് മനോഹരമായി പറഞ്ഞൊരു കൊച്ച് എന്റെർറ്റൈനെർ അതാണ് എന്റെ അഭിപ്രായത്തിൽ മോഹൻലാൽ. മീനുക്കുട്ടി മാത്രമല്ല നമ്മളിൽ പലരും ജനിച്ചപ്പോൾ കേട്ടൊരു പേര് അതാണ് മോഹൻലാൽ..... മലയാളിക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വികാരം. തങ്ങളുടെ കുടുബത്തിലെ ഒരു അംഗം. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ❤ മോഹൻലാൽ വിരോധികൾ കാണാൻ പോകാതിരിക്കണ്ട വെറും മോഹൻലാലിനെ പുകഴ്ത്തുന്ന ഒരു സിനിമയല്ല മറിച്ച് ആസ്വദിച്ച് കണ്ടിരിക്കാവുന്ന ഒരു എന്റെർറ്റൈനെർ കൂടെയാണ്. ഒരുപാട് ചിരിപ്പിച്ചും അല്പം കണ്ണ് നനയിച്ചും അതിലേറെ ആവേശം തന്നും മനം നിറച്ചു മീനുക്കുട്ടിയും കൂട്ടരും., ❤ (അഭിപ്രായം തികച്ചും വ്യക്തിപരം )