തീവണ്ടിയെക്കുറിച്ച് ... # മദ്യപാനത്തെക്കുറിച്ചും മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുമൊക്കെ ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് . എന്നാൽ സിഗരറ്റ് വലിയെക്കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും ഗൗരവമായി ചർച്ച ചെയ്യുന്ന ആദ്യത്തെ മലയാള സിനിമയായിരിക്കും തീവണ്ടി. # സിഗരറ്റ് വലിക്കുന്ന രംഗങ്ങൾ വളരെ നാച്ചുറലായിട്ടാണ് സിനിമയിൽ കാണിച്ചിട്ടുള്ളത് . സിഗരറ്റ് വലി ശീലമാക്കിയ ഒരു സാധാരണ മനുഷ്യൻ ഒരിക്കലും മങ്കാത്തയിൽ അജിത്ത് വലിക്കുന്ന പോലെയോ വിവിധ സിനിമകളിൽ മമ്മൂട്ടി വലിക്കുന്ന പോലെയോ സ്റ്റൈലായി വലിക്കില്ല.ടോവിണോയെപ്പോലുള്ള നടന്റെ നിരീക്ഷണ പാടവം അക്കാര്യത്തിൽ സമ്മതിക്കണം .ഒരു ചെയിൻ സ്മോക്കറുടെ പല ചേഷ്ടകളും അദ്ദേഹം നല്ല രീതിയിൽത്തന്നെ അവതരിപ്പിച്ചു ... # ചുണ്ട് കറുത്തിരിക്കുന്ന നായകൻറെ ചുണ്ട് അവസാന ഭാഗങ്ങളിലേക്ക് ചുകന്നിരിക്കുന്നിരിക്കുന്നതായി കാണിച്ചിരിക്കുന്നതും ഫുട്ബോൾ കളിക്കുന്ന നായകൻ മാറിനിന്ന് കിതയ്ക്കുന്ന രംഗം കാണിച്ചതും പുകവലിയുടെ ദൂഷ്യവശങ്ങൾ കാണിച്ച സംവിധായകന്റെ ബ്രില്യൻസ്സും ഈ സിനിമയിൽ കാണാം ... # നായികയായി വന്ന പുതുമുഖം സംയുക്ത മേനോൻ മികച്ച പ്രകടനം കാഴ്ചവെച്ചു . നല്ല ഭാവിയുള്ള നടിയാണെന്ന് തോന്നുന്നു .സുധീഷ് , സുരാജ് , സൈജു കുറുപ്പ് പിന്നെ നായകൻറെ കൂട്ടുകാരായി അഭിനയിച്ചവരും നല്ല കയ്യടികൾ നേടി .വളരെ കാലങ്ങൾക്ക് ശേഷം സുധീഷിന് കിട്ടിയ ഒരു നല്ല കഥാപാത്രമായിരുന്നു ഈ സിനിമയിലെ അമ്മാവൻ കഥാപാത്രം . # സിനിമയിലെ സ്കൂൾ രംഗങ്ങൾ പൊതുവെ ഒരു വിധം 'ബാക്ക് ബെഞ്ചർ ബോയ്സിന് ' റിലേറ്റ് ചെയ്യാൻ സാധിക്കും .സിനിമയിലെ ഏറ്റവും രസകരമായിട്ടുള്ള രംഗങ്ങളാണ് അവ . # സിഗരറ്റിന്റെ ദൂഷ്യവശം കാണിക്കാൻ വേണ്ടി കരിഞ്ഞ ശ്വാസകോശങ്ങളും ക്യാൻസർ വാർഡും കാണിച്ചില്ല എന്നത് തന്നെയാണ് സംവിധായകനും കഥാകൃത്തും പ്രേക്ഷകരോട് ചെയ്ത ഏറ്റവും നല്ല കാര്യം . പകരം ക്ളൈമാക്സിന് മുൻപേയുള്ള ടോവിനോയുടെ കഥാപാത്രം ബിനീഷ് കൂട്ടുകാരനോട് പറയുന്ന സംഭാഷണങ്ങളും ടോവിനോയുടെ പ്രകടനവും പ്രേഷകനോട് സംവിധായകൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ നല്ല വ്യക്തമായി സംവദിക്കുന്നുണ്ട് .. ക്ലൈമാക്സിലെ ചുംബന രംഗവും ആ ഡയലോഗും ഒരു ചെറു ചിരിയോടെ തീയേറ്റർ വിട്ടിറങ്ങാൻ തോന്നിപ്പിക്കും . # തുടക്കം മുതൽ അവസാനം വരെ യാതൊരു വിരസതയുമില്ലാതെ കണ്ടിരിക്കാൻ സാധിക്കുന്ന നല്ല ഒരു എന്റർടൈനറാണ് തീവണ്ടി. # ടോവിനോ ഒരു നല്ല നടനാണ് . ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാടുകളോടും ഇഷ്ടമാണ് . സൂപ്പർ താരങ്ങളുടെ തലത്തിലേക്ക് അദ്ദേഹം എത്തിച്ചേരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .