Watched Varathan വരത്ത വിസ്മയം. ചെറിയൊരു പ്ലോട്ടിനെ അതിഗംഭീര മേക്കിങ്ങിലൂടെയും അതിനെ വെല്ലുന്ന തരത്തിലുള്ള ഛായാഗ്രഹണമികവോടേയും അതിമനോഹരമായൊരു ദൃശ്യാനുഭവമാക്കി തീർത്ത ഒരു അമൽ നീരദ് -ലിറ്റിൽ സ്വയമ്പ് മാജിക്. ക്ലാസ്സ് ആയി തുടങ്ങി മാസ്സ് ആയി അവസാനിപ്പിച്ച ഒരു അനുഭവം. വരത്തനെ തൃശൂർപൂരത്തിന്റെ വെടിക്കെട്ടുമായി ഉപമിക്കാനാണ് എനിക്കിഷ്ടം കാരണം.... പതിയെത്തുടങ്ങി ഓരോ നിമിഷവും അടുത്തത് എന്ത് എന്ന ആകാംഷ പ്രേക്ഷകന് സമ്മാനിച്ചു കൊണ്ട് മുൾമുനയിൽ നിർത്തിച്ചു കൊണ്ട് അവസാനം ഞെട്ടിച്ചു കൊണ്ട്....അങ്ങേയറ്റം ത്രസിപ്പിച്ചു കൊണ്ട് അവസാനിപ്പിച്ച ഒരു അതിമനോഹര ദൃശ്യാനുഭവം. Amal Neerad എന്ന മജീഷ്യന്റെ അതിഗംഭീരമായ മേക്കിങ്.... ഒരു ഷോർട് ഫിലിമിൽ ഒതുക്കാമായിരുന്ന ഒരു പ്ലോട്ട് ആണ് സിനിമയുടേത് പക്ഷേ അത് പ്രേക്ഷകനെ മടുപ്പിക്കാതെ മറിച്ച് പ്രേക്ഷകന് അത്ഭുതങ്ങൾ മാത്രം സമ്മാനിച്ചു കൊണ്ട് രണ്ട് മണിക്കൂറിന് മുകളിലുള്ള ഒരു മനോഹര ദൃശ്യാനുഭവമാക്കി മാറ്റിയത് ശരിക്കും ഒരു മാജിക് തന്നെയാണ്. അമൽ നീരദ് എന്ന മജീഷ്യന്റെ ഗംഭീര മാജിക്. ഈ സിനിമയിലെ എന്റെ ഹീറോ അത് Littil Swayamp എന്ന ചെറുപ്പക്കാരനാണ്. വരത്തനെ ഒരു എക്സ്ട്രാ ഓർഡിനറി വരത്തനാക്കി മാറ്റിയ ഛായാഗ്രാഹകൻ. സ്‌ക്രീനിൽ നായകന്റെ ക്ലാസ്സോ മസ്സോ അങ്ങനെയൊന്നും തന്നെ ഇല്ലാതെ വെറും ചില ഫ്രെയിമുകൾ മാത്രം കണ്ട് പ്രേക്ഷകർ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്ന കാഴ്ച്ച ആദ്യമായി കാണാനായി. ഇദ്ദേഹത്തിന്റെ കഴിവിനെ വിളിക്കാനുള്ള പേരൊന്നും എന്തായാലും ഞാൻ പഠിച്ചിട്ടില്ല. ഒന്നുറപ്പാണ് ഈ ചെറുപ്പക്കാരൻ മലയാള സിനിമയ്ക്ക് എന്നും അഹങ്കരിക്കാവുന്ന ഒരു അഭിമാനമായി തീരും തീർച്ച. അതിമനോഹരമാം വിധം അസാധാരണം..... വിസ്മയം..... ആ വാക്ക് തന്നെയാണ് ഈ ചെറുപ്പക്കാരനേയും അദ്ദേഹത്തിന്റെ ഈ സിനിമയിലെ വർക്കിനേയും വിളിക്കാൻ തോന്നുന്നത്. തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പലരും കണ്ണിലൂടെ കാണുമ്പോൾ ഈ ചെറുപ്പക്കാരൻ ഹൃദയം കൊണ്ടാണ് കാണുന്നത് എന്ന് തീർച്ചയാണ്. തന്റെ ക്യാമറകൊണ്ട് അതിമനോഹരമായ ദൃശ്യാനുഭവമൊരുക്കി തന്ന് ഞെട്ടിച്ചു കളഞ്ഞു ഈ ചെറുപ്പക്കാരൻ. Sushin Shyam മനോഹരമായ ഗാനങ്ങളും അതിനെ വെല്ലുന്ന പ്രേക്ഷകന് രോമാഞ്ചമുളവാക്കുന്ന പശ്ചാത്തല സംഗീതവുമൊരുക്കി അമലിനോടും ലിറ്റിൽ സ്വയമ്പിനോടും കട്ടക്ക് പിടിച്ചു നിന്ന മറ്റൊരു മിന്നും താരം. ഒരുപാട് പ്രതീക്ഷയുള്ളൊരു മ്യൂസിക് ഡയറക്ടർ. Vivek Harshan ഈ മജീഷ്യന്മാർ ഉണ്ടാക്കിയെടുത്ത വരത്തനെ അതിന്റെ പോരായ്മാകളൊക്കെ വെട്ടിയൊതുക്കി മനോഹരമായി കുളിപ്പിച്ചു കുട്ടപ്പനാക്കി പ്രേക്ഷകന് സമർപ്പിച്ചിരിക്കുന്നു വിവേക്. മികച്ച എഡിറ്റിംഗ്. Suhas-Sharfu എന്നിവരുടെ കഥയേക്കാളും തിരക്കഥയേക്കാളും മികച്ചു നിന്നത് സംഭാഷണങ്ങളാണ്. ഒരുപാട് ഇഷ്ടപ്പെട്ടു. Fahadh Faasil തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളായി അഭിനയിച്ചു കാണിക്കാതെ എങ്ങനെ ജീവിച്ചു കാണിക്കാം എന്ന് റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരം മനുഷ്യൻ. എബി എന്ന വരത്തനായി നിറഞ്ഞാടുകയായിരുന്നു ഫഹദ്. ക്ലാസ്സ് ആയാലും മാസ്സ് ആയാലും ഇവിടെ ok യാണ് ഭായ് എന്നാണ് പുള്ളിയുടെ ഒരു കാഴ്ച്ചപ്പാട്. മികച്ച പ്രകടനം. Aishwarya Lekshmi മായാനദിയിലെ അപ്പുവിനേക്കാളും എനിക്കിഷ്ടമായത് വരത്തനിലെ ശക്തമായ ഒരു മനസ്സിനുടമയായ പ്രിയയെ ആണ്. പ്രകടനം കൊണ്ടായാലും സൗന്ദര്യം കൊണ്ടായാലും അപ്പുവിനേക്കാൾ മികച്ചു നിന്നു പ്രിയ. ഇനിയും ഒരുപാട് മികവുറ്റ കഥാപാത്രങ്ങൾക്ക് മനോഹരമായി ജീവൻ പകരാൻ കെൽപ്പുള്ളൊരു അഭിനേത്രി. Sharaf U Dheen എന്തൊരു മേക്കോവർ.... ആദിയിൽ സിജു വിൽസൺ ഞെട്ടിച്ചതിന്റെ ഡബിൾ ആയിരുന്നു വരത്തിനിൽ ഇദ്ദേഹത്തിന്റെ പ്രകടനം. Arjun Ashokan, Dileesh Pothan,Maala Parvathi,Shobi Thilakan,Chethan Jayalal,Unnimaya Prasad,Vijilesh Karayadvt,Nisthar Ahamed,Kochu Preman തുടങ്ങിയവരും പിന്നെ പേരറിയാത്ത കുറച്ച് അഭിനേതാക്കളും എല്ലാവരും തന്നെ മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചു. പ്രത്യേകിച്ചും എടുത്ത് പറയേണ്ടത് വിജിലേഷ്, അർജുൻ അശോകൻ,ചേതൻ ജയലാൽ, മാല പാർവ്വതി, ഷോബി തിലകൻ, ഉണ്ണിമായ എന്നിവരുടെ പ്രകടനങ്ങളാണ്.... അത്രയേറെ മികച്ചു നിന്നു. പകൽ സദാചാരവും പറഞ്ഞ് മറ്റുള്ളവരെ ഉപദ്രവിക്കുന്ന..... രാത്രി മറ്റുള്ളവന്റെ കിടപ്പറയിലേക്ക് എത്തി നോക്കുന്ന സകല ഞെരമ്പ് രോഗികൾക്കുമുള്ള ഒരു പ്രഹരമാണ് ഈ ചിത്രം. ഏവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തമായ പ്രഹരം. ഈ പ്രകൃതി എല്ലാവർക്കും തുല്ല്യരായി ജീവിക്കാനുള്ളതാണ്.... മുതലാളിത്ത വർഗ്ഗത്തിന് വേറെ സാധനരണക്കാരാണ് വേറെ എന്നൊന്നും ഇവിടെ നിയമമില്ല എല്ലാവരും ഇവിടെ തുല്യരാണ് എന്ന് പറയുന്നു ചിത്രം. വന്നു കൂടുന്നവനെ..... വരത്തനെ.... മറ്റൊരു കണ്ണുകൊണ്ട് കണ്ട് ഉപദ്രവിക്കുന്നവർക്കും ഒരു താക്കീതാണ് വരത്തൻ. പലരും പറയാനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ തന്റെ ആയുധമായ സിനിമകൊണ്ട് അമൽ ശക്തമായി പറഞ്ഞിരിക്കുന്നു..... പതിയെ തുടങ്ങി മുൻപോട്ട് നീങ്ങുന്ന ചിത്രത്തിന്റെ അവസാന 30 മിനുട്ട് പ്രേക്ഷനെ സീറ്റിൽ ഇരുത്തില്ല..... രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും ആ 30 മിനുട്ട് തിയ്യേറ്റർ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായിരുന്നു..... ഇത്രയും രോമാഞ്ച സീനുകൾ ഈയടുത്തൊന്നും ഒരു ചിത്രത്തിനും തരാനായിട്ടില്ല. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിച്ച് അങ്ങേയറ്റം ത്രസിപ്പിച്ച് മനസ്സ് നിറച്ച് വല്ലാത്തൊരു തരം ഫീലോടെ ശക്തമായി കൈയ്യടിച്ചു കൊണ്ടും ആർപ്പ് വിളിച്ചുകൊണ്ടും നിറഞ്ഞ മനസ്സോടെ തിയ്യേറ്ററിൽ നിന്നും പറഞ്ഞയക്കുന്നു ഈ വരത്തൻ. അതിമനോഹരമാം വിധം അസാധാരണമായ ഒരു വിസ്മയ ദൃശ്യാനുഭവം. കഥയോ തിരക്കഥയോ അല്ല സംവിധാനവും ഛായാഗ്രഹണവും മനസ്സ് കീഴടക്കിയ ഒരു മനോഹരാനുഭവം അതാണ് എന്നെ സംബന്ധിച്ച് വരത്തൻ. വരത്ത വിസ്മയം. എല്ലാവരും തിയ്യേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. (അഭിപ്രായം തികച്ചും വ്യക്തിപരം)