വരത്തൻ ... ഇയോബിന്റെ പുസ്തകമെന്ന വിജയ ചിത്രത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന സിനിമയാണ് വരത്തൻ.മേക്കിങ്ങിന്റെ കാര്യത്തിൽ ആദ്യ സിനിമ മുതൽ മലയാളികളെ ഞെട്ടിച്ച ആളാണ് അമൽ നീരദ് . അമൽ നീരദിന്റെ സിനിമ എന്നാൽ ഒരു ബ്രാൻഡാണ് ഇന്ന് . അവസാനം ഇറങ്ങിയ സി ഐ എ എന്ന സിനിമ ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു എന്നതും ഈ സിനിമയ്ക്ക് പ്രതീക്ഷകൾ കൂട്ടി . ദുബായിലെ ജോലി ഉപേക്ഷിച്ച് എബിനും ഭാര്യ പ്രിയയും നാട്ടിലേക്ക് വരുന്നിടത്താണ് കഥ ആരംഭിക്കുന്നത് . പ്രിയയുടെ മരിച്ചു പോയ അച്ഛന്റെ തോട്ടത്തിൽ പോയി കുറച്ചു കാലം താമസിക്കാൻ ഇരുവരും തീരുമാനിക്കുന്നു . ഒരു മല പ്രദേശത്തുള്ള ഉൾനാട്ടിലാണ് തോട്ടവും വീടും . ആ നാട്ടിൽ എത്തിയത് മുതൽ അവർക്കുണ്ടാകുന്ന അനുഭവങ്ങളാണ് പിന്നീട് സിനിമ പറയുന്നത് . സത്യൻ അന്തിക്കാട് മുതൽ പല സംവിധായകരും നന്മയുടെ ഉറവിടങ്ങളായി ചിത്റരീകരിച്ചു വെച്ചിരിക്കുന്ന നാട്ടിൻ പുറ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ഈ സിനിമ ശ്രമിക്കുന്നുണ്ട് .സ്ത്രീകളെയും സ്ത്രീ പുരുഷ ബന്ധങ്ങളെയും നാട്ടിൻ പുറത്തുള്ളവർ എങ്ങനെ നോക്കിക്കാണുന്നു എന്ന് സിനിമ ചർച്ച ചെയുന്നു . ത്രസിപ്പിക്കുന്ന അവസാനത്തെ അര മണിക്കൂറാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ് . അവതരണത്തിലെ പുതുമയാണ് വളരെ ചെറിയ ഒരു കഥയെ വിരസത അനുഭവിപ്പിക്കാതെ ഇരുന്ന് കാണാൻ സഹായിക്കുന്നത് .ക്ലൈമാക്സ് രംഗങ്ങൾ സിനിമയ്ക്ക് നൽകുന്ന മൈലേജ് ചെറുതൊന്നുമല്ല . ഓവർ ഹീറോയിസം കാണിക്കാൻ പറ്റുന്ന തരം കഥാഗതിയായിട്ടു പോലും ആ പരിപാടിക്ക് നില്കാതെ എബി എന്ന കഥാപാത്രത്തെ ഫഹദ് ഫാസിൽ ഭദ്രമാക്കി . പ്രിയ എന്ന കഥാപാത്രത്തിന്റെ വൈകാരിക തലങ്ങൾ ഐശ്വര്യയിലൂടെ നന്നായി പ്രതിഫലിക്കപ്പെട്ടു .ഷറഫുദ്ധീൻ എന്ന നടൻ വെറും കൊമേഡിയൻ മാത്രമല്ല എന്ന് തെളിയിച്ചു . ഫഹദ് ഫാസിലിന്റെയും അമൽ നീരദിന്റേയും ക്രെഡിറ്റിൽ മറ്റൊരു ഹിറ്റ് കൂടി കിട്ടും എന്നാണ് എനിക്ക് സിനിമ കണ്ടപ്പോൾ തോന്നിയത് ... good film...