യാത്ര ഈ സിനിമയുടെ തെലുങ്ക് പതിപ്പ് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോട് കൂടി കാണണം എന്നായിരുന്നു ആഗ്രഹം.ആ ആഗ്രഹം സാധിക്കാത്തതിനാൽ ഞാൻ കോഴിക്കോട് അപ്സരയിൽ നിന്ന് രാവിലത്തെ ഷോ മലയാളം പതിപ്പ് കണ്ടു .വൈ എസ് രാജശേഖര റെഡ്ഢി എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിലെ കുറച്ചു കാലഘട്ടമാണ് സിനിമയിൽ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത് .2009 ലെ നിയമസഭാ ഇലക്ഷനോട് മുന്നോടിയായി വൈ എസ് ആർ നടത്തിയ പദയാത്രയാണ് സിനിമയുടെ കാതലായ ഭാഗവും .ആ യാത്രയിൽ അദ്ദേഹത്തിന് വരുന്ന തിരിച്ചറിവുകളും കഷ്ടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും സിനിമയിൽ കാണിച്ചിരിക്കുന്നു .കോൺഗ്രസ് പാർട്ടിയും വൈ എസ് ആറും തമ്മിലുള്ള വിയോജിപ്പുകളും സിനിമയിൽ കാണിച്ചിട്ടുണ്ട് .അത്തരം രംഗങ്ങൾ സിനിമയിൽ മികച്ചു നിന്നു .സാധാരണയുള്ള തെലുങ്ക് ഫ്ലേവറുകൾ വളരെ കുറവായിരുന്നു ഈ സിനിമയിൽ . ആരെയും കൂസാത്ത പ്രകൃതവും നല്ല തലയെടുപ്പുമുള്ള വൈ എസ് ആറിന്റെ കഥാപാത്രം മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു . സിനിമയുടെ പ്രധാനപ്പെട്ട പ്ലസ് പോയന്റുകൾ മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസും പശ്ചാത്തല സംഗീതവുമാണ് . തെലുങ്ക് സിനിമാ പ്രേമികൾ ട്വിറ്റര് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂക്കയുടെ പ്രകടനത്തെ വാനോളം പ്രശംസിക്കുന്നത് കാണുമ്പോൾ മലയാളി എന്ന നിലയിൽ ഒരൽപം അഹകാരം തോന്നിപ്പോകുന്നുണ്ട്.സിനിമയുടെ തെലുങ്ക് ഡബ്ബിങ് അതി ഗംഭീരമായി മമ്മൂക്ക ചെയ്തപ്പോൾ മലയാളം പതിപ്പിന്റെ ഡബ്ബിങ് ആർക്കോ വേണ്ടി ചെയ്ത പോലെ തോന്നിപ്പിച്ചു . സിനിമാ മസാലകൾ കുത്തിത്തിരുകാൻ ഇല്ലാത്ത തരത്തിലുള്ള ഒരു സിനിമയായിരുന്നിട്ടും ആളുകൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ഒരു ഡോക്യുമെന്ററി ആകാത്ത തരത്തിൽ സിനിമയെടുത്ത സംവിധായകൻ മാഹി വി രാഘവ് പ്രശംസയർഹിക്കുന്നു . തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ എനിക്ക് തൃപ്തി തന്ന സിനിമകളുടെ കൂട്ടത്തിൽ ഞാൻ യാത്രയെയും കൂട്ടുന്നു . ആളുകളുടെ മനസ്സിൽ അല്ലെങ്കിൽ ഓർമ്മയിൽ ഉള്ള വ്യക്തികളെ വീണ്ടും അവതരിപ്പിച്ച് കയ്യടി നേടുക എന്നത് ഒരൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ് .മമ്മൂട്ടി നേടിയെടുത്തതും അതാണ് .മലയാളികൾക്ക് അഭിമാനമാണ് ആ മനുഷ്യൻ .ഇത്തരം നല്ല കഥാപത്രങ്ങളെ അവതരിപ്പിച്ച് മറ്റ് ഭാഷക്കാരുടെ കയ്യടി വാങ്ങാൻ മമ്മൂക്കയ്ക്ക് ഇനിയും സാധിക്കട്ടെ ...