ഇത് വളരെ പുതുമയുള്ളൊരു സിനിമയാണ് . ഒരുപാട് പുതുമകളുള്ളത് കാരണം അവസാനം പുതുമ കൂടിപ്പോയി എന്ന് തോന്നിപ്പോകുന്ന ഒരു അവസ്ഥയിൽ ഈ സിനിമ പ്രേക്ഷകനെ എത്തിക്കും .എങ്ങനെയാണ് സിനിമയെക്കുറിച്ച് പറയേണ്ടത് എന്നറിയില്ല . എന്നാൽ ഒന്നും പറയാതെ പോകാൻ മനസ്സുവരുന്നുമില്ല . സിനിമയിലെ നായകൻ സച്ചിദാനന്ദൻ (മോഹൻലാൽ) ഇരട്ട ജീവപര്യന്തം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ഒരു മനുഷ്യനാണ് .ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അനിയന് വേണ്ടി ഇരുന്നടി ,പറന്നടി ,കിടന്നടി ,ഓടിച്ചാടിയടി എന്നിങ്ങനെയുള്ള അഭ്യാസങ്ങൾ ചെയ്യാൻ വിധിക്കപ്പെട്ട വളരെ വ്യത്യസ്തമായ ഒരു ഏട്ടൻ കഥാപാത്രമാണ് ഇത് .ഇതിന്റെയെല്ലാം ഇടയിൽ കൂടി ഇങ്ങോട്ട് പ്രേമിക്കുന്ന നായികയെ സഹിക്കുക എന്ന കഷ്ട്പ്പാടും കൂടിയുണ്ട് ഈ ഏട്ടന് . ജയിലിലായ നായകന് ഇരുട്ടത്ത് കണ്ണുകാണാനുള്ള കഴിവൊക്കെ കിട്ടുന്നുണ്ട് .ചിലന്തി കടിച്ചാണ് വല വരുന്ന സാങ്കേതിക വിദ്യ പീറ്റർ പാർക്കർ എന്ന സ്പൈഡർമാന് കിട്ടിയതെങ്കിൽ ഈ നായകന് ഇത് എന്തിന്റെ കടിയായിരുന്നെന്ന് ഒരു പിടിയും കിട്ടുന്നില്ല . പണക്കാരനായ ഇടക്കാല വില്ലന്റെ 'വ്യത്യസ്തമായ ' വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നടൻ സിദ്ധിക്കാണ് .സത്യമേവ ജയതേ എന്ന സിനിമ മുതൽ ഉപയോഗിച്ചിട്ടുള്ള ഭാഷാ ശൈലിയാണ് ഈ പുതുമയുള്ള വേഷത്തിലും സിദ്ധിക്ക് ഉപയോഗിച്ചിരിക്കുന്നത് . നായകൻറെ പേര് വരെ പുതുമയുള്ളതാണ് .പേര് -ഷെട്ടി . മോഹൻലാലും ഇർഷാദും ടിനിടോമും ഒഴികെയുള്ളവർ നല്ല നാടകീയമായി അഭിനയിച്ചിട്ടുണ്ട് .അനൂപ് മേനോൻ ബി എ മോഹൻലാൽ എന്ന കോഴ്സ് പൂർത്തിയാക്കിവരുന്നു . മൂടൽമഞ്ഞുള്ള സ്ഥലത്ത് ഓറഞ്ച് വെളിച്ചം അടിച്ചത് പോലുള്ള ഒരു എഫ്ഫക്റ്റ് വെച്ച് പൊടി പാറുന്ന സ്ഥലത്തുനിന്നുള്ള സംഘടന രംഗം അതിമനോഹരമായിരുന്നു .പശ്ചാത്തല സംഗീതത്തെ ശ്രദ്ധിക്കാനുള്ള ആരോഗ്യം എനിക്കില്ലാത്തതിനാൽ ഞാൻ അതിന് മുതിർന്നില്ല . എഡിറ്റ് ചെയ്യാൻ വേണ്ടിയാണെങ്കിലും ഈ സിനിമ ഒന്നിലധികം തവണ കണ്ട സിനിമയുടെ എഡിറ്റർ ഭാഗ്യവാന്മാരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഒരാളാണ് . ഇതിലെല്ലാമുപരി ക്ലൈമാക്സിലെ കിടിലം ട്വിസ്റ്റ് കൂടി കണ്ടപ്പോൾ ടിക്കറ്റിന്റെ പൈസയും പെട്രോളിന്റെ പൈസയും ഉച്ചയൂണിന്റെ പൈസയും വരെ മുതലായി .. ഇങ്ങനെ ഒരു സിനിമ നൽകിയ സിദ്ധിക്ക് -മോഹൽലാൽ ടീമിന് നന്ദി ...
Anoop Menon- Ba mohanlal course ...enikk peruthishtayi... Sathyam paranjal 2.30 manikkoorinte big brother enna aa vadhathekkal njan aswadichath ningalde review aanu Thanks bro