“വികാരനൗകയുമായ്”എന്ന 'അമര'ത്തിലെ യേശുദാസിന്റെ ഗാനം പാടാൻ ആദ്യം ഭരതനും, രവീന്ദ്രനും നിശചയിച്ചിരുന്നത് ബാലമുരളീകൃഷ്ണയെ ആയിരുന്നു. ബാലമുരളീകൃഷ്ണ തന്നെയാണ്, “ദാസ് പാടേണ്ട പാട്ടാണിത്,ഞാനല്ല ഇതു പാടേണ്ടത്”എന്നു പറഞ്ഞ് തിരിച്ചയച്ചത്.
എം.ജി.ശ്രീകുമാറിന്റെ വീട്ടിൽ വെച്ച്,ഓഡിയോ കാസറ്റിന്റെ ദൈർഘ്യം നിറയ്ക്കാനായി പാടി റൊക്കോഡ് ചെയ്ത പാട്ടാണ് 'ചിത്ര'ത്തിലെ “സ്വാമിനാഥപരിപാലയാശുമാം”എന്ന കീർത്തനം. അത് പിന്നീട് ക്ലൈമാക്സിൽ ഉപയോഗിക്കാൻ തീരുമാനിക്കപ്പെടുകയായിരുന്നു.
“താമസമെന്തേ വരുവാൻ എന്ന പാട്ട് എത്ര തവണ പാടിയിട്ടും ദാസിന് ശരിയായില്ല.അവസാനം കേട്ടുകൊണ്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ അരയിലുള്ള കത്തിയെടുത്ത് “മര്യാദയ്ക്ക് പാടെടാ,അല്ലെങ്കിൽ തട്ടിക്കളയും”എന്നു ഭീഷണിപ്പെടുത്തി.പിന്നെയാണ് ദാസ് നന്നായിട്ടു പാടിയത്”എന്നൊരു നുണക്കഥ ഇറക്കിയ മഹാൻ സാക്ഷാൽ തിക്കുറിശ്ശിയാണ്.അതു സത്യമാണെന്ന് പിന്നീട് പല പാട്ടെഴുത്തുകാർ പോലും വിശ്വസിച്ചു....
"സോളമന്റെ പള്ളി ശോശന്നയുടെയും." ഈ പേരാണ് അമേൻ എന്ന ചിത്രത്തിന് ലിജോ ആദ്യം നല്‍കിയിരുന്നത്.പിന്നീട് വിജയ് ബാബു ആണ് അമേൻ എന്ന പേര് സജെസ്റ്റ് ചെയ്തത്.
"ആയിരം കണ്ണുമായ്" എന്ന ഗാനത്തിന്റെ പിറവിയെപ്പറ്റി ജെറി അമൽദേവ് പറയുന്നു. ഒരുപാടു പേര് ഇത് പള്ളിപ്പാട്ട് പോലെയുണ്ടെന്ന് പറഞ്ഞു. അതിന്റെ കാരണമെന്താണെന്നറിയില്ല. ചെറിയ ശോകരസമുള്ള പാട്ടാണ്. അതിനാലാവുമെന്ന് തോന്നുന്നു. ഈ പാട്ട് ഉണ്ടായതിനു പിന്നില്‍ വളരെ രസകരമായ ഒരു കഥയുണ്ട്. മദ്രാസിലായിരുന്ന എന്നെ ഫാസില്‍ വിളിച്ചു. അടുത്ത പടം ഉടന്‍ തുടങ്ങണം. ആലപ്പുഴയിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ എന്നെ നേരേ ബ്രദേഴ്സ് ഹോട്ടലിലേക്ക് കൊണ്ടുവന്നു. അവിടെ ബിച്ചു തിരുമലയുണ്ട്. സത്യം പറഞ്ഞാല്‍ എന്നെയും ബിച്ചുവിനെയും മദ്യത്തിന്റെ മണം തിങ്ങി നിറഞ്ഞ ആ മുറിയിലിട്ട് പൂട്ടി. അതിനു മുമ്പ് ഫാസില്‍ കഥ പറഞ്ഞിരുന്നു. പാട്ടില്‍ നല്ല നൊസ്റ്റാള്‍ജിയ വേണമെന്ന് പറഞ്ഞു. പാട്ട് കേട്ടാല്‍ ആര്‍ക്കും പഴയ കാര്യങ്ങള്‍ ഓര്‍മ്മ വരണമെന്നും നിര്‍ദ്ദേശിച്ചു. ഈ നൊസ്റ്റാള്‍ജിയ എവിടെ നിന്ന് കിട്ടും? ഞങ്ങള്‍ രണ്ടുപേരും തലപുകഞ്ഞ് ആലോചിക്കുകയാണ്. ഒന്നും കിട്ടുന്നില്ല. ഒടുവില്‍ ഞാന്‍ ബിച്ചുവിനോട് ചോദിച്ചു: ഏതെങ്കിലും നൊസ്റ്റാള്‍ജിയ രാഗമുണ്ടോ? അങ്ങനെയൊരു രാഗം ഞാന്‍ കേട്ടിട്ടില്ല. രണ്ടു പേര്‍ക്കും ഒരു ഐഡിയയുമില്ല. ബിച്ചു അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ ഒരു തടിയന് പുസ്തകം മേശമേല്‍ ഇരിക്കുന്നു. ചങ്ങമ്പുഴ കൃതികളാണ്. അത് വെറുതെ മറിച്ചു നോക്കി. ചങ്ങമ്പുഴയുടെ പാട്ടുകളുമുണ്ടതില്. പെട്ടെന്ന് ബിച്ചുവിന്റെ കണ്ണുകള്‍ ഒരു വാക്കില്‍ ഉടക്കി. ശ്യാമളേ..., ശ്യാമളേ... ‘ ഇവനെ വച്ചൊന്ന് പിടിച്ചാലോ' ബിച്ചു ചോദിച്ചു.ഞാന്‍ ശ്യാമളേ എന്ന വാക്ക് ഉപയോഗിച്ച് ഒരു ട്യൂണ്‍ മൂളി. ‘ കൊള്ളാം' ബിച്ചു പറഞ്ഞു. അല്‍പ്പ നിമിഷം കൊണ്ട് വരികളും റെഡിയായി. ഫാസില്‍ വന്നപ്പോള്‍ പല്ലവി പാടിക്കേള്‍പ്പിച്ചു. ഫാസിലിനും ഇഷ്ടമായി. അങ്ങനെ മറ്റൊരു നല്ല ഗാനം ജനിച്ചു.
'കൂടും തേടി' എന്ന ചിത്രത്തിലെ "വാചാലം എന്‍ മൗനവും...."എന്ന ഗാനം ജെറി അമൽദേവിന്റെ സാധാരണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ പാട്ടാണ്. എം. ഡി. രാജേന്ദ്രന്റേതായിരുന്നു വരികള്‍. ചിത്രത്തിന്റെ സംവിധായകന് പോള്‍ ബാബു വന്ന് ഒറ്റ കാര്യമാണ് ആവശ്യപ്പെട്ടത്. ‘ഞങ്ങള്‍ക്ക് വേണ്ടത് ഇളയരാജയെയാണ്. അദ്ദേഹത്തിന് നല്കാന് വേണ്ട പണമില്ല. അതുകൊണ്ട് ഇളയരാജയുടേത് പോലെ രണ്ട് പാട്ടുകള്‍ ചെയ്തു തരണം.' അങ്ങനെ ജെറി സാർ ഒരു കൈ നോക്കിയതാണ് ‘വാചാലം, എന്‍ മൗനവും നിന് മൗനവും'എന്ന ഗാനം
മറക്കാനാവാത്ത ഒരു അനുഭവം ജോണ്സണ് മാസ്റ്റർ പങ്കുവയ്ക്കുന്നു. ലോഹിതദാസ് കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീട'ത്തിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന പ്രശസ്തഗാനത്തെ ചുറ്റിപ്പറ്റിയാണ്. ''യഥാര്‍ഥത്തില്‍ മറ്റൊരു സിറ്റ്വേഷന് മനസ്സില്‍ കണ്ട് ഞാന്‍ ഉണ്ടാക്കിയ ഈണം ആണത്. ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന മട്ടിലല്ല. കുറെ കൂടി ഫാസ്റ്റ് ആയി, ഫോക് ശൈലിയില്‍. പക്ഷെ ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്ലാന്‍ മാറ്റി. ഇതേ ട്യുണ് വേഗത കുറച്ചു മെലോഡിയസ് ആയി ഒന്ന് പാടി കേള്‍ക്കട്ടെ എന്നായി അദ്ദേഹം." ആ നിര്‍ദേശം തനിക്കത്ര രുചിച്ചില്ല എന്ന് തുറന്നു പറയുന്നു ജോണ്സണ്. ''മനസ്സില്ലാമനസ്സോടെ ആണ് ഞാന്‍ ആ ഈണം മന്ദഗതിയിലാക്കി ലോഹിയെ പാടി കേള്‍പ്പിച്ചത്. കഴിയുന്നത്ര ഫീല്‍ കൊടുക്കാതെ പാടാനായിരുന്നു ശ്രമം. പുതിയ ട്യുണ് എങ്ങാനും അദേഹത്തിന് ഇഷ്ടപ്പെട്ടു പോയാലോ? '' ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോണ്‍സന്റെ കൈപിടിച്ചു കുലുക്കി തന്റെ ആഹ്ലാദം പങ്കുവെക്കുക കൂടി ചെയ്തു ലോഹിതദാസ്. ''മതി. നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്. ഈ ഈണത്തില്‍ അയാളുടെ മനസ്സിലെ വേദനകളും ഒറ്റപ്പെടലും എല്ലാമുണ്ട്..'' എന്നിട്ടും ജോണ്സണ് വിശ്വാസം വന്നില്ല എന്നതാണ് സത്യം. പാട്ട് സിറ്റ്വേഷന് യോജിക്കുമോ എന്ന സംശയം അപ്പോഴും മനസ്സില്‍ ബാക്കി നിന്നു. പിറ്റേന്നു കൈതപ്രം വന്ന് ഈണത്തിനൊത്തു പാട്ടെഴുതിക്കഴിഞ്ഞ ശേഷമേ ആ ആശങ്കക്ക് തെല്ലൊരു ശമനം വന്നുള്ളൂ. ഉണ്ണിക്കിടാവിനു നല്കാന് അമ്മ നെഞ്ചില്‍ പാലാഴിയേന്തി... ഏറ്റവും ഹൃദയസ്പര്‍ശിയായി തോന്നിയത് ആ വരിയാണ്. പടത്തിന്റെ പ്രിവ്യു കണ്ടത് ജോണ്സന് ഓര്‍മയുണ്ട്. ''സ്വന്തം പാട്ടുകള്‍ സിനിമയില്‍ ചിത്രീകരിച്ചുകണ്ടു വികാരാധീനനാകുന്ന പതിവ് എനിക്കില്ല. വിഷ്വലുകളുടെ എഡിറ്റിങ്ങും മറ്റു സാങ്കേതിക കാര്യങ്ങളുമോക്കെയാകും അപ്പോള്‍ ശ്രദ്ധിക്കുക. പക്ഷെ, കണ്ണീര് പൂവിന്റെ എന്ന പാട്ട് സ്ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം വിനിമയം ചെയ്യുന്നതെന്ന് മനസ്സിലായത് അപ്പോഴാണ്. തീയേറ്ററിലെ ഇരുട്ടില്‍ ഇരുന്ന് മനസ്സ് കൊണ്ട് ലോഹിയെ നമിച്ചുപോയി..'' ''അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന ഗാനം ഏതെന്നു ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കണ്ണീര് പൂവിന്റെ എടുത്തു പറഞ്ഞതായി എവിടെയോ വായിച്ചു. ആഹ്ലാദവും സംതൃപ്തിയും തോന്നി. അപ്പോഴും മനസ്സില്‍ തെളിഞ്ഞത് ലോഹിയുടെ മുഖമാണ്.'' ജോണ്‍സന്റെ വാക്കുകള്‍.
അരമണിക്കൂര്‍കൊണ്ട് സംഗീതവും പാട്ടെഴുത്തും കഴിഞ്ഞൊരു ഹിറ്റ് ഗാനമുണ്ട്: 'ചന്ദന മണിവാതില്‍'. രവീന്ദ്രന് വെറുതേ മൂളിയ ഒരീണത്തിന് ഏഴാച്ചേരി അരമണിക്കൂര്‍കൊണ്ട് പാട്ടെഴുതിക്കളഞ്ഞത്രെ...!