'മീശമാധവനു' വേണ്ടി ആദ്യം ഉറപ്പിച്ച കഥയിൽ എസ്. ഐ. ഈപ്പൻ പാപ്പച്ചിയുടെ ഒരു പെങ്ങൾ കഥാപാത്രം ഉണ്ടായിരുന്നു. ആ കുട്ടിയും മാധവനുമായി ഒരു റിലേഷന്‍ഷിപ്പ് ഒക്കെ ഉദ്ദേശിച്ചിരുന്നു. ആ ബന്ധത്തിന്റെ പേരിലായിരുന്നു മാധവന് ഒരു ദിവസം നാട്ടിൽ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നത്. കഥ കേട്ടപ്പോൾ ദിലീപ് ചോദിച്ചു: “അല്ല സുഹൃത്തുക്കളേ, ഈ ‘പെണ്’ ഇല്ലെങ്കിലും കഥയ്ക്ക് ഒരു കുഴപ്പവുമില്ലല്ലോ. പിന്നെന്തിനാ?” രഞ്ജന്‍ പ്രമോദ് തന്നെ പിന്നെ കഥ മാറ്റുകയായിരുന്നു.
ബോഡിഗാർഡിന്റെ ഷൂട്ട് നടക്കുമ്പോൾ നയൻ താര എല്ലാ ദിവസവും കൃത്യം 9 മണിക്കാണ് വന്നുകൊണ്ടിരുന്നത്. സംവിധായകൻ സിദ്ദിഖ് തമാശയ്ക്ക് ചോദിച്ചു - എല്ലാ ദിവസവും കൃത്യമായി 9 മണിക്ക് വരുന്നതുകൊണ്ടാണോ നയൻ താര എന്ന് പേരിട്ടത്. നയൻസ് ചിരിച്ചു. പിറ്റേ ദിവസം അല്പം നേരത്തെ ഷൂട്ട് തുടങ്ങണം. അതുകൊണ്ട് സിദ്ദിഖ് അതേ ശൈലിയിൽത്തന്നെ ചോദിച്ചു - നാളെ ഒന്ന് സെവൻ താര ആകുമോ എന്ന്
പി ഭാസ്കരൻ 'നീലക്കുയിൽ' സിനിമയെപ്പറ്റി പറഞ്ഞത്.... പി ജെ ആന്റണിയെയാണ് നീലക്കുയിലിലെ പോസ്റ്റ് മാനായി നിശ്ചയിച്ചത്. അദ്ദേഹം അന്നു നാടകങ്ങളില്‍ തകര്‍ത്തഭിനയിക്കുന്ന കാലം. സെറ്റെല്ലാമൊരുക്കി കാത്തിരുന്നിട്ടും ആന്റണി എത്തിയില്ല. പകരമെത്തിയത് അസൌകര്യമറിയിച്ചുകൊണ്ടുള്ള കമ്പിയായിരുന്നു- രണ്ടാഴ്ചത്തേക്ക് വരാന്‍ പറ്റില്ലെന്ന്. ആകെ അങ്കലാപ്പിലായി. ഷൂട്ടിങ് മുടങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ ഉറൂബാണ് പരിഹാരം ഉണ്ടാക്കിയത്. അദ്ദേഹം എന്നോടു പറഞ്ഞു: ‘താന്‍ തന്നെ ആ റോള്‍ ചെയ്യ്.’ രാമുവും പിന്തുണച്ചു. അങ്ങനെ സംവിധാനത്തിന്റെ തിരക്കിനും വെപ്രാളത്തിനുമിടയില്‍ പോസ്റ്റ്മാന് വേഷവും കെട്ടി, ഇരുപത്തൊമ്പതാം വയസില്‍ മധ്യവയസ്കനായ ശങ്കരന് നായരായി ഞാന്‍. അന്ന് ഞാനെടുത്തു വളര്‍ത്തുന്ന കുട്ടിയായി മുഖം കാട്ടിയത് ഇപ്പോഴത്തെ പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനായിരുന്നു.” (പി ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്നാണ് നീലക്കുയില്‍ സംവിധാനം ചെയ്തത്. )
'സംഘം' സിനിമ ഡെന്നീസ് ജോസഫ് എഴുതുന്നത് കുറേയധികം യഥാർഥ സംഭവങ്ങളും, കുറച്ച് ഭാവനയും ചേർത്താണ്. സിനിമയിൽ അപ്പൻ കൂട്ടിവച്ച കാശ് കൂട്ടുകാരെ വിട്ട് 'കള്ളന്മാരെന്ന്' വരുത്തിത്തീർത്ത് അടിച്ചുമാറ്റുന്ന നായകനെ ഡെന്നീസ് പകർത്തിയത് സ്വന്തം വീട്ടിൽ നിന്നു തന്നെയാണ്. ഡെന്നീസിന്റെ ചിറ്റപ്പൻ ആണ് അങ്ങനെ മോഷണം നടത്തിയ കക്ഷി.
സംഘത്തിന്റെ ആദ്യ പകുതി ഷൂട്ട് കഴിഞ്ഞാണ് രണ്ടാം പകുതി എഴുതിയത്. ആദ്യപകുതി ഷൂട്ട് ചെയ്യുമ്പോൾ ജോഷിക്കും, ഡെന്നീസിനും ഒരു സംശയം... ഇത് ജനം സ്വീകരിക്കുമോ.. കാരണം, അവരുടെ പതിവ് ശൈലിയിൽ നിന്ന് മാറി കോമഡിയും, മറ്റുമായി ആണ് കഥ നീങ്ങുന്നത്. അതുകൊണ്ട് ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു. രണ്ടാം പകുതിയിൽ കഥ തിരിക്കുക. നായകന് ഒരവിഹിത സന്തതിയും, മറ്റ് ടെൻഷനുകളും സൃഷ്ടിക്കാൻ തീരുമാനിച്ചു.
'സംഘം' ഹിറ്റ് ആയ ശേഷം കെ ആർ ജിയുടെ നിർമാണത്തിൽ ഡെന്നീസ് എഴുതി ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രം അമേരിക്കയിൽ ഷൂട്ട് നടത്താമെന്ന് അവർ പ്ലാൻ ചെയ്തിരുന്നു. ന്യൂഡൽഹിയുടെ രണ്ടാം ഭാഗം ആയി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല.
'മഴവിൽക്കാവടി'യുടെ കഥയെഴുതുന്ന സമയത്ത് രഘുനാഥ് പലേരിക്ക് പഴനിയെപ്പറ്റി ഒരു ഐഡിയയും ഇല്ലായിരുന്നു. പഴനി കണ്ടിട്ടില്ല, കേട്ടുകേൾവി മാത്രം. സംവിധായകൻ സത്യൻ അന്തിക്കാടും അങ്ങനെ തന്നെ. പക്ഷേ സ്ക്രിപ്റ്റ് വായിച്ച ശേഷം ലൊക്കേഷൻ നോക്കാൻ പഴനിയിൽ പോയ സത്യൻ അൽഭുതപ്പെട്ടുപോയി. പഴനിയും, ക്ഷേത്രപരിസരവും, വഴികളും എന്തിന് ചില ആളുകൾ പോലും രഘു എഴുതിവച്ചതു പോലെ തന്നെയായിരുന്നു.