''തങ്കത്തോണി'' എന്ന ഗാനം ചിത്രീകരിച്ചതിനെപ്പറ്റി ഉർവശി പറയുന്നു. തലേദിവസം എനിക്ക് പനി തുടങ്ങി. പിറ്റേന്ന് രാവിലെ ആയപ്പോൾ തല നിവർത്താൻ വയ്യ. പക്ഷേ, വൈകിട്ട് മദ്രാസിൽ പോവുകയും വേണം. എന്നാൽ, ചിത്ര പാടിയ പാട്ട് കേട്ടപ്പോൾ അത് പിക്ചറൈസ് ചെയ്യാതിരുന്നാൽ മോശമാകുമെന്ന് തോന്നി. അന്നു രാവിലെ 7 മണി മുതൽ ചിത്രീകരിക്കാൻ തുടങ്ങി. ഓടി വന്ന് വട്ടം ചുറ്റുന്നതാണ് ആദ്യം. റിഹേഴ്സൽ ഓക്കെ. പക്ഷേ ടേക്കിൽ ദാ കിടക്കുന്നു, തല കറങ്ങി താഴെ. വീണ്ടും എണീറ്റ് അഭിനയിച്ചു. ഒടുവിൽ മൂന്നരയോടെ പാട്ട് തീർത്തു. ചിത്രയ്ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുത്തത് തങ്കത്തോണി ആണ്.
'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ കൊട്ടാരം ചിത്രീകരിക്കാനായി പറ്റിയ സ്ഥലം തിരക്കി ഒരുപാട് അലഞ്ഞു. കിട്ടിയില്ല.ഒടുവിൽ ആരോ പറഞ്ഞറിഞ്ഞു - കവടിയാർ കൊട്ടാരത്തിലെ ഗൗരീപാർവ്വതിഭായി തമ്പുരാട്ടി പറഞ്ഞാൽ കൊല്ലങ്കോട് കൊട്ടാരത്തിലെ തമ്പുരാട്ടി അവിടെ ഷൂട്ടിങ് അനുവദിക്കുമെന്ന്. അങ്ങനെ ഗൗരീപാർവ്വതിഭായിയുടെ കത്തുമായി കൊല്ലങ്കോട്ടെത്തി. പക്ഷേ, മുമ്പൊരിക്കൽ അവിടെവച്ച് 'തമ്പുരാട്ടി' എന്നൊരു സിനിമയെടുത്ത് നശിപ്പിച്ചു എന്ന് പറഞ്ഞ് കൊല്ലങ്കോട് തമ്പുരാട്ടി ഷൂട്ടിങ് അനുവദിച്ചില്ല. ഒടുവിൽ ഏറെ പരിശ്രമിച്ച് അനുമതി നേടി തക്കലയ്ക്ക് അടുത്തുള്ള പദ്മനാഭപുരം കൊട്ടാരത്തിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
*ഹിസ് ഹൈനസ് അബ്ദുള്ളയുടെ എഡിറ്റിംഗ് പൂർത്തിയായപ്പോൾ മൂന്നേമുക്കാൽ മണിക്കൂർ ഉണ്ടായിരുന്നു. ഒടുവിൽ ദൈർഘ്യം കുറയ്ക്കാൻ പല നല്ല സീനുകളും മുറിച്ചുമാറ്റേണ്ടി വന്നു. *മദ്രാസിൽ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടവർക്കൊന്നും അത്ര നല്ല അഭിപ്രായം ആയിരുന്നില്ല. പക്ഷേ, ആ വർഷത്തെ മോഹൻലാലിന്റെ ഏറ്റവും വലിയ വിജയമായി അബ്ദുള്ള മാറി.
'തൂവൽസ്പർശം' ചെയ്യുമ്പോൾ 7 മാസം ഉള്ള ഒരു കുട്ടിയെ വേണം. പലയിടത്തും അന്വേഷിച്ചു, കിട്ടിയില്ല. അപ്പോൾ ആരോ പറഞ്ഞു, നടൻ മുകേഷിന്റെ കുട്ടിയ്ക്ക് 7 മാസമാണ്. മുകേഷ് പടത്തിൽ അഭിനയിക്കുന്നുമുണ്ട്. കമൽ മുകേഷിനോടും, സരിതയോടും ചോദിച്ചു. അവർ ഓക്കെ പറഞ്ഞു. കുട്ടിയുടെ ഒന്നുരണ്ട് ഫോട്ടോ അയച്ചുതരാനും പറഞ്ഞു. ഫോട്ടോ കിട്ടിയപ്പോഴാണ് അക്കിടി മനസ്സിലായത്, അത് ആൺകുട്ടിയാണ്. വേണ്ടത് പെൺകുഞ്ഞിനെ.. അത് അന്വേഷിക്കാതെയാണ് അവരോട് എല്ലാം ഓക്കെ എന്ന് പറഞ്ഞത്. ഇനിയിപ്പോൾ വേണ്ടെന്ന് എങ്ങനെ പറയും. അങ്ങനെയിരിക്കേ മുകേഷിന്റെ ഫോൺ വന്നു - ''സർ, കുഞ്ഞിനെ അഭിനയിപ്പിക്കുന്നത് കുഴപ്പമില്ല. പക്ഷേ, കുഞ്ഞിനെയും കൊണ്ട് സരിത സെറ്റിൽ വരും. നടിയായ സരിത... ബാലതാരത്തിന്റെ അമ്മയായിട്ടൊക്കെ സെറ്റിൽ.. അതുകൊണ്ട് കഴിയുന്നതും ഒഴിവാക്കണം.'' മുകേഷ് പറഞ്ഞുതീരും മുമ്പ് കമൽ സമ്മതിച്ചു. 2 പേരും ആഗ്രഹിച്ചത് ഒന്നു തന്നെയായിരുന്നു.
'ഏപ്രിൽ 18' എന്ന സിനിമയുടെ കഥ രൂപപ്പെട്ടത് വളരെ രസകരമായ വിധത്തിലാണ്. സിനിമയുടെ ത്രെഡിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ലാതിരിക്കുന്ന സമയത്താണ് ബാലചന്ദ്രമേനോന്റെ മുന്നിലേക്ക് നിർമാതാവ് അഗസ്റ്റിൻ പ്രകാശ് വരുന്നത്. കഥയുടെ പേരെങ്കിലും കിട്ടിയേ പറ്റൂ എന്ന് നിർമാതാവ് പറഞ്ഞു, പരസ്യം ചെയ്യാനാണ്. ചിത്രം ഏപ്രിൽ മാസം റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ട് ഏപ്രിൽ 18 എന്നിട്ടോളാൻ മേനോൻ പറഞ്ഞു, അപ്പോൾ തോന്നിയൊരു പേരാണ്. നിർമാതാവിന് അതൊരു തമാശയായിട്ടാണ് തോന്നിയത് (യഥാർത്ഥത്തിൽ അത് പാതി തമാശ ആയിത്തന്നെയാണ് ബാലചന്ദ്രമേനോനും പറഞ്ഞത്). ഈ പേരിന് കഥയുമായി വല്ലാത്ത ബന്ധമുണ്ടെന്നും ഇത് മതിയെന്നും പറഞ്ഞ് നിർമാതാവിനെ മടക്കി. 2 ദിവസം കഴിഞ്ഞ് പത്രത്തിൽ പരസ്യം കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മേനോന് മനസ്സിലായത്. പിന്നെ ഏറെനാൾ തലപുകച്ചാണ് ടൈറ്റിലുമായി ബന്ധമുള്ള ഒരു കഥ സിനിമയ്ക്കു വേണ്ടി കണ്ടെത്തിയത്.
ഏപ്രിൽ 18ൽ ശോഭനയുടെ അച്ഛന്റെ വേഷം ചെയ്യാൻ തിലകനെയാണ് കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഒരു ആക്സിഡന്റ് സംഭവിച്ചതുമൂലം തിലകന് വരാൻ കഴിയാതെ വരികയും, പകരം അടൂർ ഭാസി ആ വേഷം ചെയ്യുകയുമായിരുന്നു. മികച്ച സഹനടനുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ഭാസി നേടുകയും ചെയ്തു.
'ഏപ്രിൽ 18'ലേക്ക് നായികയായി തെരഞ്ഞെടുക്കാൻ ആളെ നോക്കുന്ന സ്മയത്ത് സുകുമാരിയാണ് ശോഭനയെപ്പറ്റി മേനോനോട് പറയുന്നത്. മേനോൻ ചെന്ന് കാണുമ്പോൾ തികച്ചും അലക്ഷ്യമായാണ് ശോഭന പ്രതികരിച്ചത്. ഇതേ മട്ടിൽ തന്നെയായിരുന്നു പിന്നീട് സെറ്റിലും. ഇക്കാരണത്താൽ ശോഭനയെ ഒഴിവാക്കാൻ പലരും പറഞ്ഞെങ്കിലും മേനോൻ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഒട്ടും പ്രഫഷണൽ അല്ലാത്ത ശോഭനയുടെ സമീപനം മൂലം മേനോൻ സഹികെട്ട് സെറ്റിൽ നിന്ന് ഇറങ്ങിപ്പോവുക വരെ ഉണ്ടായിട്ടുണ്ട്.