'സന്ദേശം' സിനിമയിൽ ഒരു കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിട്ടാണ് ശങ്കരാടി അഭിനയിച്ചത്. പരസ്യമായി കമ്യൂണിസ്റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാള്‍. ശങ്കരാടിയില്‍നിന്നാണ് ആ കഥാപാത്രത്തെ സത്യൻ കണ്ടെത്തുന്നത്. ശങ്കരാടി ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു. അതോടൊപ്പം കറകളഞ്ഞ ഒരു വിശ്വാസിയും. വലിയ കമ്യൂണിസ്റ്റുകാരൊക്കെ ഈശ്വരവിശ്വാസികളാണെന്നും അവർ രഹസ്യമായി അമ്പലത്തിൽ പോവാറുണ്ടെന്നും ശങ്കരാടി പലപ്പോഴായി അന്തിക്കാടിനോട് പറഞ്ഞിരുന്നു.
സത്യൻ അന്തിക്കാട് ശങ്കരാടിയെപ്പറ്റി.. മമ്മൂട്ടിയും മോഹന്‍ലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരായിരുന്നു. മോഹന്‍ലാൽ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹന്‍ലാൽ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തിൽ ലാൽ ശങ്കരാടിയോടു ചോദിച്ചു: 'എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം?' ശങ്കരാടി ഇരിക്കുമ്പോൾ പിറകെ വന്ന് തോളിൽ കൈയിട്ടുകൊണ്ടാണ് മോഹന്‍ലാലിന്റെ ചോദ്യം. ശങ്കരാടി ആദ്യമൊന്നും ഇതിന് മറുപടി പറഞ്ഞില്ല. കുറേ ദിവസങ്ങൾ ചോദ്യം ആവര്‍ത്തിച്ചപ്പോൾ ശങ്കരാടി പറഞ്ഞു: 'എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.' 'എന്തുകൊണ്ടാണ് ചേട്ടൻ എന്നെക്കാൾ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത്?' 'അത്... മമ്മൂട്ടി ദേഷ്യം വന്നാൽ അത് പുറത്തു കാണിക്കും. അതു തുറന്നു പറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാൽ നീയത് പുറത്തു കാണിക്കില്ല. നീയത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം.' മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും, അതിൽ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്നു.
സത്യൻ അന്തിക്കാടും, ശ്രീനിയുമൊക്കെ പിന്നീട് Phrase പോലെ കണക്കാക്കാറുള്ള ഒരു കമന്റ് ശങ്കരാടി ഒരിക്കൽ പറഞ്ഞിരുന്നു. അതിനെപ്പറ്റി സത്യൻ... ഒരു നടിയുടെ ഭര്‍ത്താവ് മരിച്ച സന്ദര്‍ഭത്തിലായിരുന്നു ആ കമന്റ്. നടി സത്യൻ അന്തിക്കാടിന്റെ പടത്തിന്റെ ഒരു ഷൂട്ടിങ്ങിലായിരുന്നു. നടിയുടെ ഭര്‍ത്താവിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. നടിക്കും പോക്കുവരവിന് മറ്റു ചിലരുണ്ട്. എങ്കിലും നടി കൂടുതൽ സ്നേഹിച്ചിരുന്നത് ഇയാളെയായിരുന്നു. പക്ഷേ, അവർ ആചാരപ്രകാരം വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ആയി അറിയപ്പെട്ട ആൾ മരിച്ചതറിഞ്ഞിട്ടും നടിക്ക് ഉറക്കെ കരയാനോ ഭര്‍ത്തൃവീട്ടിൽ പോകാനോ സാധിച്ചില്ല. നടി ഷൂട്ടിങ് സ്ഥലത്തുനിന്ന് അവരുടെ ലോഡ്ജ്മുറിയിലേക്കു പോയി. ആ ലോഡ്ജിൽ അടുത്ത മുറിയിൽ ശങ്കരാടിയുണ്ടായിരുന്നു. വൈകുന്നേരം അന്നത്തെ ഷൂട്ടിങ് അവസാനിച്ചപ്പോൾ ശങ്കരാടി സത്യന്റെ മുറിയിലേക്ക് വന്നു. അപ്പോൾ ശ്രീനിവാസൻ മുറിയിലുണ്ട്. 'ആ സ്ത്രീക്ക് ഭര്‍ത്താവ് മരിച്ചതിൽ ശരിക്കും സങ്കടമുണ്ടോ?' ശ്രീനിവാസൻ ചോദിച്ചു. പെട്ടെന്നുതന്നെ ശങ്കരാടിയുടെ മറുപടിയുണ്ടായി. 'ഒരു മീഡിയം സ്ട്രോങ്, ചക്കര കമ്മി.' ഇതായിരുന്നു ശങ്കരാടി പറഞ്ഞത്. മദിരാശിയിൽ പണ്ട് ജീവിച്ചിരുന്നവര്‍ക്ക് ഇതിന്റെ അര്‍ഥമറിയാം. മദിരാശിയിലെ പഴയ ചായക്കടകളിൽ ചായയ്ക്ക് ഓര്‍ഡർ ചെയ്യുമ്പോള്‍ മലയാളികൾ പറഞ്ഞിരുന്ന വാചകമാണിത്. മീഡിയം സ്ട്രോങ്, ചക്കര കമ്മി. ഒരു ഇടത്തരം കരച്ചിൽ എന്നാണ് ശങ്കരാടി പറഞ്ഞതിന്റെ പൊരുള്‍. ശ്രീനി അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ശ്രീനിവാസൻ ഇതുപയോഗിച്ചു. പുതിയ ചില നടന്മാരുടെയോ നടികളുടെയോ അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോൾ ശ്രീനി പറയും: 'ങ്ഹാ, ഒരു മീഡിയം സ്ട്രോങ്, ചക്കര കമ്മി.'
ഷൊര്‍ണൂർ ഗസ്റ്റ്ഹൗസിൽ ശങ്കരാടി സ്ഥിരം താമസിക്കാറുള്ള ഒരു മുറിയുണ്ട്. ഒരു ദിവസം മുറി പൂട്ടി ശങ്കരാടി ഗസ്റ്റ്ഹൗസ് മാനേജരോടു പറഞ്ഞു: 'ആരു വന്നാലും ആ മുറി കൊടുക്കരുത്. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ മുറിയിൽ വെച്ചിട്ടാണ് ഞാന്‍ പോകുന്നത്.' രണ്ടു ദിവസം കഴിഞ്ഞിട്ടും ശങ്കരാടി വന്നില്ല. ഗസ്റ്റ്ഹൗസിലെ മുറി അതിഥികൾ വന്നിട്ടും തുറന്നുകൊടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവില്‍, മുറി തുറക്കാൻ തന്നെ ഗസ്റ്റ്ഹൗസ് മാനേജര്‍ തീരുമാനിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചു മുറി തുറന്നപ്പോൾ കണ്ടത്, മുറിയുടെ ഒരു കോര്‍ണറിൽ അലക്കിപ്പിഴിഞ്ഞ് ഉണക്കാനിട്ട കോണകം മാത്രം! ശങ്കരാടി പറഞ്ഞ അത്യാവശ്യമുള്ള സാധനം!
അന്തിക്കാട്ടെ അമ്പലപ്പറപ്പിൽ ഒരുപറ്റം ചെറുപ്പക്കാർ ഒരിക്കൽ ജോൺ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു. സത്യൻ അന്തിക്കാട് നാട്ടിൽ ഉണ്ടായിരുന്നതുകൊണ്ട് രാത്രിയിൽ 'അമ്മ അറിയാന്‍' കാണാൻ അമ്പലപ്പറപ്പിലേക്ക് പോയി. അമ്പലപ്പറമ്പ് നിറയെ സിനിമ കാണാൻ ആളുകള്‍. അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ്. സത്യത്തിൽ ജോണ്‍ എബ്രഹാം ആരാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കുറേതമാശകളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചാണ് അവർ വന്നത്. പായയും ചുരുട്ടിയാണ് അന്ന് അന്തിക്കാട്ടെ സ്ത്രീകൾ അമ്പലപ്പറമ്പിൽ നടക്കുന്ന ഏതു പരിപാടിയും കാണാൻ വന്നുകൊണ്ടിരുന്നത്. ഒരമ്മാമയും കൊച്ചു മകളും പായയും വിരിച്ച് മുന്നിൽ ഇരിക്കുന്നുണ്ട്. പടം തുടങ്ങി. കാണികൾ പ്രതീക്ഷിച്ച പാട്ടോ തമാശയോ സ്റ്റണ്ടോ ഒന്നുമില്ല. ഡയലോഗും വളരെ കുറവ്. ആളുകളങ്ങനെ നിശ്ശബ്ദരായി കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ശബ്ദത്തേക്കാൾ ഉച്ചത്തില്‍ പ്രൊജക്ടർ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാം. അങ്ങനെ ഗ്രാമത്തിലെ ഒരു അമ്പലപ്പറമ്പില്‍, ഒരു ആര്‍ട്ട്പടം എന്തു സ്വാധീനമാണുണ്ടാക്കുന്നത് എന്ന ആലോചനയിലും ജോൺ എബ്രഹാമിലും സത്യന്റെ മനസ്സ് മുഴുകിയിരിക്കേയാണ്, 'നമ്മള് പോവ്വാണേയ്...' എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അമ്മാമയും കൊച്ചുമകളും അവരുടെ പായയും ചുരുട്ടിപ്പിടിച്ച് എണീറ്റു നിന്നത്. ആരെങ്കിലുമൊരാൾ എഴുന്നേല്ക്കാന് കാത്തുനിന്നത് പോലെ, മറ്റു സ്ത്രീകളും അവരുടെ പായചുരുട്ടി എണീറ്റു. കുറച്ചു ചെറുപ്പക്കാരുടെ സംഘം മാത്രം അമ്പലപ്പറമ്പിൽ ബാക്കിയായി. 'നമ്മള് പോവാണേയ്...' എന്ന് പറഞ്ഞെണീറ്റ ആ അമ്മാമയെ സത്യനിഷ്ടപ്പെട്ടു. സത്യൻ അടക്കിപ്പിടിച്ച് ചിരിച്ചു. ഒരു ഗ്രാമത്തിൽ 'അമ്മ അറിയാന്‍' എന്ന സിനിമയോട് ഒരു അമ്മാമയുടെ പരിഹാസം നിറഞ്ഞ പ്രതികരണം നേരിൽ കാണാൻ കഴിഞ്ഞതിന്റെ ചിരിയുമായിരുന്നു അത്. ഈ ഓര്‍മയാണ് 'കുടുംബപുരാണം' എന്ന സിനിമയിൽ ഫിലോമിനയെക്കൊണ്ട് 'എനിക്കൊന്നുമറിഞ്ഞൂടേയ്...' എന്ന് ചിലപ്പോഴൊക്കെ പറയിപ്പിക്കാൻ സത്യന് പ്രേരണയായത്.
മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ രാത്രി രണ്ടുമണി മുതൽ പുലര്‍ച്ചെ അഞ്ചുമണി വരെയായിരുന്നത്രെ പല മലയാള സിനിമകളുടെയും കാൾഷീറ്റ്. മദിരാശിയിലെ വലിയ സ്റ്റുഡിയോകളിൽ തമിഴ്, ഹിന്ദി സിനിമകള്‍ക്കുവേണ്ടി നിര്‍മിച്ച സെറ്റുകൾ ചുരുങ്ങിയ ചെലവിൽ രാത്രി രണ്ടുമണിക്ക് ശേഷം മലയാളപടം ചിത്രീകരിക്കാൻ കിട്ടി. പഴയ മലയാള സിനിമയിലൊക്കെ കാണുന്ന വലിയ ഗോവണികളൊക്കെയുള്ള വീട് ഇതര ഭാഷകള്‍ക്കുവേണ്ടിയുണ്ടാക്കിയ സെറ്റുകളായിരുന്നു. രാത്രി രണ്ടുമണിക്ക് മലയാള താരങ്ങൾ മെയ്ക്കപ്പിട്ടു വന്നു; പുലരുംവരെ അഭിനയിച്ചു. ഒരുപാടുപേര് ഉറക്കമിളച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍.