'ലാൽ അമേരിക്കയില്‍' സിനിമയുടെ ഷൂട്ടിങ്ങിനായി വന്ന സംഘം ന്യൂജഴ്സിയിലാണ് താമസിച്ചത്. 'ഗ്രെയ്റ്റ് അഡ്വഞ്ചര്‍' എന്നൊരു കാര്‍ണിവൽ നടക്കുന്ന സ്ഥലമുണ്ടായിരുന്നു. അവിടെവെച്ച് ഒരു പാട്ട് ചിത്രീകരിച്ചു. സന്ധ്യയായപ്പോൾ എല്ലാവരും ഹോട്ടലുകളിലേക്ക് മടങ്ങി. തിരിച്ചെത്തിയപ്പോഴാണറിയുന്നത്, ഒടുവിൽ ഉണ്ണികൃഷ്ണൻ മിസ്സിങ്ങാണ്. ഇതെല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി. പലയിടത്തും ഒടുവിലിനെ അന്വേഷിച്ച് ആളുകൾ പോയി. മോഹന്‍ലാലും സത്യൻ അന്തിക്കാടും ഗ്രെയ്റ്റ് അഡ്വഞ്ചറിലേക്ക് തിരിച്ചു. അവിടെയെത്തുമ്പോൾ കാര്‍ണിവൽ അവസാനിച്ചിരുന്നു. പരിഭ്രമത്തോടെ അവർ അകത്തുകയറി. അപ്പോള്‍, ഒരു കോര്‍ണറിൽ കുറേ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയിൽ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട്, അസ്വസ്ഥതകള്‍ക്കിടയിലും അവർ ചിരിച്ചു. വളരെ സരസമായിട്ട്, ഒടുവിൽ അവരോട് മലയാളം പറഞ്ഞ് ചിരിക്കുന്നു! ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്നപോലെ ചുറ്റും കൂടിനിന്ന് മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍. കൂട്ടം തെറ്റി ഒറ്റപ്പെട്ടുപോയ ഒടുവിലിനെയും പൊക്കിയെടുത്ത് അവർ ഹോട്ടലിലേക്ക് തിരിച്ചു. മടങ്ങുമ്പോൾ മോഹന്‍ലാൽ ചോദിച്ചു: ''ഉണ്ണിയേട്ടൻ അവരോടെന്താണ് മലയാളത്തിൽ പറഞ്ഞത്?'' ''എന്തൊക്കെയോ പറഞ്ഞു. എന്റെ പേര് ഒടുവിൽ ഉണ്ണികൃഷ്ണനാണെന്നും മലയാളിയാണ് എന്നുമൊക്കെ. എന്റെ ഭാഷ ചതിക്കില്ലെന്ന് മനസ്സിലായി. ആരും എന്റെ മുഖത്തു കൈവെച്ചില്ല.'' ഒടുവിലിന്റെ മറുപടി കേട്ട് മോഹന്‍ലാൽ തിരിച്ചുപറഞ്ഞു: ''ഗ്രെയ്റ്റ് അഡ്വഞ്ചര്‍!''
‘മൂന്നാംപക്ക’ത്തിൽ പേരക്കുട്ടിയുടെ ബലിതര്‍പ്പണത്തിനായി മുത്തച്ഛൻ കടലിലിറങ്ങുകയാണ്. ആ സീൻ ചിത്രീകരിക്കുമ്പോൾ തിലകൻ പത്മരാജനോട് പറഞ്ഞുവത്രെ: ”പത്മരാജന്, ഞാൻ കടലിലേക്ക് പോവുകയാണ്. തിരിച്ചുവരണം എന്ന ആഗ്രഹം എനിക്കില്ല. എന്റെ എല്ലാമായ പേരക്കിടാവാണല്ലോ എനിക്ക് നഷ്ടപ്പെട്ടത്. ഞാൻ തിരിച്ചുവരേണ്ടത് നിങ്ങളുടെ ആഗ്രഹമാണെങ്കിൽ മാത്രം നിങ്ങള്‍ക്ക് വേണ്ടതുചെയ്യാം…” പത്മരാജൻ തിലകന്റെ മുഖത്തു നോക്കി. കടലില്‍നിന്ന് തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരു മുത്തച്ഛന്റെ ഭാവം ആ മുഖത്ത് ഉണ്ടായിരുന്നതായി പത്മരാജൻ അറിഞ്ഞു. കടലിലേക്ക് മുത്തച്ഛൻ കാലെടുത്തുവെക്കുമ്പോൾ പത്മരാജന്റെ മനസ്സ് പതറി. ദൈവമേ തിലകന് ഒന്നും സംഭവിക്കരുതേ!
സത്യൻ അന്തിക്കാടിന്റേതായി ആദ്യം പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ 'ചമയം' ഷൂട്ടിങ് തുടങ്ങിവച്ചെങ്കിലും അതിന്റെ നിർമാതാവ് കൊല്ലപ്പെട്ടതു മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. 'കുറുക്കന്റെ കല്യാണം' ഷൂട്ടിങ് നടക്കുമ്പോഴാണ് നിര്‍മാതാവ് റഷീദിന്റെ പിതാവ് ഹസ്സൻ ഗനി മരണപ്പെടുന്നത്. കളിയിൽ അല്പം കാര്യം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നിര്‍മാതാവ് എസ്. പാവമണിയുടെ അച്ഛനും മരണപ്പെട്ടു. പിന്നീട് ബഹദൂര്‍ക്ക ഒരു കഥയിറക്കി. പ്രസിദ്ധരായ നിര്‍മാതാക്കളെ ചെന്നുകണ്ട് ബഹദൂര്‍ക്ക പറയുമത്രെ: 'നിങ്ങളാ സത്യനെക്കൊണ്ട് ഒരു സിനിമ ചെയ്യിക്ക്. പാവം. അവന്റെ ആദ്യചിത്രത്തില്‍ത്തന്നെ നിര്‍മാതാവ് മരിച്ചു. പിന്നെ തുടങ്ങിയ പടത്തിൽ നിര്‍മാതാവിന്റെ ബാപ്പ മയ്യത്തായി. ചില്ലറ അസുഖങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും സത്യന്റെ പടം തുടങ്ങിയപ്പോഴാണ് പാവമണിയുടെ അച്ഛനും പരലോകത്തെത്തിയത്. ആ രാശിയൊന്നു മാറ്റണം. നിങ്ങളുടെ ചിത്രം സത്യനെക്കൊണ്ട് സംവിധാനം ചെയ്യിക്കണം.' ബഹദൂര്‍ക്കയുടെ രണ്ട് കൈയും ചേര്‍ത്തുപിടിച്ച് സത്യൻ അന്തിക്കാട് അപേക്ഷിച്ചു. 'പൊന്നു ബഹദൂര്‍ക്കാ, തമാശയ്ക്കുപോലും ഇങ്ങനെയൊന്നും പറയരുത്. ആളുകൾ സീരിയസായി എടുക്കും.'
മംഗലശ്ശേരി നീലകണ്ഠൻ എന്ന 'ദേവാസുര'ത്തിലെ കഥാപാത്രം സൃഷ്ടിക്കാന്‍ രചയിതാവ് രണ്ജിത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജു എന്ന് വിളിക്കുന്ന രാജഗോപാലിന്റെ കൊച്ചുമകളാണ് 'ലോഹ'ത്തിൽ മൈത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിരഞ്ജന അനൂപ്.
*നായകന് ഇല്ലാത്ത കഥ എന്നതിനാൽ ഫാസിൽ വേണ്ടെന്നു വച്ച സിനിമയായിരുന്നു 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ'. *കാലൻ മത്തായി എന്ന പ്രധാനമായ റോളിൽ ആദ്യം നിശ്ചയിച്ചിരുന്നത് നടൻ ഇന്നസെന്റിനെ ആയിരുന്നു. എന്നാൽ മെലിഞ്ഞുണങ്ങിയ ഒരാൾ വേണമെന്ന കമലിന്റെ ആഗ്രഹപ്രകാരം ഇന്നസെന്റിനെ മാറ്റി ആ റോൾ പ്രശസ്ത നടൻ കൃഷ്ണന്‍കുട്ടിനായര്‍ക്ക് നല്‍കുകയായിരുന്നു.
*സിനിമയിൽ ധാരാളം ബാല താരങ്ങളെ ആവശ്യമുണ്ടായിരുന്നതിനാൽ കുറെ കുട്ടികൾ സ്ക്രീനിംഗിനായി എത്തിച്ചേര്‍ന്നിരുന്നു. കമൽ തിരസ്ക്കരിച്ച കുട്ടികളിൽ ഒരാൾ നടൻ ജയസൂര്യ ആയിരുന്നു . *മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് M.T. വാസുദേവന്‍നായർ നിര്‍ദ്ദേശിച്ച ഇരിങ്ങോൾ കാവായിരുന്നു പ്രധാന ലൊക്കേഷനായി ആദ്യം തീരുമാനിച്ചത് എങ്കിലും ചിത്രീകരണം നടന്നത് പന്തളത്തിനടുത്ത ചാമക്കാവിൽ ആയിരുന്നു . കുട്ടികളുടെ പ്രാതിനിധ്യം വളരെ ഉള്ള ചിത്രമായതിനാൽ കേരളത്തിലെ സ്കൂളുകളിൽ അക്കാലത്ത് ഏറ്റവും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രവുമായിരുന്നു 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ'.
'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളു'ടെ പ്രധാന ലൊക്കേഷനായ കാവ് തേടി അലഞ്ഞിരുന്ന സമയത്ത് മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ M.T. വാസുദേവന്‍നായർ പെരുമ്പാവൂരിനടുത്ത ഇരിങ്ങോൾകാവ് കമലിനോട് നിര്‍ദ്ദേശിച്ചു . കമലും,ഫാസിലും അടങ്ങുന്ന സംഘം കാവ് തേടി പെരുമ്പാവൂരിൽ എത്തി . പെരുമ്പാവൂർ ക്ഷേത്ര നടയിലെത്തിയ അവർ അവിടെ മതിലിൽ ഇരിക്കുന്ന മൂന്നു ചെറുപ്പക്കാരോട് വഴി അന്വേഷിച്ചു . അതിൽ ചുവന്ന ഷര്‍ട്ടിട്ട നീണ്ടു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ അവരോടൊപ്പം കാവ് കാണിക്കാനായി കൂടെ വന്നു . താനൊരു മിമിക്രി കലാകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ കാവ് കാണിച്ചതിനുശേഷം സ്വന്തം വീട്ടിൽ കൊണ്ടുപോയി ചായ കൊടുത്തിട്ടേ കമലിനെയും, സംഘത്തേയും വിട്ടുള്ളൂ . മിമിക്രിയോട് അക്കാലത്ത് താത്പര്യം ഇല്ലായിരുന്ന കമൽ അയാളെ മൈന്‍ഡ് ചെയ്തതുമില്ല. പിന്നീട് അയാൾ തനിക്ക് ഒരു റോൾ നല്‍കണം എന്ന് ഫാസിലിനോട് അപേക്ഷിച്ചുവെങ്കിലും പറ്റിയ റോളുകൾ ഒന്നും ഉണ്ടായിരുന്നില്ല . അധികം താമസിയാതെ ആ ചെറുപ്പക്കാരൻ പദ്മരാജൻ സിനിമയിലൂടെ അരങ്ങേറി . അന്ന് കമൽ മൈന്‍ഡ് ചെയ്യാതിരിക്കുകയും, പിന്നീട് കമലിന്റെ സിനിമയിലെ നായകനാവുകയും ചെയ്ത ആ ചുവന്ന ഷര്ട്ടുകാരൻ നടൻ ജയറാമായിരുന്നു.