ഏപ്രിൽ 2 എന്ന ദിനം മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒരു ദിവസമാൺ. വമ്പൻ ഹിറ്റുകൾ മാത്രം സൃഷ്ടിച്ചിട്ടുള്ള സിദ്ദിക്ക് ലാൽ എന്ന കൂട്ടുകെട്ട് 22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം. കിംഗ് ലയർ എന്ന ആ സിനിമയുടെ നായകൻ ദിലീപ് കൂടിയാവുമ്പോൾ പ്രതീക്ഷകൾ അങ്ങ് ശൂന്യാകാശത്തോളമെത്തി നില്ക്കും. പ്രേമം ഫെയിം മഡോണ, ബാലു വർഗ്ഗീസ്, ലാൽ , ആശാ ശരത്ത് എന്നിവരാണു സിദ്ദിക്കിന്റെ കഥയ്ക്ക് സിദ്ദിക്കും ലാലും ചേർന്ന് തിരകഥയൊരുക്കി അതിനു ബിപിൻ ചന്ദ്രൻ സംഭാഷണമെഴുതി ലാൽ സംവിധാനം ചെയ്ത കിംഗ് ലയറിലെ പ്രധാന കഥാപാത്രങ്ങൾ കഥ സത്യനാരായണൻ. ആളൊരു ഒന്നാന്തരം ഫ്രോഡാണു. മറ്റുള്ളവരെ നുണ പറഞ്ഞ് പറ്റിച്ച് അന്നം കണ്ടെത്തുക എന്നതാണു അയാളുടെയും കൂട്ടാളി ആന്റപ്പന്റെയും ജോലി. സത്യനാരായണനു അഞ്ജലി എന്ന ഒരു കുട്ടിയെ ഇഷ്ട്ടമാണു. അഞ്ജലിയുടെ മുൻപിൽ നരേൻ എന്ന കോടീശ്വരനായിട്ടാണു സത്യൻ അഭിനയിക്കുന്നത്. ഇതിനിടയിൽ അഞ്ജലി തന്റെ പഴയ കളികൂട്ടുകാരിയാണെന്ന് സത്യൻ തിരിച്ചറിയുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് രാത്രി മോഷണ കുറ്റത്തിനു പിടിച്ചതാണു സത്യനാരായണനെ. അന്നത്തെ ഹെഡ്മാഷ് പൊതുവാൾ മാഷിന്റെ മകളാണു അഞ്ജലി എന്ന് സത്യൻ മനസ്സിലാക്കുന്നു. സത്യനാരായണന്റെ എല്ലാ കള്ളത്തരങ്ങളും അറിയാവുന്നതാണു പൊതുവാൾ മാഷ്. അതു കൊണ്ട് തന്നെ ഏത് വിധേനേയും അഞ്ജലിയെ സ്വന്തമാക്കാൻ സത്യൻ ശ്രമിക്കുന്നതിനിടയിൽ അഞ്ജലി സത്യന്റെ കള്ളത്തരങ്ങൾ കണ്ട് പിടിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ പ്രശസ്ത ഫാഷൻ കമ്പനി മുതലാളി വർമ്മയെ ഒരു പ്രത്യേക സാഹചര്യത്തിൽ സത്യനാരായണനു ഉപയോഗിക്കേണ്ടി വരുന്നു. സത്യ നാരായണന്റെ സ്മാർട്ട്നെസ് ഇഷ്ട്ടപ്പെട്ട വർമ്മ അയാളെ ഒരു പ്രത്യേക ദൗത്യത്തിനായി ദുബായിലേക്ക് അയക്കുന്നു. രാജനുണയന്റെ വിളയാട്ടം ഇനി അങ്ങ് അറബിക്കടലിനക്കരെ..!! വിശകലനം. റാംജി റൗവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ പല തലമുറകളെ നിർത്താതെ ചിരിപ്പിച്ച ഇപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമകൾ. ഇവയുടെ സൃഷ്ടാക്കൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമ എന്ന നിലയിൽ പരിപൂർണ്ണ നിരാശയാണു കിംഗ് ലയർ സമ്മാനിക്കുന്നത്. ദിലീപും ബാലു വർഗീസും നടത്തുന്ന കോമാളികളികളും വണലൈനറുകളും കൊണ്ട് തരക്കേടിലാത്ത ചിരിപ്പിക്കുന്ന ഒരു ആദ്യ പകുതി ഉണ്ടായെങ്കിലും ഇടവേളയ്ക്ക് ശേഷം സിനിമ പ്രേക്ഷകരെ കൊലാകൊല ചെയ്യുകയാണു. ഒരു ഹിന്ദി സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ കഥയുണ്ടാക്കിയ സിദ്ദിക്കാണു ഈ പാതകത്തിനു പ്രധാന ഉത്തരവാദി. ആദ്യ പകുതി സിദ്ദിക്ക് -ലാൽ സിനിമകളുടെ നിഴൽ പോലും ആയില്ലെങ്കിലും ബോറടി ഉള്ളവാക്കുന്നതായിരുന്നില്ല. ലാലിന്റെ സംവിധാന ശൈലിയിലെ പോരായ്മയോ തിരകഥയുടെ കാമ്പിലായ്മയോ 2 മണിക്കൂർ 38 മിനുറ്റ് ദൈർഘ്യമുള്ള ഈ സിനിമ പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്തുന്നില്ല. സത്യനാരായണൻ എന്ന നായകനായി ദിലീപ്പ് മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചു. എന്നാൽ ഇടവേളയ്ക്ക് ശേഷം ദിലീപ് എന്ന കോമേഡിയനു സിനിമയിൽ കാര്യമായ റോളൊന്നും കാഴ്ച്ച വെക്കാനുണ്ടായിരുന്നില്ല. ദിലീപ് എന്ന നടന്റെ കോമഡി അല്ലാത്ത പ്രകടനം കാണാൻ കാര്യമായ താല്പര്യമൊന്നും ഇല്ലാത്ത ഒരു പ്രേക്ഷക സമൂഹത്തിന്റെ മുന്നിലേക്ക് മരുന്നിനു പോലും ഒരു ചിരി ഇല്ലാത്ത സെക്കന്റ് ഫാഫുമായി എത്താൻ കാണിച്ച മനോനിലയെ ചങ്കൂറ്റമെന്നോ ഓവർ കോൺഫിഡൻസ് എന്നോ ഒക്കെ വിശേഷിപ്പിക്കാമെങ്കിലും ഏറ്റവും അനുയോജ്യമായ വാക്ക് വിവരമില്ലായ്മ എന്നാണു. ബാലു വർഗീസിനും ഒരു മുഴു നീള വേഷം ഈ സിനിമയിൽ ലഭിച്ചിട്ടുണ്ട്. തന്റെ കഴിവ് ബാലു തെളിയിക്കുക്കയും ചെയ്തു. പ്രേമത്തിലെ സെലിനു ശേഷം കിട്ടിയ അഞ്ജലി മഡോണ ഭംഗിയാക്കിയെങ്കിലും 26 വയസ്സുള്ള മഡോണയും 47 വയസ്സുള്ള ദിലീപും ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചവരാണു എന്ന് സിനിമയിൽ കാണിച്ചതിലൂടെ സംവിധായകൻ ദിലീപിനെയാണോ മഡോണയേ ആണോ പരിഹസിച്ചതെന്ന് വ്യക്തമല്ല. ലാലും ആശശരത്തും അവരുടെ വേഷങ്ങൾ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്. ഒരേ ഒരു ഗാനരംഗമാണു സിനിമയിൽ ഉള്ളത്. കേൾക്കാൻ ഇമ്പമുള്ള ആ പാട്ടും ആദ്യ പകുതിയിലെ മനോഹര ഛായാഗ്രഹണവും സിനിമയുടെ പോസറ്റീവുകളാണു. ബ്യൂട്ടി കോണ്ടസ്റ്റ് പോലെയുള്ള തീമുകൾ മലയാള സിനിമ പ്രേക്ഷകർ പരിചയപ്പെട്ട് വരുന്നേയുള്ളു. പ്രേക്ഷകർ തങ്ങളിൽ നിന്ന് എന്താണു പ്രതീക്ഷിക്കുന്നത് എന്ന് തിരിച്ചറിയാതെ സിനിമ കാണുന്നവരെ കൊണ്ട് ഇതെല്ലാം കാണാൻ ഞങ്ങൾ എന്ത് തെറ്റാണു ചെയ്യാതിരുന്നത് എന്ന് ചോദിപ്പിച്ച സിദ്ദിക്ക്-ലാൽ മലയാള സിനിമയിൽ ഒരു വമ്പൻ ഹിറ്റ് സൃഷ്ടിക്കാനുള്ള സുവർണ്ണാവസരം കളഞ്ഞ് കുളിച്ചു. പ്രേക്ഷക പ്രതികരണം സിദിക്ക്-ലാൽ കോബിനേഷനിലുള്ള പ്രതീക്ഷ , ദിലീപിന്റെ 2 കണ്ട്രീസിനു ശേഷമുള്ള കോമഡി സിനിമ, വിഷു സീസൺ. ആശകൾ നിരാശയായതിന്റെ അമർഷത്തിൽ കാണികൾ തിയറ്റർ വിട്ടു. ബോക്സോഫീസ് സാധ്യത സിദ്ദിക്ക്-ലാൽ കൂട്ടുകെട്ടിന്റെ പുനസമാഗമത്തിലുള്ള കൗതുകം പൂണ്ട് ഈ സിനിമ കാണുന്ന ആളുകളുടെ തിരക്കൊഴിഞ്ഞും ഈ സിനിമ ഹിറ്റായാൽ ഇതാണു മലയാള സിനിമയുടെ അവസ്ഥ എന്ന് പറയാം..!! റേറ്റിംഗ് : 2.5 / 5 അടിക്കുറിപ്പ്: നല്ല അന്തസുള്ള സിനിമക്കാരായിരുന്നു സിദ്ദിക്കും ലാലും എന്നാൽ ദിലീപിന്റെ കൂടെ കൂടി അവരും അശ്ലീല കോമഡികളുടെ ഘോഷയാത്ര നടത്തുമ്പോൾ അറിയാതെ പറഞ്ഞ് പോകുന്നു ചന്ദനം ചാരിയാൽ...!!!!!