കോംറേഡ് ഇൻ അമേരിക്ക കുറച്ചു കാലമായി മലയാള സിനിമയിൽ ഇടതുപക്ഷ അനുഭാവമുള്ള സിനിമകളുടെ കുത്തൊഴുക്കാണ് . എന്റെ അറിവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇടതു പക്ഷ സിനിമകൾ ഇറങ്ങിയത് മലയാളത്തിൽ ആയിരിക്കും. മെക്സിക്കൻ അപാരതയിലും സഖാവിലും ഉള്ളതുപോലെ നായകൻറെ സംഘടനാ പ്രവർത്തനങ്ങളുടെ കഥ പറഞ്ഞല്ല കോംറേഡ് ഇൻ അമേരിക്ക മുന്നോട്ട് പോകുന്നത് .പക്ഷേ നായകൻറെ കമ്യൂണിസ്ററ് പശ്ചാത്തലം കഥയെ ചെറിയ രീതിയിലൊക്കെ സ്വാധീനിക്കുന്നുമുണ്ട് . കേരളാ കോൺഗ്രസ്സുകാന്റെ മകനായ അജി മാത്യു എന്ന കമ്യൂണിസ്റ്റുകാരനായാണ് ദുൽക്കർ വേഷമിടുന്നത് . തന്റെ വ്യക്തിപരമായ ഒരു കാര്യത്തിന് വേണ്ടി സഖാവ് അജി മാത്യു കോട്ടയത്ത് നിന്നും അമേരിക്കയിലേക്ക് യാത്ര പോകുന്നതും യാത്രാ മദ്ധ്യേ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ . കേരളത്തിലെ ബാർ കോഴ മുതൽ അമേരിക്കയിലെ കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ വരെ സിനിമ ചർച്ച ചെയ്യുന്നുണ്ട് .സിനിമയിൽ കാറൽ മാർക്സ്,ചെഗുവേര,ലെനിൻ എന്നിവരെ പുനരാവിഷ്കരിച്ചത് നന്നായിട്ടുണ്ടായിരുന്നു . വലിയ വ്യത്യസ്തതകൾ ഒന്നും ഇല്ലാത്ത ഒരു കഥയെ വളരെ മികച്ച രീതിയിലും വേഗത്തിലും അവതരിപ്പിച്ചിരിക്കുകയാണ് അമൽ നീരദ് . അമൽ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളായ സ്ലോ മോഷനും മഴയുമൊന്നും അധികം കാണാൻ കഴിഞ്ഞില്ല സിഐഎയിൽ . ഗാനങ്ങൾ മികവ് പുലർത്തി . പശ്ചാത്തല സംഗീതം അതി ഗംഭീരവുമായിരുന്നു . ഒരു entertainer പ്രതീക്ഷിച്ച് പോകുന്നവർക്ക് ഇഷ്ടപ്പെടാനും ദുൽക്കർ ഫാൻസിനും ഇടത് അനുഭാവികൾക്കും കൂടുതൽ ഇഷ്ടപ്പെടാനും സാധ്യതയുള്ള സിനിമയാണ് COMRADE IN AMERICA .