ആമുഖം 9 വർഷം മുൻപ്, മമ്മൂട്ടി എന്ന മെഗാ താരം അദ്ദേഹത്തിന്റെ താര പരിവേഷത്തിന്റെ പാരമ്യത്തിൽ ഇരിക്കവേ, ഒരു വെക്കേഷൻ വിനോദ സിനിമയായി അവധിക്കാലത്തിറങ്ങി ബോക്സ് ഓഫീസിൽ പണം വാരിയ സിനിമയാണ് പോക്കിരി രാജ. മുറി ഇംഗ്ലിഷിൽ സംസാരിക്കുന്ന, ഏതു ദുർഘട സാഹചര്യങ്ങളെയും പുഷ്പം പോലെ അതിജീവിക്കുന്ന മേൽ ചിത്രത്തിലെ മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രം പതിവ് ഗുണ്ടാ-നായക സങ്കല്പങ്ങളിൽ നിന്നും അന്ന് വേറിട്ടു നിന്നു. വീണ്ടും രാജ പോക്കിരി രാജ എന്ന മമ്മൂട്ടി കഥാപാത്രത്തെ ഇഷ്ടപെടുന്ന (മമ്മൂട്ടി ആരാധകർ ഉൾപ്പടെ) ആരാധക സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടു രാജ വീണ്ടും "മധുര രാജ" ആയി അവതരിച്ചിരിക്കുന്നു... ഗുണങ്ങൾ തന്റെ പ്രായത്തിന്റെ പരിമിതികളിൽ നിന്നു കൊണ്ടു തന്നെ രാജ എന്ന കഥാപാത്രത്തിന്റെ വീര്യം അൽപ്പം പോലും ചോരാതെയാണ് മമ്മൂട്ടി രാജയെ പുനരാവിഷ്കരിച്ചിരിക്കുന്നത്. ത്രസിപ്പിക്കുന്ന പശ്ചാത്തല മേള വാദ്യങ്ങളുടെ അകമ്പടിയോടെ രാജ നെഞ്ചും വിരിച്ച് സ്ലോ മോഷനിൽ നടക്കുകയും, മുറി ഇംഗ്ലീഷ് മൊഴിയുകയും, പഞ്ച് അടിക്കുകയും, വില്ലന്മാരെ പറപ്പിക്കുകയും ചെയ്യുന്നു.... ദൗർഭാഗ്യവശാൽ, ഈ സിനിമയുടെ മേന്മകൾ ഇവിടെ അവസാനിക്കുന്നു.....ബാക്കിയെല്ലാം രാജയുടെ തന്നെ ഭാഷയിൽ mathematics ആണ്.... ദോഷങ്ങൾ പഴയ ബോംബ് കഥകളുടെ ഉസ്താദിന്റെ പുതിയ ബോംബ് കഥയെ കുറിച്ചു വിവരിക്കാൻ വാക്കുകൾ പോര.....വൈശാഖ് എന്ന സംവിധായകൻ തന്റെ making വെച്ചു പരമാവധി make up ചെയ്യാൻ ശ്രമിച്ചിട്ടും കഥയുടെ കഥയില്ലായ്മ മുഴച്ചു തന്നെ നിൽക്കുന്നു....സിനിമയുടെ ആദ്യം മുതൽ അവസാനം വരെ സലിം കുമാർ "ട്വിസ്റ്റ്", "ട്വിസ്റ്റ്" എന്നു വിളിച്ചു കൂവുന്നുണ്ട്.... സിനിമയിൽ ഇല്ലാത്തതും അതു തന്നെ. ആകെ കണ്ടത് "ഒളി ക്യാമറ" യുടെ അതി പ്രസരം മാത്രം....ആ സംഭവം ലോകത്തു കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ കഥാകൃത്ത് നട്ടം തിരിഞ്ഞേനെ. ഒരു വിനോദ സിനിമ എന്ന പരിഗണന വെച്ചു നോക്കിയാലും, സിനിമയിലെ കഥയുടെയും, കഥാപാത്രങ്ങളുടെയും ബലഹീനത വിട്ടു കളഞാലും മധുര രാജ നൽകുന്ന വിനോദമൂല്യത്തിന്റെ തട്ടു താഴെയാണ്.... ഓർത്തു ചിരിക്കാൻ കൊള്ളാവുന്ന കോമഡിയോ, ആസ്വാദ്യകരമായ പാട്ടുകളോ സിനിമയിൽ ഇല്ല, ഉദ്വെഗം ജനിപ്പിക്കുന്ന രംഗങ്ങളോ സിനിമയിൽ ഇല്ല.... ആകെയുള്ളത് മലയാള സിനിമാ പ്രേക്ഷകർ പണ്ടേ തിരസ്കരിച്ച കുപ്പയിൽ നിന്നും പെറുകിയെടുത്ത ചില ജട്ടി കോമഡികളാണ്.... അങ്ങാടി നിലവാരം - ശരാശരി വിലയിരുത്തൽ:ഭക്തന്മാർക്കു ദർശന സായൂജ്യം ശുപാർശ 2 മണിക്കൂർ (ആദ്യ 45 മിനിറ്റിൽ രാജ ഇല്ല) സമയം മമ്മൂട്ടി എന്ന മെഗാ താരം രാജ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളോടെ വെള്ളിത്തിരയിൽ നിറഞ്ഞാടുന്നത് കണ്ടു, ആസ്വദിച്ചു സായൂജ്യമടയാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്....