1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review മരക്കാർ സത്യമെന്ത്....??? (Review by yodha007)

Discussion in 'MTownHub' started by yodha007, Dec 4, 2021.

  1. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    മരക്കാർ സത്യമെന്ത്....???
    പ്രിയദർശൻ സിനിമകൾക്ക് പ്രേക്ഷക മനസ്സിൽ എക്കാലത്തും ഒരു മിനിമം ഗ്യാരന്റി ഉണ്ട്. മോശമായ ഒന്നോ, രണ്ടോ സിനിമകൾ ഒഴിച്ചു നിർത്തിയാൽ ഒരു വട്ടമെങ്കിലും കണ്ടിരിക്കാവുന്ന, വാച്ചബ്ൾ ആയ സിനിമകളാണ് പൊതുവേ അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റേതായി പുറത്തു വന്ന മരക്കാർ എന്ന സിനിമയും വ്യത്യസ്തമല്ല. വാച്ചബിൾ മൂവി എന്നതിലപ്പുറം ഒരു ഗ്രാന്റ് വിഷ്വൽ ട്രീറ്റ് തന്നെയാണ് ഈ സിനിമ സമ്മാനിക്കുന്നത്.

    സിനിമയുടെ ഏറ്റവും വലിയ പോസീറ്റീവും അതു തന്നെയാണ്. സിനിമ എന്ന ബിഗ് സ്ക്രീൻ അനുഭവം തങ്ങളുടെ കുട്ടികൾക്ക് നൽകാൻ ആഗ്രഹിക്കുന്ന കുടുബ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ഐഡിയൽ ചോയ്സ് ആണ് മരക്കാർ. സിനിമയിൽ മ്യൂട്ട് ചെയ്ത് കേൾപ്പിക്കേണ്ട ഡയലോഗുകളോ, അസഭ്യമായ രംഗങ്ങളോ ഇല്ല. ഈ ചുരുളി കാലഘട്ടത്തിൽ, കുടുബ സമേതം സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് വലിയ ആശ്വാസമാണ്.

    ദൗർഭാഗ്യവശാൽ സിനിമയെക്കുറിച്ചുള്ള നല്ല വാക്കുകൾ ഇവിടെ തീരുന്നു.

    മരക്കാർ എവിടെ ?
    ഈ സിനിമ കണ്ട് ഇറങ്ങുന്ന ഒരു പ്രേക്ഷകന്റെ മനസ്സിൽ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ഉണ്ട്. എന്തായിരുന്നു ഈ സിനിമയിൽ മരക്കാർ എന്ന കഥാപാത്രത്തിന്റെ സ്ഥാനം.

    ഒരു വീര പുരുഷനെ നായകനാക്കി സിനിമയൊരുക്കുമ്പോൾ അയാളുടെ ഹീറോയിസം എക്സിബിറ്റ് ചെയ്യുന്നതിനുള്ള സ്പേസ് സിനിമയിൽ ഒരുക്കുക എന്നത് സാമാന്യ മര്യാദയാണ്. അതിന് സംവിധായകന് സാധിച്ചിട്ടില്ല. മരക്കാർ എന്ന നാവിക യോദ്ധാവിന്റെ കാലഘട്ടത്തെ ഉപരിപ്ലവമായി രേഖപ്പെടുത്തുന്ന ഒരു പീരിയഡ് ഡ്രാമ എന്നതിലപ്പുറം മരക്കാറിലേക്കോ, അയാളുടെ വീര സാഹസങ്ങളിലേക്കോ, വികാര വിചാരങ്ങളിലേക്കോ സിനിമ ഫോക്കസ് ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ സിനിമയിലെ മറ്റ് കഥാപാത്രങ്ങളായ മാങ്ങാട്ടച്ഛനും, മകനും, ചിനാലിയ്ക്കും ലഭിക്കുന്ന ഒരു സ്വീകാര്യത പ്രേക്ഷക മനസ്സിൽ മരക്കാർ എന്ന കേന്ദ്ര കഥാപാത്രത്തിന് ലഭിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ.

    കുഞ്ഞാലി ജൂനിയറും സീനിയറും
    കൊച്ചു കുഞ്ഞാലിയിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്ന ചില വൈകാരിക ഘടകങ്ങളുണ്ട്. അത് അയാളുടെ ചെറു പ്രായത്തിൽ അയാൾ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളാണ്. വലിയ കുഞ്ഞാലിയിലേക്ക് വരുമ്പോൾ അയാളുടെ ദാരുണമായ അന്ത്യത്തെ പ്രേക്ഷക മനസ്സിൽ ഒരു നീറ്റലായി മാറ്റുന്ന തരത്തിൽ അയാളെ പ്രേക്ഷക മനസ്സിലേക്ക് അടുപ്പിക്കുവാൻ തക്ക രംഗങ്ങളോ, ബിൽഡ് അപ്പോ സ്ക്രിപ്റ്റിൽ ഇല്ല എന്ന് മാത്രമല്ല, കുഞ്ഞാലിയെ പ്രേക്ഷക മനസ്സിൽ നിന്നും അകറ്റുന്ന തരത്തിലുള്ള ഒരു മാരക ട്വിസ്റ്റ് പടത്തിലുണ്ട് താനും.

    തിരിച്ചടിയായ ട്വിസ്റ്റ്
    സിനിമയിൽ കഥയുടെ ഗതി തന്നെ മാറ്റി മറിക്കുന്ന ഒരു ട്വിസ്റ്റ് സിനിമയിൽ ഉണ്ട്. സിനിമയിൽ ഉദ്വേഗം നിറക്കുന്നതിനും, പ്രേക്ഷകർക്ക് ഒരു ഷോക്ക് വാല്യൂ നൽകുന്നതിനും ആ രംഗം സഹായിക്കുമെങ്കിലും, ലോങ്ങ് റണ്ണിൽ ആ ഐറ്റം സിനിമയ്ക്ക് ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് പറയാതെ വയ്യ. അതിനെ കുറിച്ച് കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആകുമെന്നതു കൊണ്ട് വിസ്തരിക്കുന്നില്ല.

    വിനയായ ദൈർഘ്യവും, എഡിറ്റിങ്ങും
    ഒരു വലിയ കാൻവാസ്, അതിൽ നിറയേ ചെറുതും വലുതുമായ കുറേ കഥാപാത്രങ്ങൾ അതിന്റെ പശ്ചാത്തലത്തിൽ സംഭവ ബഹുലമായ ഒരു കഥ ഇങ്ങനെ ഒരു ഫോർമാറ്റിലാണ് മരക്കാർ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യവും വളരെ കൂടുതലാണ്. സിനിമയുടെ ഗതി മാറ്റുന്ന സുപ്രധാന സംഭവം നടക്കുന്നത് തന്നെ രണ്ടര മണിക്കൂറിനു ശേഷമാണ്. സിനിമയുടെ ദൈർഘ്യം കൂടി പോയെന്ന് സംവിധായകനും, എഡിറ്റർക്കും ബോധം വന്നത് അതിനു ശേഷമാണ് എന്ന് പ്രേക്ഷകന് തോന്നും വിധമാണ് തുടർന്നങ്ങോട്ട് സിനിമയുടെ വേഗത. അതുവരെ പതിഞ്ഞ വേഗത്തിൽ പോകുന്ന സിനിമ പിന്നീടങ്ങോട്ട് കുതിക്കുകയാണ്. ഇത്തരം സിനിമകളിൽ പ്രേക്ഷകനിൽ ആവേശം നിറച്ച് സിനിമയുടെ ഹൈലൈറ്റ് അകേണ്ടുന്ന ക്ലൈമാക്സിനോട് അടുത്തു വരുന്ന പ്രതികാര രംഗങ്ങൾ വിസ്താര ഭയത്താൽ തികഞ്ഞ ലാഘവത്തോടെ, ധൃതിയിൽ കടും വെട്ട് വെട്ടി ട്രിം ചെയ്തിരിക്കുന്നു. അത് കൊണ്ട് തന്നെ അവസാന രംഗങ്ങൾ പ്രേക്ഷകനിൽ യാതൊരു ഇംപാക്റ്റും ഉണ്ടാക്കാതെ കടന്നു പോകുന്നു.

    മോഹൻലാലും, മരക്കാറും
    മോഹൻലാൽ എന്ന താരത്തിന്റെ വിപണന മൂല്യം മാത്രം മുന്നിൽ കണ്ടാണ് അദ്ദേഹത്തെ ഈ സിനിമയുടെ ടൈറ്റിൽ ക്യാരക്റ്ററായി കാസ്റ്റ് ചെയ്തതെന്ന് പകൽ പോലെ വ്യക്തം. എങ്കിലും അദ്ദേഹത്തിന് പെർഫോം ചെയ്യാനോ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ ആരാധകർക്ക് ഒരു തവണയെങ്കിലും കയ്യടിക്കാനോ, വിസിലടിക്കോ തക്ക വണ്ണം എന്തെങ്കിലും ഈ സിനിമയിൽ ഉൾപ്പെടുത്താമായിരുന്നില്ലേ, കൂട്ടുകാരാ ? ചുമ്മാ ഒരു നിഴൽ സാന്നിദ്ധ്യമാക്കാനായിരുന്നെങ്കിൽ മരക്കാറായി ബാബു ആന്റണിയെയോ മറ്റോ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ അവർ ഇതിലും വൃത്തിയായി ആ കർമ്മം നിർവഹിച്ചേനെ.

    ഇനി ലാലേട്ടന്റെ അഭിനയത്തിലേക്ക്. സാധാരണ സ്ക്രീനിൽ കഥാപാത്രമായി ജീവിച്ചു കാണിക്കുന്ന ലാലേട്ടൻ തനിയ്ക്ക് പെർഫോം ചെയ്യാൻ സ്കോപ്പ് ഇല്ലാത്ത സിനിമകളിൽ വോൾട്ടേജ് പോയ ട്യൂബ് ലൈറ്റ് പോലെ യാന്ത്രികമായി അഭിനയിച്ചു പോകുന്നത് കഴിഞ്ഞ കുറേ വർഷമായി (കൃത്യമായി പറഞ്ഞാൽ ശ്രദ്ധ (2000) എന്ന സിനിമ മുതൽ) കണ്ട് വരുന്ന വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. അത്തരത്തിൽ ആരുടെയൊക്കെയോ നിർബന്ധത്താൽ ഉഴപ്പി അഭിനയിക്കുന്ന ലാലേട്ടനെയാണ് ഈ സിനിമയിലുടനീളം കാണാൻ കഴിഞ്ഞത്. ഈ സിനിമ സമ്മാനിച്ച ഏറ്റവും വലിയ വേദനയും അതായിരുന്നു. മോഹൻലാലിന്റെ ഉള്ളിലുള്ള നടനെ മരക്കാർ എന്ന സിനിമയും, മരക്കാർ എന്ന കഥാപാത്രവും ഒരു തരത്തിലും ഉദ്ദീപിപ്പിച്ചിരുന്നില്ല എന്ന് വേണം കരുതാൻ.

    വിലയിരുത്തൽ
    മോഹൻലാൽ ആരാധകർക്ക് കടുത്ത നിരാശയും, കുടുബ പ്രേക്ഷകർക്ക് കൊച്ചു സന്തോഷവും സമ്മാനിക്കുന്ന, തീയറ്ററിൽ പോയി ഒരു വട്ടം കാണാവുന്ന ഒരു പിരിയഡ് ഡ്രാമ. അതാണ് മരക്കാർ എന്ന സിനിമ.

    റേറ്റിങ്ങ് : 6/10
    വാൽക്കഷ്ണം : സിദ്ധാർത്ഥ് പ്രിയദർശൻ ലോഞ്ച്ഡ്...മിഷൻ അക്കംബ്ളിഷ്ഡ്…ഓവർ
     
    vishnu dev likes this.

Share This Page